ഇ​ൻ​കാ​സ്​ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ക്ക്​ മു​റി​ച്ച്​ വി​ജ​യാ​ഘോ​ഷം ന​ട​ത്തു​ന്നു 

തൃക്കാക്കര വിജയമാഘോഷിച്ച് പ്രവാസം

ദോഹ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്‍റെ ഉജ്ജ്വല വിജയത്തെ ആഘോഷമാക്കി പ്രവാസ ലോകവും. വെള്ളിയാഴ്ച രാവിലെ തെരഞ്ഞെടുപ്പുഫലം പുറത്തു വന്നതിനു പിന്നാലെ ഖത്തർ ഇൻകാസിന്‍റെ വിവിധ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. അവധിദിനം കൂടിയായതിനാൽ ആഘോഷത്തിന് മാറ്റുകൂടി. വൈകീട്ടോടെ ഇൻകാസ് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിലും വിവിധ ജില്ല കമ്മിറ്റികളും വ്യത്യസ്ത ഇടങ്ങളിലായി ഉമ തോമസിന്‍റെ വിജയം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും കെങ്കേമമാക്കി.

ഇ​ൻ​കാ​സ്​ കോ​ഴി​​ക്കോ​ട്​ ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ വി​ജ​യാ​ഘോ​ഷം

ഓൾഡ് ഐഡിയൽ സ്കൂളിലായിരുന്നു സെൻട്രൽ കമ്മിറ്റി ആഘോഷം. സ്ഥാനാർഥി നിർണയം മുതൽ വിജയം ഉറപ്പിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും ഭൂരിപക്ഷം നൽകിയ തൃക്കാക്കരയിലെ വോട്ടർമാരോടുള്ള നന്ദി അറിയിച്ചു. ചരിത്ര വിജയം കൈവരിച്ച സ്ഥാനാർഥി ഉമ തോമസിനെയും വിജയത്തിനുവേണ്ടി രാപകലില്ലാതെ ചിട്ടയായ പ്രവർത്തനം നടത്തിയ യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും യോഗത്തിൽ അഭിനന്ദിച്ചു.

സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ആഘോഷ പരിപാടികളിൽ, ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ല കമ്മിറ്റി പ്രസിഡന്റുമാർ, ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത് സദാശിവൻ സ്വാഗതവും ട്രഷറർ ശ്രീ. ജോർജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.

ദോഹ നജ്മയിലെ റൊട്ടാന റസ്റ്റാറന്‍റിലായിരുന്നു ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി വിജയാഘോഷം. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ്‌ ടി. സിദ്ദിഖ് എം.എൽ.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ അഭിജിത്ത് എന്നിവർ വിഡിയോ കോൺഫറൻസ് വഴി ആശംസ നേർന്നു. ഇൻകാസ്-ഒ.ഐ.സി.സി ഗ്ലോബൽ, സെൻട്രൽ, ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കളും ഭാരവാഹികളും പ്രവർത്തകരും അടക്കം നിരവധിപേർ പങ്കെടുത്തു.

ജില്ല ജനറൽ സെക്രട്ടറി സി.വി. അബ്ബാസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ അഷ്‌റഫ്‌ വടകര അധ്യക്ഷത വഹിച്ചു. ഇന്‍കാസ് കണ്ണൂര്‍ ജില്ല കമ്മിറ്റിയും കേക്ക് മുറിച്ച് വിജയാഘോഷം നടത്തി.തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽതന്നെ ഖത്തറിൽനിന്നുള്ള യു.ഡി.എഫ് പ്രവർത്തകർ തൃക്കാക്കരയിലെത്തി പങ്കാളികളായിരുന്നു. നേതാക്കളും വിവിധ ജില്ല കമ്മിറ്റികളും പല ഘട്ടങ്ങളിലായും മണ്ഡലത്തിലെ വോട്ട്പിടിത്തങ്ങളിലും സാമൂഹികമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിലും സജീവമായി. 

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൾ​ഡ്​ ഐ​ഡി​യ​ൽ സ്കൂ​ളി​ൽ ഇ​ൻ​കാ​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഘോ​ഷം 

ധ്രുവീകരണ ശ്രമങ്ങൾക്കെതിരായ വിജയം -സമീർ ഏറാമല

ദോഹ: മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ സർക്കാർ സംവിധാനങ്ങളും വ്യക്തിഹത്യയുമായി പാർട്ടി കേന്ദ്രങ്ങളും നടത്തിയ പ്രചാരണങ്ങളെ തള്ളി തൃക്കാക്കരയിലെ ജനങ്ങൾ നടത്തിയ വിധിയെഴുത്താണ് ഉമ തോമസിന്‍റെ റെക്കോഡ് ഭൂരിപക്ഷത്തിലെ വിജയമെന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സമീർ ഏറാമല പ്രതികരിച്ചു.

ജാതിമത രാഷ്ട്രീയത്തിനും ധ്രുവീകരണ ശ്രമങ്ങൾക്കുമെതിരെ തൃക്കാക്കരയിലെ ജനങ്ങളുടെ വിധിയെഴുത്താണ് ഈ വിജയം. കെ-റെയിൽ ഉൾപ്പെടെയുള്ള ജനവിരുദ്ധ പദ്ധതികൾ ബലംപ്രയോഗിച്ച് നടപ്പാക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് ബാലറ്റിലൂടെ ജനം മറുപടി നൽകി. ദുശിച്ച പ്രചാരണങ്ങളും മറ്റും തള്ളിയ വോട്ടർമാർ, പി.ടി. തോമസിനോടുള്ള സ്നേഹവും ആദരവും വോട്ടിലൂടെ പ്രകടിപ്പിക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകർക്ക് ആവേശവും കരുത്തും നൽകുന്നതാണ് ഉമ തോമസിന്‍റെ വിജയമെന്നും സി.പി.എം ഭരണത്തിന്‍റെ വ്യക്തമായ വിലയിരുത്തലാണ് ഇതെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളിയായ സമീർ ഏറാമല പ്രതികരിച്ചു.

Tags:    
News Summary - Exile to celebrate Thrikkakkara victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.