ദോഹ: വിദേശത്ത് കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസി ഭാരതീയരുടെ വോട്ടവകാശം കാലതാമസമില്ലാതെ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീന്‍ ദേശീയ -സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകള്‍ക്കും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും കത്തയച്ചു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെങ്കിലും പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്തയച്ചത്.
ഇത്തരം നടപടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സമഗ്രതക്കും പ്രവാസി സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനും ആവശ്യമാണ്. ‘പ്രവാസികള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് നല്കുന്ന സംഭാവന അളന്നറിയാനാവാത്തതാണ്. എന്നാല്‍, അവരെ ജനാധിപത്യ പ്രവര്‍ത്തനങ്ങളില്‍നിന്നും ഒഴിച്ചുനിര്‍ത്തുന്നത് നീതിയല്ല.
ലോകത്തിലെ പല രാജ്യങ്ങളും അവരുടെ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയും ഇനി പിന്നിലാകാന്‍ പാടില്ലെന്ന് സൈനുല്‍ ആബിദീന്‍ പറഞ്ഞു. നിയമ പോരാട്ടങ്ങളുടെ തുടര്‍ച്ചയായി തന്നെയാണ് കത്ത് അയച്ചതെന്നും ഇതിനകം തന്നെ സുപ്രീംകോടതി ഉള്‍പ്പെടെയുള്ള വിവിധ വേദികളില്‍ വിഷയമുയര്ത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രവാസി വോട്ടവകാശം യാഥാർഥ്യമാക്കുന്നതിനായി തപാല്‍ വോട്ട്, ഇ-വോട്ടിങ്, എംബസി വഴിയുള്ള വോട്ട് തുടങ്ങിയ രീതികളെ ദേശീയ തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര സര്‍ക്കാറും ആലോചിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.