ദോഹ: തൃശൂർ പൂരം നടന്ന് ആളും ആരവവും ഒഴിഞ്ഞ വേദിയിലേക്ക് മറ്റൊരു പൂരമെത്തുന്ന പോലെയാണ് ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബാളിനെ വരവേൽക്കുന്നത്. അടുത്ത വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ആഘോഷങ്ങളിലേക്കുള്ള തയാറെടുപ്പായി നറുക്കെടുപ്പ് മഹാമേളക്ക് വ്യാഴാഴ്ച വേദിയാവുന്നു.
കഴിഞ്ഞ 10 വർഷത്തിലേറെയായി ലോകകപ്പിനായി സ്റ്റേഡിയങ്ങൾ നിർമിച്ചും മെട്രോ പണിതും അന്താരാഷ്ട്ര നിലവാരത്തിലെ റോഡുകളും താമസ സമുച്ചയങ്ങൾ പണിതും വിശാലമായ വിമാനത്താവളം തയാറാക്കിയും കാൽപന്തുകളിയുടെ മഹാമാമാങ്കത്തെ ഗംഭീരമാക്കിയ മണ്ണിലേക്കാണ് വൻകരയുടെ മേളയെത്തുന്നത്. നവംബർ, ഡിസംബർ മാസത്തിൽ 14 ലക്ഷം കാണികളെത്തിയ ലോകകപ്പിനായി ഉപയോഗിച്ച അടിസ്ഥാന സൗകര്യങ്ങളെ അതേപടി ഏഷ്യാകപ്പിനും ഉപയോഗപ്പെടുത്താം എന്നതാണ് സംഘാടകർക്ക് സൗകര്യമായത്. ചൈനയിൽനിന്ന് മാറ്റിയ ഏഷ്യാ കപ്പിന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വേദിയൊരുക്കാൻ കഴിഞ്ഞതും അതുകൊണ്ടുതന്നെ.
ഖത്തറിലെത്തുന്ന ലോകോത്തര സംഗീതജ്ഞരുടെയും കലാകാരന്മാരുടെയും പ്രകടനങ്ങൾകൊണ്ട് ശ്രദ്ധേയമായ കതാറ ഒപേറ ഹൗസാണ് ഏഷ്യൻ കപ്പ് നറുക്കെടുപ്പിന്റെ വേദിയാവുന്നത്. നിർമാണത്തിൽ തന്നെയുണ്ട് അതിവിശിഷ്ടമായ കരവിരുത്. ആർകിടെക്ചറൽ വിസ്മയമായിമാറി ഒപേറ ഹൗസ് ഇസ്ലാമിക് ഡിസൈനിൽ കൂടിയാണ് നിർമിച്ചത്. അറബ് ലോകത്തും യൂറോപ്പിലും പ്രശസ്തമായ ഖത്തർ ഫിൽഹാർമോണിക് ഓർകസ്ട്രയുടെ ഹോം വേദിയുമാണ് ഇവിടം. നിരവധി അന്താരാഷ്ട്ര പ്രശസ്തരായ കലാകാരന്മാരുടെ പ്രകടനങ്ങൾക്കും ഇതിനിടയിൽ വേദിയായിട്ടുണ്ട്.
ഖത്തർ സമയം ഉച്ച രണ്ട് മണിക്ക് ആരംഭിക്കുന്ന നറുക്കെടുപ്പ് ചടങ്ങ് സമൂഹമാധ്യമ പേജിലൂടെ തത്സമയ സംപ്രേഷണം നടത്തും. എ.എഫ്.സി യൂട്യൂബ്, ഫേസ്ബുക്ക് പേജുകൾ വഴിയാണ് നറുക്കെടുപ്പ് ചടങ്ങ് സംപ്രേഷണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.