ദാവോസിൽ നടന്ന ലോകസാമ്പത്തിക ഫോറത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി സംസാരിക്കുന്നു
ദോഹ: ഗസ്സയിലെ വെടിനിർത്തൽ ഉടമ്പടി മേഖലയെ സുസ്ഥിരതയിലേക്കും ശാശ്വത സമാധാനത്തിലേക്കും നയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോകസാമ്പത്തിക ഫോറത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഗസ്സ മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ നിർണായക പങ്കു വഹിച്ച ഖത്തർ പ്രധാനമന്ത്രി.
‘മധ്യപൂർവേഷ്യൻ മേഖലയെ സംബന്ധിച്ച് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു 2024. ഒരുപാട് മനുഷ്യ ജീവൻ നഷ്ടമാവുകയും സംഘർഷം പടരുകയും ചെയ്തു. എന്നാൽ, വലിയ പ്രതീക്ഷകൾ നൽകുന്ന വാർത്തകളാണ് 2025ൽ. ലബനാനിൽ രണ്ടുവർഷത്തെ ഇടവേളക്കു ശേഷം പുതിയ പ്രസിഡന്റ് വന്നു, സിറിയയുടെ ദുരിതത്തിന് അവസാനം കുറിച്ച് ഭരണമാറ്റം സംഭവിക്കുകയും പുതിയ രാഷ്ട്ര നേതൃത്വം അധികാരത്തിൽ വരികയും ചെയ്തു. ഗസ്സയിലെ രക്തരൂക്ഷിതമായ ആക്രമണങ്ങൾക്കും വിരാമം കുറിക്കാനായി എന്ന നിലയിൽ പ്രതീക്ഷ നൽകുന്നതാണ് പുതുവർഷം -വിവിധ വിദേശകാര്യമന്ത്രിമാരും നയതന്ത്ര വിദഗ്ധരും പങ്കെടുത്ത പാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി വിശദീകരിച്ചു.
15 മാസത്തെ യുദ്ധത്തിന് അവസാനം കുറിച്ച വെടിനിർത്തൽ കരാറിലേക്കുള്ള ശ്രമങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെയും ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു.
ഫലസ്തീൻ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ദ്വിരാഷ്ട്ര ഫോർമുലക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപും പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിലെത്തിക്കാൻ അമേരിക്കൻ ഭരണകൂടം കാര്യക്ഷമമായ ഇടപെടലുകൾ തന്നെ നടത്തിയിരുന്നു. ഈജിപ്തിന്റെയും പങ്കാളിത്തം അഭിനന്ദനാർഹമാണ്. വെടിനിർത്തൽ കരാർ പൂർണമായും പ്രാബല്യത്തിൽ വരികയും മേഖലയിലെ സംഘർഷം അവസാനിപ്പിക്കുമെന്നും പ്രത്യാശ പ്രകടിപ്പിക്കുന്നു. കരാർ പ്രാബല്യത്തിൽ വരുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ഗസ്സയിലെ ജനങ്ങൾക്കുള്ള സഹായ പ്രവാഹവും ബന്ദികളുടെ മോചനവും ഇത് അടയാളപ്പെടുത്തുന്നു’ -പ്രധാനമന്ത്രി വ്യക്തമാക്കി.
‘കരാർ രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് പ്രവേശിക്കുകയും ഒടുവിൽ ശാശ്വത വെടിനിർത്തലിലേക്ക് നീങ്ങുമെന്നും ഉറപ്പുണ്ട്. നിബന്ധനകൾ നടപ്പാലാക്കാനും, ലംഘനങ്ങളില്ലെന്ന് ഉറപ്പാക്കാനും മധ്യസ്ഥർ സൂക്ഷ്മമായി നിരീക്ഷിക്കും. 2023 ഡിസംബറിലെ കരാർ നിർദേശങ്ങൾ തന്നെയാണ് ഇത്തവണ ഇരു കക്ഷികളും അംഗീകരിച്ച് പ്രാബല്യത്തിൽ വരുന്നത് -അദ്ദേഹം വിശദീകരിച്ചു.
യുദ്ധം പൂർണമായും അവാസാനിക്കുന്നതോടെ ഫലസ്തീൻ അതോറിറ്റി ഗസ്സയുടെ ഭരണ ചുമതലയിലേക്ക് വരുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ‘ഫലസ്തീനികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന സർക്കാറിനെ നമുക്ക് പ്രതീക്ഷിക്കാം’ -അദ്ദേഹം പറഞ്ഞു. സിറിയയിൽ അധികാരം വിട്ടൊഴിഞ്ഞ മുൻ ഭരണാധികാരിയുടെ നയങ്ങളെ വിമർശിച്ച പ്രധാനമന്ത്രി, പുതിയ ഭരണകൂടത്തിന്റെ നയസമീപനങ്ങളെ പ്രശംസിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ജനങ്ങളെയും പ്രതിനിധീകരിക്കുന്ന സർക്കാർ രൂപീകരിക്കാൻ സിറിയക്ക് അവസരം നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘സിറിയയുടെ ഭാവിയെ കുറിച്ച് ഒരു സമഗ്ര രൂപരേഖ ആവശ്യമാണ്. ആ രാജ്യത്തിന്റെ മാത്രമല്ല, മേഖലയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സ്ഥിരതക്ക് ഇത് അത്യാവശ്യമാണ്. സിറിയൻ ജനതയുടെ സഹനവും പ്രശംസനീയമാണ്. അഭയാർഥികളായി ജീവിച്ച ഇടങ്ങളിൽ അവർ നൽകിയ സംഭാവനകൾ ശ്രദ്ധേയമായിരുന്നു’ -ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.