ബ്രസീൽ താരങ്ങളുടെ ആഹ്ലാദം
ദോഹ: അണ്ടർ 17 ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ നാടകീയമായ പെനാൽറ്റി ഷൂട്ടൗട്ടിൽ തളച്ച് ബ്രസീൽ. ടൂർണമെന്റിലുടനീളം കാനറിപ്പടയുടെ കാവൽക്കാരൻ ജാവോ പെഡ്രോ വൻ മതിലായി ബ്രസീലിന് പ്രതിരോധം തീർക്കുകയായിരുന്നു. കളിക്കിടെ ഫ്രാൻസിന് ലഭിച്ച പെനാൽറ്റി ഷൂട്ടൗട്ടും പെനാൽറ്റിയിൽ രണ്ടു ഷോട്ടുകളുമാണ് ജാവോ തടഞ്ഞിട്ടത്. നോക്കൗട്ട് മത്സരത്തിൽ റെഡ് കാർഡ് വഴങ്ങി 10 പേരായി ചുരുങ്ങിയിട്ടും പരാഗ്വേക്കെതിരെ പ്രതിരോധം തീർത്ത് ബ്രസീലിന്റെ നെടുംതൂണായതും ഗോൾകീപ്പർ ജാവോ പെഡ്രോയായിരുന്നു.
ഉസ്ബെക്കിസ്താനെതിരെ ഗോൾ നേടിയ ഇറ്റലി താരങ്ങളുടെ ആഹ്ലാദം
നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി പിരിയുകയായിരുന്നു. 33ാം മിനിറ്റിൽ ഹിംബർട്ട് ഫ്രാൻസിനു ആദ്യ ഗോൾ നേടിക്കൊടുത്തു. പിന്നീട് ഗോളുകളൊന്നും കണ്ടെത്താനാകാതെ നിന്നിരുന്ന ബ്രസീലിന് സമനില ഗോൾ ആവസാന നിമിഷം ടവാരെസ് (89) കണ്ടെത്തുകയായിരുന്നു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടപ്പോൾ, അബ്ദുൽയെ കാമാറയുടെ ആദ്യത്തെ ഷോട്ട് തന്നെ തടഞ്ഞ് ജാവോ പെഡ്രോ ഫ്രാൻസ് താരങ്ങളുടെ സമ്മർദമേറ്റുകയായിരുന്നു. തുടർന്ന് മിലാൻ ലെസെസ് അടിച്ച അഞ്ചാമത്തെ ഷോട്ടും ജാവോ പെഡ്രോ തന്റെ കൈകളിൽ സുരക്ഷിതമാക്കി ബ്രസീലിന് വിജയമുറപ്പാക്കി. അതേസമയം, മെക്സിക്കോയെ എതില്ലാത്ത അഞ്ചുഗോളിന് തളച്ച് (5-0) പോർച്ചുഗൽ ക്വാർട്ടറിലേക്ക് പ്രവേശിച്ചു. നോക്കൗട്ട് റൗണ്ടിൽ കരുത്തരായ അർജന്റീനയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ അട്ടിമറിച്ച മെക്സിക്കോ ഏറെ പ്രതീക്ഷയോടെയാണ് പോർച്ചുഗലിനെതിരെ ബൂട്ടുകെട്ടിയതെങ്കിലും തുടക്കത്തിൽ, ലഭിച്ച ചുവപ്പു കാർഡും പോർച്ചുഗലിന്റെ കടന്നാക്രമണത്തിനും മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 15ാം മിനിറ്റിൽ ക്യാപ്റ്റൻ റാഫേൽ ക്വിന്റാസ് ആണ് പോർച്ചുഗലിനുവേണ്ടി സ്കോറിങ് ആരംഭിച്ചത്.
ഗോൾ കീപ്പർ ജാവോ പെഡ്രോ
എന്നാൽ, 20 മിനിറ്റുകൾക്കു ശേഷം ജോസ് നവാരോ ചുവപ്പ് കാർഡ് ലഭിച്ചതോടെ പോർച്ചുഗൽ അനയാസ ജയം ഉറപ്പാക്കുകയായിരുന്നു. നോക്കൗട്ട് റൗണ്ടിൽ ബെൽജിയത്തിനെതിരെ രണ്ടുഗോൾ നേടിയ അനിസിയോ കാബ്രൾ തുടർന്ന് 48ാം മിനുറ്റിൽ പോർച്ചുഗലിനു വേണ്ടി രണ്ടാമത്തെ ഗോൾ നേടി. ടൂർണമെന്റിലെ തന്റെ ആറാമത്തെ ഗോൾ ആണ് അനിസിയോ കാബ്രൾ നേടിയത്.
