ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന തൊഴിൽ തട്ടിപ്പിനെതിരെ ജാഗ്രതാ നിർദേശവുമായി അധികൃതർ. എംബസിയിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു എന്ന പേരിൽ ഓൺലൈനിലുള്ള തൊഴിൽ പരസ്യം ശ്രദ്ധയിൽപെട്ടതായും, ഇതു വ്യാജമാണെന്നും ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
ഇത്തരത്തിൽ ഒരു തൊഴിൽ പരസ്യവും എംബസി പ്രസിദ്ധീകരിച്ചിട്ടില്ല. പൊതുജനങ്ങൾ സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നും ‘എക്സ്’ പ്ലാറ്റ്ഫോം വഴി അറിയിച്ചു.
‘മഹദ്ജോബ്സ് ഡോട് കോം’ എന്ന പേരിലുള്ള വെബ്സൈറ്റിലാണ് എംബസിയിലേക്ക് റിക്രൂട്ട്മെന്റ് എന്ന വ്യാജേന തൊഴിൽ പരസ്യം പ്രചരിച്ചത്. അംഗീകാരമില്ലാത്ത പ്ലാറ്റ്ഫോം വഴിയുള്ള തൊഴിൽ പരസ്യം സൈബർ തട്ടിപ്പിന്റെ പുതിയ രൂപമായാണ് പ്രചരിക്കുന്നത്.
ലിങ്കിൽ പ്രവേശിക്കുന്നവരിൽനിന്നും വ്യക്തിഗത വിവരങ്ങളും പണവും തട്ടുകയാണ് ലക്ഷ്യമെന്നും തട്ടിപ്പിൽ വീഴരുതെന്നും അധികൃതർ ഓർമിപ്പിച്ചു.
വ്യാജ-സ്പാം ലിങ്കുകൾ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നൽകി. തൊഴിൽ അറിയിപ്പുകൾ ഉൾപ്പെടെ എംബസിയിൽനിന്നുള്ള അറിയിപ്പുകൾ www.indianembassyqatar.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാകും പ്രസിദ്ധീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.