കൈനിറയെ സമ്മാനത്തുക
13.2 കോടി റിയാൽ; റെക്കോഡ് സമ്മാനത്തുകയുമായി അറബ് കപ്പ്
ദോഹ: അറബ് ഫുട്ബാളിന്റെയും, ഐക്യത്തിന്റെയും ആഘോഷമായ ഫിഫ അറബ് കപ്പ് ഫുട്ബാളിലെ ജേതാക്കളെ കാത്തിരിക്കുന്ന റെക്കോഡ് സമ്മാനത്തുക. ടൂർണമെന്റിലെ ജേതാക്കൾ ഉൾപ്പെടെ ടീമുകൾക്കായി 13.2 കോടി റിയാൽ (300 കോടി രൂപയിലധികം) ആണ് സമ്മാനമായി ലഭിക്കുക. മേഖലയിലെ ഫുട്ബാൾ ടൂർണമെന്റുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഫിഫ അറബ് കപ്പിൽ സമ്മാനിക്കുക. ജേതാക്കൾ, റണ്ണേഴ്സ് അപ്പ്, മൂന്നാം സ്ഥാനക്കാർ, വിവിധ ഘട്ടങ്ങളിലായി പങ്കെടുത്തവർ ഉൾപ്പെടെയുള്ള ആകെ പ്രതിഫലമാണ് പ്രഖ്യാപിച്ചത്. പതിറ്റാണ്ടു മുമ്പ് നിലച്ചുപോയ അറബ് കപ്പിനെ 2021ൽ ഖത്തർ ആതിഥേയത്വം വഹിച്ചാണ് പുനരുജ്ജീവിപ്പിച്ചത്.
അറബ് കപ്പ് ഭാഗ്യചിഹ്നമായി ജുഹ
ദോഹ: മേഖലയിലെ ഫുട്ബാൾ ആരാധകരുടെ ആവേശമായ ഫിഫ അറബ് കപ്പിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി ജുഹായെ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി നേരത്തേ പുറത്തിറക്കിയിരുന്നു.
അറബ് സാഹിത്യ ചരിത്രത്തിലെ ജനപ്രിയ കഥാപാത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഭാഗ്യ ചിഹ്നമായി ജുഹായെ തിരഞ്ഞെടുത്തത്.
വിചിത്രമായ, തമാശ പറയുന്ന കഥാപാത്രമായാണ് ജുഹായെ പലപ്പോഴും ചിത്രീകരിക്കുന്നത്. അറബ് ലോകത്തെ തലമുറകൾക്കിടയിൽ വളരെ പ്രചാരമുള്ളതാണ് ജുഹായുടെ കഥകൾ.
അറബ് ലോകത്തെ ആരാധകരെ വീണ്ടും ഒരുമിപ്പിക്കുകയും മേഖലയിലെ ഊർജസ്വലമായ സംസ്കാരത്തിന്റെയും ഫുട്ബാളിനോടുള്ള അഭിനിവേശത്തിന്റെയും സവിശേഷമായ ആഘോഷമാവുകയും ചെയ്യുന്ന ഫിഫ അറബ് കപ്പിന്റെ ആഘോഷങ്ങളിൽ പ്രിയപ്പെട്ട കഥാപാത്രം വീണ്ടും അണിചേരും.
ടിക്കറ്റ് നിരക്കുകൾ 25 റിയാൽ മുതൽ
ദോഹ: ഫിഫ അറബ് കപ്പിന്റെ ടിക്കറ്റ് നിരക്കുകൾ 25 റിയാൽ മുതലാണ് ആരംഭിക്കുന്നത്. ഗ്രൂപ് ഘട്ടത്തിൽ 'ഫോളോ മൈ ടീം' ടിക്കറ്റും ആരാധകർക്ക് വാങ്ങാം. മത്സരത്തിലുടനീളം, ആരാധകർക്കായി വിവിധ വിനോദ പരിപാടികളും സാംസ്കാരിക പ്രവർത്തനങ്ങളും ഒരുക്കും.
എല്ലാ ടിക്കറ്റുകളും ഡിജിറ്റൽ രൂപത്തിലായിരിക്കും ലഭിക്കുക. www.roadtoqatar.qa എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ, ഭിന്നശേഷി ആരാധകർക്കായി പ്രവേശന സൗകര്യമുള്ള ഇരിപ്പിട ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശന സൗകര്യമുള്ള ഇരിപ്പിടങ്ങൾ ആവശ്യപ്പെടുന്ന ഭിന്നശേഷിക്കാർക്ക് accessibility.tickets@sc.qa എന്ന ഇ മെയിലിലേക്ക് ആവശ്യമുന്നയിച്ച് സന്ദേശം അയക്കാം. കൂടാതെ, ടിക്കറ്റ് എടുത്തവർക്ക് പ്രസ്തുത ദിവസങ്ങളിലെ മെട്രോ യാത്ര സൗജന്യമാണ്.
സ്റ്റേഡിയങ്ങളിലേക്ക് മെട്രോ സ്റ്റേഷനുകളിൽനിന്ന് കാൽനടയായി എളുപ്പമെത്താം. ഫുട്ബാൾ ആരാധകർക്കായി മികച്ച യാത്രാസൗകര്യം ഒരുക്കാൻ ദോഹ മെട്രോയും ലുസൈൽ ട്രാമും സജ്ജമാക്കിയിട്ടുണ്ട്.
ഈ ദിവസങ്ങളിൽ ദോഹ മെട്രോയും ലുസൈൽ ട്രാമിന്റെയും പ്രവർത്തന സമയം ദീർഘിപ്പിക്കും. മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് സേവനങ്ങളുടെ സമയവും ദീർഘിപ്പിച്ചിട്ടുണ്ട്. സ്റ്റേഷനുകൾക്കുള്ളിലും ട്രെയിനുകളിലും യാത്രക്കാർക്ക് വഴികാട്ടുന്നതിനും ഭിന്നശേഷി യാത്രക്കാരെ സഹായിക്കുന്നതിനും പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.