ദോഹ: വൈദ്യുതിയും ജലവും ഉപയോഗിക്കുന്നിടത്ത് മിതത്വം പാലിക്കണമെന്നും ഭാവി മുന്നിൽക്കണ്ട് ഇവ പാഴാക്കുന്നത് ഒഴിവാക്കണമെന്നും കഹ്റമ പ്രസിഡൻറ് ഇൗസ ബിൻ ഹിലാൽ അൽ കുവാരി പറഞ്ഞു. രാജ്യത്തെ ജലം, വൈദ്യുതി ദുരുപയോഗം തടയുന്നതിനും മിതോപയോഗം ശീലമാക്കുന്നതിനുംബോധവത്കരണം നടത്താനായി ദേശീയടിസ്ഥാനത്തിൽ ആരംഭിച്ച തർശീദിന് കാര്യമായ സ്വാധീനം പൊതുജനങ്ങളിലുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷിതമായ ജീവിതം നയിക്കുന്നതിന് വൈദ്യുതിയും ജലവും പാഴാക്കുന്നത് ഒഴിവാക്കണം. മിതത്വം പാലിക്കണം. ഇവ നടക്കണമെന്നാണ് തർശീദ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു ചതുരശ്രമീറ്റർ വെള്ളം ഉൽപാദിപ്പിക്കുന്നതിനുള്ള ചെലവ് അന്താരാഷ്ട്ര വിപണിയിൽ വാതകത്തിെൻറ വിലക്ക് തുല്യമാണെന്നും പറഞ്ഞ അദ്ദേഹം മികച്ച നിലവാരത്തോടെയുള്ള ജീവിതം മുന്നോട്ട് നയിക്കുന്നതിന് ജലവും വൈദ്യുതിയും സബ്സിഡി നിരക്കിലാണ് നൽകിക്കൊണ്ടിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കളിൽ അമിതഭാരം ഈടാക്കാതെ അടിസ്ഥാനാവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള സൗകര്യം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വൈദ്യുതി, ജല ഉൽപാദന ചെലവ് വളരെ ഭാരിച്ചതാണെന്നും എന്നാൽ സർക്കാറിെൻറ പിന്തുണയും ആധുനിക സാങ്കേതിക വിദ്യയും വില നിയന്ത്രിക്കുന്നതിലും സന്തുലിതമായി നിലനിർത്തുന്നതിലും നിർണായക പങ്ക് വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഉപഭോഗം കുറക്കുന്നതിന് തർശീദ് പദ്ധതി ആവശ്യപ്പെടുന്നില്ല. എന്നാൽ ഇവ പാഴാക്കുന്നത് അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
ആവശ്യമില്ലാതെ എ.സി ഉപയോഗിക്കുന്നതും വൈദ്യുത ലൈറ്റുകൾ അണക്കാതെ നിലനിർത്തുന്നതും രാജ്യത്തിനും ജനങ്ങൾക്കും നഷ്ടമാണുണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ആളോഹരി ഇനത്തിൽ 18 മുതൽ 20 ശതമാനം വരെ വെള്ളവും വൈദ്യുതിയും സംരക്ഷിക്കുന്നതിൽ തർശീദ് മുഖ്യപങ്ക് വഹിച്ചുവെന്നും ഈർജ്ജമേഖലയിൽ നിർണായക നേട്ടമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.