അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈൽ പാലസിൽ അതിഥികളെ സ്വീകരിക്കുന്നു
ദോഹ: തക്ബീർ ധ്വനികളുമായി ഈദ്ഗാഹുകളിലും പള്ളികളിലുമെത്തി നമസ്കാരത്തിൽ പങ്കെടുത്തും സൗഹൃദം പുതുക്കിയും, ത്യാഗ സ്മരണകൾ പങ്കുവെച്ചും ഖത്തറിലെ പ്രവാസികളും സ്വദേശികളും ബലിപെരുന്നാൾ ആഘോഷിച്ചു. അത്യുഷ്ണം ആരംഭിച്ച ജൂൺ മാസത്തിൽ, ചൂടിന് അൽപം ശമനം ലഭിച്ച പ്രഭാതത്തിൽതന്നെ വിശ്വാസി സമൂഹം ഈദ് നമസ്കാരത്തിനായി പള്ളികളിലേക്കും ഈദ് നമസ്കാരത്തിനായി സജ്ജമാക്കിയ മൈതാനികളിലേക്കും പുലർച്ചെതന്നെ പുറപ്പെട്ടു.
നാലു മണി മുതൽ നഗരത്തിലെ റോഡുകളെല്ലാം സജീവമായി. ശക്തമായ സുരക്ഷയും, ട്രാഫിക് ക്രമീകരണവുമായി അധികൃതറും ജാഗരൂകരമായി. രാവിലെ 4.58നായിരുന്നു ഖത്തറിലെ എല്ലായിടങ്ങളിലും ഈദ് നമസ്കാരം. 4.30ഓടെത്തന്നെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ എല്ലാവരും നമസ്കാര വേദികളിലെത്തി.
1.എജുക്കേഷൻ സിറ്റിയിