എൻജിനിയേഴ്സ് ഡേ ദിനാചരണ പരിപാടിയിൽനിന്ന്
ദോഹ: ഖത്തറിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ എൻജിനിയേഴ്സ് ഫോറം എൻജിനിയേഴ്സ് ഡേ ആചരിച്ചു. ഭാരതരത്ന എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ആണ് എൻജിനീയേഴ്സ് ഡേ ആയി ഇന്ത്യയിൽ ആചരിക്കുന്നത്. മെസീല റിസോർട്ടിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ പരിപാടി ഉദ്ഘാടനം ചെയ്തു. ദ്രുതഗതിയിൽ വളർച്ച കൈവരിക്കുന്ന സാങ്കേതിക രംഗത്തിന്റെ വേഗത കൂട്ടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സങ്കേതങ്ങൾ ചെലുത്തുന്ന സ്വാധീനം ഏറെയാണെന്ന് അംബാസഡർ അഭിപ്രായപ്പെട്ടു. എൻജിനിയേഴ്സ് ഫോറം വർഷത്തിൽ രണ്ട് തവണകളിലായി ഇറക്കുന്ന ടെക്നിക്കൽ മാഗസിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആധാരമാക്കി ഇറക്കിയ പുതിയ പതിപ്പ് അംബാസഡർ പ്രകാശനം ചെയ്തു. ആദ്യ കോപ്പി ഇ.എഫ് ബോർഡ് ഓഫ് ഗവർണർ ചെയർമാൻ ടി.എ.ജെ. ഷൗക്കത്ത് അലി ഏറ്റുവാങ്ങി.
എൻജിനീയറിങ് മേഖലയിലെ സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കാനും അതിനുവേണ്ട മെന്ററിങ്, വിഭവ ഏകോപനം എന്നിവ നടത്താനും ലക്ഷ്യമിട്ട് എൻജിനീയേഴ്സ് ഫോറം ഏർപ്പെടുത്തിയ ഐഡിയ ബ്ലൂമിന്റെ ലോഗോ പ്രകാശനം രാജ്യസഭ എം.പി അഡ്വ. എ.എ. റഹീം നിർവഹിച്ചു. പരിസ്ഥിതി സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഊർജ ഉൽപാദന മേഖലയുടെ വളർച്ചക്കും പരിപാലനത്തിനും നഗര വികസനത്തിന്റെ വെല്ലുവിളികൾ നിറഞ്ഞ വർത്തമാനകാലത്ത് എൻജിനീയർമാരുടെ പ്രസക്തി ഏറെയാണെന്ന് എ.എ. റഹീം പറഞ്ഞു. ഇ.എഫ് ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആഷിഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, മന്നായ് എനർജി ജനറൽ മാനേജർ അബി ആലു രാജൻ, ടി.എ.ജെ ഷൗക്കത്ത് അലി എന്നിവർ സംസാരിച്ചു.
തുടർന്ന് സ്റ്റാർട്ട് അപ്പ് എക്കോ സിസ്റ്റം എന്ന വിഷയം ആസ്പദമാക്കി നടന്ന പാനൽ ചർച്ചയിൽ ഐ.ബി.പി.സി വൈസ് പ്രസിഡന്റ് ഹിഷാം അബ്ദുൽ റഹീം മോഡറേറ്ററായി. പാനലിസ്റ്റുകളായ ജിനാൻ, ഡോ. ജേക്കബ് മാത്യു, ഷാമിൽ ഷരീഫ്, യൂനുസ് കളത്തിൽ എന്നിവർ സ്റ്റാർട്ട് അപ്പിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അവയുടെ അവസരങ്ങളെക്കുറിച്ചും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവതരിപ്പിച്ചു. എൻജിനീയറിങ് രംഗത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം എന്ന വിഷയത്തിൽ സാങ്കേതിക വിദഗ്ധരായ സന്ദീപ്, മുഹമ്മദ് അഷ്റഫ് എന്നിവർ പ്രഭാഷണങ്ങൾ നടത്തി. എൻജിനീയേഴ്സ് ഫോറം ടെക്നിക്കൽ വിഭാഗം തലവൻ ഷൗക്കത്ത് അലി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.