അണ്ടർ 17 ലോകകപ്പ് മത്സരങ്ങളുടെ വേദിയായ ആസ്പയർ സോൺ
ദോഹ: നവംബർ മൂന്ന് മുതൽ 27 വരെ ഖത്തർ വേദിയൊരുക്കുന്ന അണ്ടർ 17 ഫിഫ ലോകകപ്പ് ടൂർണമെന്റിലെ മത്സരങ്ങൾക്ക് ആസ്പയർ സോൺ വേദിയാകും. ഫൈനൽ ഒഴികെ മുഴുവൻ മത്സരങ്ങളും ആസ്പയർ സോണിലെ വിവിധ ഗ്രൗണ്ടുകളിലായാണ് നടക്കുന്നത്. നവംബർ 27ന് നടക്കുന്ന കിരീടപ്പോരാട്ടത്തിന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയവും വേദിയാകും.
കൗമാര ഫുട്ബാൾ ലോകത്തെ 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ നറുക്കെടുപ്പ് മേയ് അവസാന വാരം ദോഹയിൽ പൂർത്തിയായിരുന്നു. ടീം മാനേജർമാർ, താരങ്ങൾ, ഫുട്ബാൾ ഒഫിഷ്യലുകൾ എന്നിവർ പങ്കെടുത്ത ചടങ്ങിലായിരുന്നു നറുക്കെടുപ്പ് നടന്നത്.
ഖത്തറിന്റെ ലോകോത്തര നിലവാരത്തിലെ ഫുട്ബാൾ നഴ്സറിയായ ആസ്പയർ സോൺ ടൂർണമെന്റിന്റെ മുഴുവൻ മത്സരങ്ങൾക്കും വേദിയാകുമെന്ന് പ്രാദേശിക സംഘാടകസമിതി എക്സിക്യൂട്ടിവ് ഡയറക്ടർ റാഷിദ് അൽ ഖാതിർ പറഞ്ഞു. ഒരു ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം ആരാധകർക്ക്, ഒരൊറ്റ ഫാൻസോണിൽ ഉത്സവാന്തരീക്ഷത്തോടെയുള്ള ലോകകപ്പ് മത്സരങ്ങൾക്കാണ് ഇത്തവണ ഖത്തർ വേദിയൊരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു മേഖലയിൽതന്നെ ഒരുപിടി ഫുട്ബാൾ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഇതുവഴി കഴിയും.
ഗ്രൂപ് ‘എ’യിൽ ആതിഥേയരായ ഖത്തറും യൂറോപ്യൻ കരുത്തരായ ഇറ്റലിയും തമ്മിലാവും ഉദ്ഘാടന മത്സരം. ദക്ഷിണാഫ്രിക്ക, ബൊളീവിയ ടീമുകളാണ് ഈ ഗ്രൂപ്പിൽ ശേഷിക്കുന്നവർ. 12 ഗ്രൂപ്പുകളിലായാണ് ആദ്യ ഘട്ട മത്സരങ്ങൾ. 48 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ 104 മത്സരങ്ങൾ അരങ്ങേറും. ആദ്യ ദിനത്തിൽതന്നെ ജപ്പാൻ-മൊറോക്കോ, ന്യൂകാലിഡോണിയ -പോർചുഗൽ, ദക്ഷിണാഫ്രിക്ക-ബൊളീവിയ മത്സരങ്ങളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.