മിൻസ മറിയം

നൊ​മ്പ​ര​പ്പൂ​വാ​യി മിൻസ; നാലുവയസ്സുകാരി മരിച്ചത് പിറന്നാൾദിനത്തിൽ

ദോഹ: നാലാം പിറന്നാളിന്‍റെ സന്തോഷത്തിൽ വീട്ടിൽനിന്ന് സ്കൂളിലേക്കു പോയ കൊച്ചുസുന്ദരിയുടെ ദാരുണാന്ത്യം അറിഞ്ഞ ഞെട്ടലിലായിരുന്നു ഖത്തറിലെ പ്രവാസലോകം. സ്കൂളിലേക്ക് കുട്ടികളെ പറഞ്ഞുവിടുന്ന രക്ഷിതാക്കൾ ഉൾപ്പെടെ എല്ലാവർക്കും നാലുവയസ്സുകാരി മിൻസ മറിയം കണ്ണീർവേദനയായി.

കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യ ചാക്കോയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മിൻസ. ഞായറാഴ്ചയായിരുന്നു നാലാം പിറന്നാൾ. തലേദിനം രാത്രിതന്നെ പിറന്നാൾ ആഘോഷിച്ച അവൾ, ഇരട്ടി സന്തോഷത്തിലായിരുന്നു അൽ വക്റയിലെ വീട്ടിൽനിന്ന് രാവിലെ സ്കൂളിലേക്കു പുറപ്പെട്ടത്. രണ്ടാം ക്ലാസുകാരിയായ ചേച്ചി മിഖ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയാണ്. മിൻസ സ്പ്രിങ് ഫീൽഡ് കിൻഡർഗാർട്ടനിൽ കെ.ജി ഒന്നിലും. സ്കൂളിലേക്കുള്ള യാത്രക്കിടയിൽ ഉറങ്ങിപ്പോയ കുട്ടി ബസിനുള്ളിലുള്ളത് അറിയാതെ ഡ്രൈവർ ഡോർ അടച്ച് പോയി. പിന്നീട് 11.30ഓടെ ബസ് എടുക്കാനായി ജീവനക്കാരൻ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡിസൈനറായി ജോലി ചെയ്യുന്ന പിതാവ് അഭിലാഷ് സ്കൂളിൽനിന്ന് ഫോൺ വിളിയെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉച്ചയോടെ ജോലിസ്ഥലത്തുനിന്ന് പുറപ്പെടുന്നത്. മകൾക്ക് സുഖമില്ലെന്നും ഉടൻ ഭാര്യയെയുംകൂട്ടി സ്കൂളിലെത്തണമെന്നായിരുന്നു സന്ദേശം. തിരക്കുപിടിച്ച് അദ്ദേഹം സ്കൂളിലെത്തുമ്പോഴേക്കും കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. വൈകാതെ മരണവും സ്ഥിരീകരിച്ചു.

10 വർഷം മുമ്പ് മറ്റൊരു ഇന്ത്യൻസ്കൂളിലും സമാനമായ ദുരന്തത്തിൽ മലയാളി വിദ്യാർഥി മരിച്ചിരുന്നു. തുടർന്ന് ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽതന്നെ സ്കൂളുകൾതോറും ജീവനക്കാർക്കും മാനേജ്മെന്‍റ് അംഗങ്ങൾക്കുമായി ബോധവത്കരണവും സജീവമായി. ഓരോ അധ്യയനവർഷത്തിലും ബോധവത്കരണം സജീവമാക്കിയെങ്കിലും വലിയ ദുരന്തം ആവർത്തിച്ചതിന്‍റെ ഞെട്ടലിലാണ് എല്ലാവരും.

സ്കൂൾ ബസുകളിൽനിന്ന് കുട്ടികൾ പൂർണമായും പുറത്തിറങ്ങിയെന്ന് ജീവനക്കാർ ഉറപ്പാക്കണമെന്നും ബസിലെ സീറ്റിനടിയിലോ മറ്റോ കുട്ടികൾ ഇരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിക്കാറുണ്ട്. ഇതിനിടയിലാണ് തിരുത്താനാവാത്ത ദുരന്തം ഒരു കുടുംബത്തിനും സുഹൃത്തുക്കൾക്കും രക്ഷിതാക്കൾക്കുമെല്ലാം തീരാവേദനയായത്. 

കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി -വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം

ദോ​ഹ: സ്കൂ​ൾ ബ​സി​ൽ ഉ​റ​ങ്ങി​പ്പോ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​റ്റ​ക്കാ​രെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​ക്കും ത​യാ​റ​ല്ല -മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബാ​ലി​ക​യു​ടെ മ​ര​ണ​ത്തി​ൽ അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും കു​ടും​ബ​ത്തി​ന്‍റെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - Four-year-old Minsa died on her birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.