ദോഹ: ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇലക്ട്രിക് വാഹന (ഇ.വി) ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പുതിയ ക്രമീകരണങ്ങളും നടപടിക്രമങ്ങളും പ്രഖ്യാപിച്ച് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ കഹ്റമാ. കഹ്റാമയുടെ സർവിസ് പാക്കേജ് സിസ്റ്റം (കെ.എം.എസ്.പി) വഴി എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മുൻകൂർ അനുമതിയോടെ മാത്രമേ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ അനുമതിയുള്ളൂ. കഹ്റമായെ സമീപിക്കാതെ ഇൻസ്റ്റാലേഷൻ ആരംഭിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
പുതിയ നടപടിക്രമങ്ങൾ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യമേഖല, റെസിഡൻഷൽ കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും ബാധകമാണ്. അപേക്ഷകൾ ഒരു സർട്ടിഫൈഡ് ഇലക്ട്രിക്കൽ കോൺട്രാക്ടർ മുഖേനയാണ് സമർപ്പിക്കേണ്ടത്. ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള നോ ഒബ്ജക്ഷൻ ലെറ്റർ, സൈറ്റ് പ്ലാനുകൾ, കഹ്റമായുടെ സമ്മതപത്രം തുടങ്ങിയ ആവശ്യമായ രേഖകളും ഹാജരാക്കണം.
റസിഡൻഷ്യൽ കെട്ടിടങ്ങളിൽ പരമാവധി 22 കിലോവാട്ട് ശേഷിയുള്ള ആൾട്ടർനേറ്റിങ് കറന്റ് ചാർജറുകൾക്ക് മാത്രമേ അനുമതിയുള്ളൂ. ഇവിടങ്ങളിൽ ചാർജിങ് സ്റ്റേഷനുകളുടെ ഉത്തരവാദിത്തം കെട്ടിട ഉടമക്കാണ്.
ചാർജിങ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്ത ശേഷം സ്മാർട്ട് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കണം. സുരക്ഷ, പ്രവർത്തനം, പരിപാലനം എന്നിവയുടെ ഉത്തരവാദിത്തം ഉടമക്കാണ്. ഇലക്ട്രിസിറ്റി കണക്ഷൻ സംബന്ധിച്ച എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും സുരക്ഷാ നിർദേശങ്ങൾ സ്വീകരിക്കുകയും വേണം. സുസ്ഥിരമായ ഇ -മൊബിലിറ്റിയെ പിന്തുണക്കുന്നതിനും സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായുമുള്ള കഹ്റമായുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് കഹ്റമാ കൺസർവേഷൻ ആൻഡ് എനർജി എഫിഷ്യൻസി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ എൻജിനീയർ റാഷിദ് അൽ റഹീമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.