ഗോൾഡൻ ബോൾ -മാത്യൂസ് മൈഡ്, ഗോൽഡൻ ബൂട്ട് -ജോഹന്നസ് മോസർ
ദോഹ: ഭാവിയിലെ താരങ്ങളെ വാർത്തെടുക്കുന്ന കൗമാര ഫുട്ബാൾ മേളക്ക് കൊടിയിറക്കം. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ആവേശകരമായ ഫൈനലിൽ ഓസ്ട്രിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി യുറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗൽ കിരീടത്തിൽ മുത്തമിട്ടു.
ഗോൽഡൻ ഗ്ലൗ -റൊമാരിയോ കുൻഹ
ആക്രമണവും പ്രത്യാക്രമണവും പ്രതിരോധവുംകൊണ്ട് ഇരു ടീമുകളും മത്സരത്തിലുടനീളം നിറഞ്ഞു കളിച്ചപ്പോൾ സ്റ്റേഡിയത്തിലെ ഗാലറികളെല്ലാം ആവേശത്തിമിർപ്പിലായിരുന്നു. നിറഞ്ഞുകവിഞ്ഞ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഫൈനലിനെത്തിയത് 38,901 ഫുട്ബാൾ ആരാധകരാണ്.
ഗ്രൂപ്പുഘട്ടത്തിൽ മൊറോക്കോയെയും ന്യൂ കാലിഡോണിയയെും ആറ് ഗോളിന് കീഴടക്കി ഗംഭീര തുടക്കമിട്ട പറങ്കിപ്പട ജപ്പാനോട് പരാജയം രുചിച്ചു. എന്നാൽ, പിന്നീടങ്ങോട്ട് പോർചുഗൽ പതറിയില്ല.
ബെൽജിയത്തെയും മെക്സികോയെയും തോൽപിച്ച് ക്വാർട്ടറിലേക്ക് കടന്ന പോർചുഗൽ സ്വിറ്റ്സർലൻഡിനെയും പരാജയപ്പെടുത്തി.
സെമിയിൽ കരുത്തരായ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിലും തളച്ചാണ് പോർചുഗൽ ഓസ്ട്രിയയെ പിടിച്ചുകെട്ടിയത്. ഫൈനലിൽ ഓസ്ട്രയയുടെ ആക്രമണങ്ങളെ പ്രതിരോധക്കോട്ട തീർത്ത് തടഞ്ഞ പോർചുഗൽ, മറുഭാഗത്ത് അവസരങ്ങൾ മുതലെടുത്ത് ഗോൾ ലക്ഷ്യമാക്കി മുന്നേറ്റവും നടത്തി.
അനിസിയോ കബ്രാൾ ആണ് പോർചുഗലിനുവേണ്ടി വിജയഗോൾ കണ്ടെത്തിയത്. ഒടുവിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ പോർചുഗൽ തങ്ങളുടെ കന്നി കിരീടം ഉറപ്പാക്കുകയായിരുന്നു. ലോകകപ്പിലുടനീളം തോൽവിയറിയാതെ ഫൈനലിൽ എത്തിയ ഓസ്ട്രിയ ഒടുവിൽ, പറങ്കിപ്പടയുടെ മുന്നിൽ കീഴടങ്ങി. അതേസമയം, ലൂസേഴ്സ് ഫൈനലിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഇറ്റലി പരാജയപ്പടുത്തി. അതേസമയം, 17 ടൂർണമെന്റിലുടനീളം ആകെ 326 ഗോളുകളാണ് പിറന്നത്. എട്ട് ഗോളുകൾ നേടി ഓസ്ട്രിയയുടെ ജോഹന്നസ് മോസർ ടൂർണമെന്റിലെ ടോപ് സ്കോററായി. ഗോൾഡൻ ബോൾ പുരസ്കാരം പോർചുഗലിന്റെ മാത്യൂസ് മൈഡും ഗോൽഡൻ ഗ്ലൗ റൊമാരിയോ കുൻഹയും ഗോൽഡൻ ബൂട്ട് ജോഹന്നസ് മോസറും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.