ദോഹ: തർക്കങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിൽ പ്രധാന മധ്യസ്ഥത വഹിക്കുന്ന ഖത്തറിനെതിരെ, ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദോഹയിൽ നടക്കുന്ന ഉച്ചകോടിക്ക് പ്രാധാന്യമുണ്ടെന്ന് ലബനാൻ സാമൂഹികകാര്യ മന്ത്രി ഹനീൻ സയീദ് അഭിപ്രായപ്പെട്ടു.സമാധാനം സ്ഥാപിക്കുന്നതിനും ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കുന്നതിനും വലിയ ശ്രമങ്ങൾ നടത്തുമ്പോഴാണ് എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും തത്ത്വങ്ങളെയും ലംഘിച്ചുകൊണ്ട് ആക്രമണം നടന്നതെന്ന് അവർ പറഞ്ഞു. ഹമാസ് നേതാക്കൾ താമസിക്കുന്ന റെസിഡൻഷ്യൽ കോമ്പൗണ്ടുകൾക്കുനേരെ നടന്ന ഇസ്രായേൽ ആക്രമണത്തിനെതിരെ ഉറച്ച തീരുമാനങ്ങളും നടപടികളും അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടിയിൽ ഉണ്ടാകണമെന്ന് മറ്റു ലബനീസ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു.
ഗസ്സ യുദ്ധത്തെ തുടർന്ന്, വളരെ നിർണായകമായ പ്രാദേശിക- അന്തർദേശീയ ഘട്ടത്തിലാണ് ദോഹയിൽ അടിയന്തര അറബ് -ഇസ്ലാമിക ഉച്ചകോടി നടക്കുന്നതെന്ന് മുൻ ലബനീസ് മന്ത്രി വാദി അൽ ഖാസൻ പറഞ്ഞു. ഗസ്സ യുദ്ധം ആരംഭിച്ചതുമുതൽ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളുടെ പങ്ക് അൽ ഖാസൻ എടുത്തുപറഞ്ഞു.അന്താരാഷ്ട്ര, പ്രാദേശിക കക്ഷികളുമായി സഹകരിച്ച് ഖത്തർ നടത്തിയ ഫലപ്രദമായ മധ്യസ്ഥ ചർച്ചകളിലൂടെ ബന്ദികളെ മോചിപ്പിക്കുന്നതിനും മാനുഷിക സഹായം എത്തിക്കുന്നതിനും വെടിനിർത്തൽ സംരംഭങ്ങൾക്ക് അടിത്തറയിടുന്നതിനും കാരണമായി.
ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടത്തുന്ന ഉച്ചകോടിക്ക് വളരെ പ്രധാന്യമുണ്ടെന്ന് ലബനീസ് സൈനിക, സ്ട്രാറ്റജിക് വിദഗ്ധൻ ബ്രിഗേഡിയർ ജനറൽ ഹസൻ ജൂനി പറഞ്ഞു. ഒരു പരമാധികാര രാജ്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. ഹമാസ് പ്രതിനിധികൾ ഖത്തറിൽ ചർച്ച ദൗത്യത്തിലായിരുന്നെന്നും യുദ്ധം നടത്തുകയായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങളുടെയും നയതന്ത്ര മര്യാദകളുടെയും നഗ്നമായ ലംഘനമാണ് ഈ ആക്രമണം. തങ്ങളുടെ പ്രദേശത്തിനും പരമാധികാരത്തിനുമെതിരായ ആക്രമണത്തെ അപലപിക്കുന്നതിന് ഖത്തർ നയതന്ത്ര ശ്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അറബ് -ഇസ്ലാമിക് ഉച്ചകോടിയിൽ ഇസ്രായേൽ ആക്രമണത്തിനെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീനിൽ തുടങ്ങി ഖത്തറിൽ വരെ, അറബ് ലോകത്തിനെതിരായ ഇസ്രായേൽ ആക്രമണങ്ങളുടെ ഒരു പരമ്പരയുടെ പശ്ചാത്തലത്തിലാണ് ദോഹയിലെ അറബ്-ഇസ്ലാമിക് ഉച്ചകോടി നടക്കുന്നതെന്ന് ലബനീസ് അക്കാദമിക്, രാഷ്ട്രീയ വിശകലന വിദഗ്ധൻ ഡോ. ഹസൻ അൽ അഷ്മർ പറഞ്ഞു.അറബ് -മുസ്ലിം രാജ്യങ്ങൾ ഒരുമിച്ച് ശക്തമായ നിലപാടെടുക്കാൻ ഈ ഉച്ചകോടി സമയം നിർണായകമാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണ്. ഫലസ്തീൻ തടവുകാരെയും ഇസ്രായേൽ ബന്ദികളെയും മോചിപ്പിക്കാൻ ഈജിപ്തും അമേരിക്കയുമായി ചേർന്ന് ഖത്തർ നടത്തിയ മധ്യസ്ഥത ശ്രമങ്ങളുടെ വിജയം അദ്ദേഹം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.