ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി സംസാരിക്കുന്നു
ദോഹ: ഗസ്സയിലെ വെടിനിർത്തൽ കരാർ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്കാണ് ഖത്തർ ശ്രദ്ധയൂന്നുന്നതെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം.
ആദ്യഘട്ടം പ്രാബല്യത്തിൽ വന്ന് 16ാം ദിവസം മുതൽ രണ്ടാം ഘട്ടം സംബന്ധിച്ച ചർച്ചകൾക്ക് തുടക്കം കുറിക്കുമെന്നും ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യമന്ത്രാലയം വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി ദോഹയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ട കരാറിനുവേണ്ടിയുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ ഇരുഭാഗത്തുനിന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, വലിയ തോതിലുള്ള കരാര്‍ ലംഘനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ വ്യക്തമാക്കി. ഇസ്രായേൽ പക്ഷം ആവശ്യപ്പെട്ട ബന്ദികളിൽ ഒരാളായ എർബിൽ യെഹുദയുടെ മോചനം ഈയാഴ്ച സാധ്യമാകുമെന്നും, ഇതു സംബന്ധിച്ച് ഇരുപക്ഷവുമായി ധാരണയിലെത്തിയതായും മാജിദ് അൻസാരി പറഞ്ഞു.
ഫലസ്തീൻ പ്രശ്ന പരിഹാരത്തിന് ശാശ്വത പരിഹാരം ദ്വിരാഷ്ട്ര രൂപവത്കരണമാണെന്നും അദ്ദേഹം ആവർത്തിച്ചു.
ഗസ്സക്കാരെ ഈജിപ്തും ജോർഡനും ഏറ്റെടുക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിനാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നിലപാട് വ്യക്തമാക്കിയത്. ഖത്തറിന്റെ നിലപാട് വ്യക്തമാണ്. ഫലസ്തീന് ജനതക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കണം.
അതിനുള്ള ഏകമാര്‍ഗം ദ്വിരാഷ്ട്ര ഫോര്‍മുലയാണ്. പ്രശ്നപരിഹാരത്തിനായി ട്രംപ് ഭരണകൂടവുമായും ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഖത്തറിന്റെ നിലപാട് അവരെ അറിയിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.