ദോഹ: ഗൾഫ് പ്രതിസന്ധി നീളുന്നത് മേഖലയിൽ ഗുരുതരമായ പ്രത്യാഘാതത്തിന് കാരണമാകുമെന്ന് കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അസ്സ്വബാഹ്. കുവൈത്ത് പാർലമെൻറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് മൂന്നാം കക്ഷിയല്ല. ഇരു വിഭാഗങ്ങൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കാനാണ് നാം ശ്രമിക്കുന്നത്. ഈ പ്രതിസന്ധി നീണ്ടാൽ ജി.സി.സിയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്ന കാര്യത്തിൽ സംശയമില്ല. ജി.സി.സിയുടെ തകർച്ച ഗൾഫ് മേഖലയെ ഛിന്നഭിന്നമാക്കുമെന്നും കുവൈത്ത് അമീർ അഭിപ്രായപ്പെട്ടു.
പ്രതിസന്ധി നീളുന്നതിനെ രൂക്ഷമായ ഭാഷയിലാണ് കുവൈത്ത് അമീർ വിമർശിച്ചത്. അറബ് സഹകരണത്തിെൻറ തകർച്ചയുടെ അവസാനത്തെ ആണിക്കല്ലായിരിക്കും അത് എന്നാണ് ശൈഖ് സ്വബാഹ് വിശേഷിപ്പിച്ചത്. ജി.സി.സി അംഗ രാജ്യങ്ങൾക്കിടയിലെ ഭിന്നിപ്പ് കുറച്ചുകൊണ്ടുവരാനാണ് നാം ശ്രമിക്കുന്നത്. അകൽച്ച കൂട്ടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചേ പററൂ. ജി.സി.സിയെ തകരാതെ കാക്കാനുള്ള ശ്രമമാണ് കുവൈത്തിെൻറ ഭാഗത്ത് നിന്നുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്തിെൻറ മാധ്യസ്ഥ ശ്രമത്തെ എല്ലാവരും പ്രശംസിച്ചതായി അമീർ അഭിപ്രായപ്പെട്ടു. ഗൾഫ് കൂട്ടായ്മ തകർത്താൽ വരും തലമുറ നമുക്ക് മാപ്പ് നൽകില്ലെന്ന കാര്യം എല്ലാവരും ഓർക്കണമെന്ന് ശൈഖ് സ്വബാഹ് മുന്നറിയിപ്പ് നൽകി. കുവൈത്ത് പാർലമെൻറിെൻറ പതിനഞ്ചാമത് സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത ഡിസംബറിലാണ് പതിവ് രീതിയനുസരിച്ച് കുവൈത്തിൽ ജി.സി.സി ഉച്ചകോടി നടക്കേണ്ടത്. അതിന് മുമ്പ് വിവിധ മന്ത്രി തല യോഗങ്ങൾ ചേർന്ന് ജി.സി.സിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുമുണ്ട്. നിലവിലെ സാഹചര്യത്തിൽ നിശ്ചിത സമയത്ത് ഏതായാലും ഉച്ചകോടി നടത്താൻ കഴിയില്ലെന്ന് ജി.സി.സിയിലെ പ്രമുഖ അംഗമായ സൗദി അറേബ്യൻ ഭരണാധികാരി സൽമാൻ രാജാവിനെ കുവൈത്ത് അമീർ കഴിഞ്ഞ ദിവസം റിയദിൽ എത്തി അറിയിച്ചിരുന്നു. എന്നാൽ ജി.സി.സി നിശ്ചിത സമയത്ത് നടത്തുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് ഖത്തർ മുന്നോട്ട് വെച്ചത്.
ഉച്ചകോടി ചേർന്നാൽ നിലവിലെ പ്രതിസന്ധി ചർച്ച ചെയ്യാമെന്ന കണക്കുകൂട്ടലാണ് ഖത്തറിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.