പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന സാഹോദര്യ കാലത്തിന്റെ പ്രഖ്യാപന സംഗമത്തിൽ സാദിഖ് ചെന്നാടൻ സംസാരിക്കുന്നു.
ദോഹ: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാവണം’ എന്ന പ്രമേയത്തില്‍ പ്രവാസി വെൽഫെയർ ആൻഡ് കൾചറൽ ഫോറം സംഘടിപ്പിക്കുന്ന സാഹോദര്യ കാലത്തിന് തുടക്കമായി. പ്രവാസി വെല്‍ഫെയര്‍ സ്ഥാപക ദിനമായ മേയ് രണ്ടിന് നടന്ന പരിപാടിയിൽ സാഹോദര്യ കാലത്തിന്റെ പ്രഖ്യാപനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. നമ്മുടെ രാജ്യം ഉയർത്തിപ്പിടിക്കുന്ന നന്മകൾ പ്രവാസി സമൂഹത്തിൽ പ്രസരിപ്പിക്കാൻ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നാടിനെയും സമൂഹത്തെയും ഗ്രസിച്ച് കൊണ്ടിരിക്കുന്ന വംശീയതയുടെയും വിദ്വേഷത്തിന്റെയും തിന്മകളെ പ്രതിരോധിക്കുകയും പ്രവാസ ലോകത്തെ സാമൂഹിക സൗഹാർദത്തിന്റെ മാതൃകകൾ ഉയർത്തിക്കാണിക്കുകയുമാണ് സാഹോദര്യകാല പ്രവർത്തനങ്ങളിലൂടെ ലക്ഷ്യംവെക്കുന്നത്.
മേയ് ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന സാഹോദര്യകാല പ്രചാരണ ഘട്ടത്തിൽ സമകാലിക സാമൂഹിക വിഷയങ്ങളിൽ വിശിഷ്യാ പ്രവാസി വിഷയങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. തൊഴില്‍ രംഗത്തെ അഭിവൃദ്ധിക്കും വ്യക്തിത്വ വികാസത്തിനുമുതകുന്ന പരിശീലന പരിപാടികൾ, സാഹോദര്യ യാത്ര, സാമൂഹിക സംഗമങ്ങള്‍, കലാ കായിക മത്സരങ്ങള്‍, പ്രിവിലേജ് കാര്‍ഡ്, പ്രവാസികള്‍ക്കായി പുറത്തിറക്കിയ വിവിധ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഡിജിറ്റല്‍ ആപ്പിന്റെ പ്രചാരണം, നൈപുണ്യ മേളകള്‍, ജില്ല സമ്മേളനങ്ങള്‍ തുടങ്ങിയവ ഈ കാലയളവില്‍ നടക്കും.
സാഹോദര്യകാല പ്രഖ്യാപന പരിപാടിയിൽ പ്രവാസി വെല്‍ഫെയര്‍ ആക്ടിങ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റും സെക്രട്ടേറിയറ്റ് അംഗവുമായ മുനീഷ് എ.സി സാഹോദര്യകാല പ്രവർത്തനങ്ങളെക്കുറിച്ചും, വൈസ് പ്രസിഡന്റ് അനീസ് റഹ്മാന് യാത്രയെക്കുറിച്ചും വിശദീകരിച്ചു.
പരിപാടിയിൽ ജനറല്‍ കണ്‍വീനര്‍ മഖ്ബൂല്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് നജ്ല നജീബ് സമാപന പ്രസംഗവും, ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.