ഡോ. മാജിദ് അൽ അൻസാരി

ഗസ്സയിൽ വെടിനിർത്തൽ: രണ്ടാംഘട്ട മധ്യസ്ഥ ശ്രമങ്ങൾ ഊർജിതമാക്കുന്നു -ഖത്തർ

​ദോഹ: ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ട മധ്യസ്ഥ ശ്രമങ്ങൾ കൈവരിക്കുന്നതാനായി മധ്യസ്ഥ രാഷ്ട്രങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി. ഗസ്സയിലെ മാനുഷിക ദുരന്തം പ്രകൃതിദത്തമല്ലെന്നും മനുഷ്യനിർമിതമാണെന്നും അദ്ദേഹം വിമർശിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങൾ തടയുന്നതും റഫ അതിർത്തി തുറക്കാൻ വൈകുന്നതും ഓരോ ദിവസവും കൂടുതൽ ദുരിതപൂർണമാക്കുന്നു. ഏതെങ്കിലും ചർച്ചകളിലോ കരാറുകളിലോ മാനുഷിക സഹായത്തെ ഒരു വിലപേശൽ ഉപകരണമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഖത്തർ വ്യക്തമാക്കി. രണ്ടാംഘട്ട കരാറിലൂടെ കൂടുതൽ സഹായങ്ങൾ ഗസ്സയിൽ എത്തിക്കാനും റഫ അതിർത്തിയിലൂടെയുള്ള യാത്ര സുഗമമാക്കാനും ശ്രമിക്കുന്നുണ്ട്.

മധ്യസ്ഥ ശ്രമങ്ങൾക്കായി ഈജിപ്തുമായും യു.എസുമായും ഏകോപിപ്പിച്ച് ഖത്തർ വിവിധ തലങ്ങളിൽ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കരാറിന്റെ ആദ്യ ഘട്ടം നടപ്പാക്കുന്നതിൽ കൈവരിച്ച പുരോഗതി എടുത്തുപറഞ്ഞ മജിദ് അൽ അൻസാരി, രണ്ടാംഘട്ട മധ്യസ്ഥ ശ്രമങ്ങളിലേക്ക് ചർച്ചകളിലേക്ക് കടക്കാൻ വൈകുന്നത് ഇസ്രായേൽ സർക്കാർ കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാംഘട്ടത്തിലെത്താൻ ഇരു കക്ഷികളിലും കൂടുതൽ സമ്മർദം ചെലുത്തണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

മേഖലയിലെ സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാൻ കഴിയുമെന്ന് ഖത്തർ വിശ്വസിക്കുന്നുവെന്നും, ഏതൊരു സൈനിക സംഘർഷവും മുഴുവൻ മേഖലക്കും വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരമമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിൽ സൈനികമായ സംഘർഷങ്ങൾ ഒഴിവാക്കാൻ ഖത്തർ വിവിധ അന്താരാഷ്ട്ര കക്ഷികളുമായി സമ്പർക്കം പുലർത്തുന്നു. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നാണ് ഖത്തറിന്റെ നിലപാട്. ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് മുൻഗണന നൽകിക്കൊണ്ട് ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും രാജ്യം സ്വീകരിക്കുന്നുണ്ടെന്നും മാജിദ് അൽ അൻസാരി വ്യക്തമാക്കി.  

Tags:    
News Summary - Gaza ceasefire: Second phase of mediation efforts intensify -Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.