അവസാന പത്ത് മിനിറ്റിൽ സീഗ (81), മിഗ്വൽ ഫിഗ്യൂറെഡോ (83), യോവാൻ പെരിയേര (85) എന്നിവർ തുടരെ തുടരെ ഗോളുകൾ നേടി വിജയത്തിന്റെ തിളക്കം കൂട്ടി. ജോവോ അരഗാവോയെ വൈൽഡ് ടാക്കിളിൽ വീഴ്ത്തിയതിന് മെക്സിക്കോയുടെ ലോപ്പസിന് രണ്ടാമത്തെ ചുവപ്പ് കാർഡ് ലഭിച്ചു.
തോമസ് കാമ്പാനിയല്ലോയുടെ ഇരട്ട ഗോളിന്റെ മികവിൽ ഏഷ്യൻ കരുത്തരായ ഉസ്ബെക്കിസ്താനെതിരെ ഇറ്റലിയും (3-2) ജയം സ്വന്തമാക്കി. 19ാം മിനിറ്റിൽ ഇറ്റാലിയൻ സ്ട്രൈക്കർ ആദ്യ ഗോൾ നേടി. എന്നാൽ ഇടവേളക്കു ശേഷം മികച്ച പ്രകടനം പുറത്തെടുത്ത ഉസ്ബെക്കിസ്താൻ അമിർഖോൺ മുറദോവിന്റെ ആദ്യഗോളിൽ സമനില നേടി പ്രതീക്ഷ നൽകി. എന്നാൽ, അധികം ആയുസ്സുണ്ടായിരുന്നില്ല, കാമ്പാനിയല്ലോ തന്റെ രണ്ടാമത്തെ ഗോളും മിനിറ്റുകൾക്കു ശേഷം ദൗദ ഇദ് രിസയും തുടർച്ചയായി ഉസ്ബെക്കിസ്താന്റെ വല കുലുക്കി ഇറ്റലുയുടെ വിജയമുറപ്പാക്കി.
നോക്കൗട്ട് റൗണ്ടിൽ ജർമനിക്കെതിരെ അട്ടിമറി വിജയം നേടിയ കരുത്തുമായെത്തിയ ബുർക്കിന ഫാസോ അരങ്ങേറ്റക്കാരായ യുഗാണ്ടയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ (5-3) ന് യുഗാണ്ടെയെ തളച്ച ബുർക്കിന ഫാസോ ക്വാർട്ടറിൽ ഇറ്റലിയെ നേരിടും. അരങ്ങേറ്റക്കാരായ അയർലൻഡിനെതിരെ സ്വിറ്റ്സർലൻഡിന് (3-1) ന്റെ വിജയം. കളിയുടെ ആദ്യ പകുതി സമനിലയിൽ ഇരു കൂട്ടരും പിരിയുകയായിരുന്നു. തുടർന്ന് അഡ്രിയൻ ലൂക്ക്സ് (57), സാൻഡ്രോ വൈസ് (69), മിജാജ്ലോവിക് (86) എന്നിവരാണ് സ്വിറ്റ്സർലൻഡിന് വിജയം നേടിക്കൊടുത്തത്. ക്വാർട്ടറിൽ പോർച്ചുഗൽ സ്വിറ്റ്സർലാൻഡിനെ നേരിടും. ഉത്തര കൊറിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജപ്പെടുത്തി ജപ്പാൻ ക്വാർട്ടറിൽ പ്രവേശിച്ചു. നിശ്ചിതസമയത്ത് ഓരോ ഗോൾ നേടി ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു.
അതേസമയം, കരുത്തരായ ഇംഗ്ലണ്ടിനെ എതിരില്ലത്ത നാല് ഗോളിന് പരാജയപ്പെടുത്തി ഓസ്ട്രിയയും മാലിയെ പരാജയപ്പെടുത്തി മൊറോക്കോയും ക്വാർട്ടറിൽ സ്ഥാനമുറപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.