തനിക്ക് ‘ഗോഡ്ഫാദര്‍’മാരില്ല; ഇതുവരെ എത്തിയത് സ്വപ്രയത്നത്താല്‍-അനിതാ ഷെയ്ക്ക്

ദോഹ: മലയാള സിനിമയില്‍ സംഗീത സംവിധാനത്തിലൂടെ ഒരു സ്ത്രീ എന്ന നിലയില്‍ തന്‍െറ സാന്നിദ്ധ്യം അറിയാനുള്ള ശ്രമം യാഥാര്‍ഥ്യമായതിന്‍െറ ആഹ്ളാദത്തിലും ഗായികയായ അനിത ഷെയ്ഖിന് പറയാന്‍ ചിലതുണ്ട്. സംഗീതത്തിന്‍െറ വഴിയെ നടന്നലഞ്ഞതിന്‍െറ അനുഭവങ്ങളാണ് അതില്‍ പലയും.  ‘ഗോഡ്ഫാദര്‍’മാരില്ലാത്തതാണ് തങ്ങളെ പോലുള്ളവര്‍ക്ക് മതിയായ അര്‍ഹത കിട്ടുന്നതിന് തടസം നില്‍ക്കുന്ന  കാരണമെന്നും അവര്‍ തുറന്നുപറയുന്നു.

മീഡിയാവണ്‍ പതിനാലാം രാവിന്‍െറ സീസണ്‍ അഞ്ച് ഗ്രാന്‍റ് ഫിനാലെ ഫൈനല്‍ മല്‍സര വേദിയില്‍ അതിഥിയായി ഖത്തറില്‍ എത്തിയ അനിത ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. തന്നെ പ്രമോട്ട് ചെയ്യാന്‍ ‘വലിയ’  ആളുകളില്ല. അതേസമയം അവസരങ്ങളും കുറവാണ്. എന്നാല്‍ താന്‍ ഇതുവരെ അവസരങ്ങള്‍ ചോദിച്ച് നടന്നിട്ടില്ല. പാടാനായി വിളിച്ച് ചോദിക്കുകയോ ആരുടെയെങ്കിലും ശ്രദ്ധ പിടിച്ചുപറ്റാനായി ഇടിച്ച് മുന്നില്‍കയറുകയോ ചെയ്യാറില്ളെന്നും അനിതാ ഷെയ്ഖ് പറഞ്ഞു. അതേസമയം കഴിവും കഠിന പ്രയത്നവും ഉണ്ടെങ്കില്‍ എത്തേണ്ടിടത്ത് കുറച്ച് വൈകിയാണങ്കിലും എത്തുമെന്നതാണ് തന്‍െറ വിശ്വാസമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇവിടെ വരെയെങ്കിലും  എത്തിയത് സ്വപ്രയത്നം കൊണ്ടാണന്നും ആരുടെയും ശുപാര്‍ശ കൊണ്ടല്ളെന്നും വ്യക്തമായി പറയാന്‍ കഴിയും.  ഇതുവരെ മലയാളത്തില്‍ 25ലേറെ ചിത്രങ്ങളില്‍ പാടുകയും തെലുങ്ക്, തമിഴ്, പഞ്ചാബി, ഒറിയ, ഹിന്ദി തുടങ്ങിയ ചിത്രങ്ങളില്‍ പാടാന്‍ കഴിഞ്ഞ തനിക്ക് സംഗീത സംവിധാന രംഗത്ത് എത്തണമെന്നായിരുന്നു ആഗ്രഹം. അതിനായി നിരവധി ശ്രമങ്ങള്‍ നടത്തി. ആദ്യം രചനയും സംഗീതവും നിര്‍വഹിച്ച  ഓണപ്പാട്ടുകളും ‘സത്രംഗ്’ എന്ന ആല്‍ബവും എല്ലാം ഇതിന്‍െറ ഭാഗമായിരുന്നു.

ലെനിന്‍ രാജേന്ദ്രന്‍െറ പുറത്തിറങ്ങാന്‍ പോകുന്ന ‘പിമ്പെ നടപ്പവള്‍’ എന്ന സിനിമക്കായി റഫീക്ക് അഹമ്മദ് എഴുതിയ ‘മേലാകെ പൊന്നാല്‍ നിന്നെ മൂടൂല്ളേ...കണ്ണാലെ നീ മിണ്ടൂല്ളെ...’എന്ന വരികള്‍ക്കാണ് ഇശലിന്‍െറ താളത്തില്‍ അനിത സംഗീതം നല്‍കിയിരിക്കുന്നത്.  ‘ക്രോസ് റോഡ്’ എന്ന പേരില്‍ 10 ലഘു സിനിമകളുടെ കൂട്ടത്തിലാണ് ലെനിന്‍െറ ചിത്രവും തിയറ്ററില്‍ റിലീസിങിന് ഒരുങ്ങുന്നത്.  രഞ്ജിത്ത് സംവിധാനം ചെയ്ത  ‘റോക്ക് ആന്‍റ് റോളി’ലാണ് ആദ്യമായി പാടിയത്. തുടര്‍ന്ന് ഗോസ്റ്റ് ഹൗസ് ഇന്‍,  ടൊന്‍റി 20, പരുന്ത്, അയിന്‍, ബോഡിഗാര്‍ഡ് തുടങ്ങിയവയിലും പാടി ശ്രദ്ധേയായി. സൂഫി, ഹിന്ദുസ്ഥാനി സംഗീതം, ഗസല്‍ തുടങ്ങിയ മേഖലയിലും ആലാപനം നടത്തി പ്രതിഭ തെളിയിച്ച ഇവര്‍ സംഗീതാഭ്യാസനത്തിനായി ഇന്ത്യയില്‍ നടത്തിയ യാത്രകളും നിരവധിയായിരുന്നു. അതുമൂലം നേടിയ ഗുരുക്കന്‍മാരും അറിവുകളും തന്നെ സംബന്ധിച്ചിടത്തോളം മൂല്ല്യമുള്ളതായിരുന്നുവെന്നും പഠനം ഇപ്പോഴും തുടരുകയാണന്നും അനിത വ്യക്തമാക്കുന്നു. എന്നാല്‍ അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ ലഭിക്കുക സംഗീത രംഗത്ത്, പ്രത്യേകിച്ച് സിനിമയില്‍ വിഷമകരമാണന്നുള്ള സത്യം കൂടി അവര്‍ വെളിപ്പെടുത്തുന്നു. 

Tags:    
News Summary - Filim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.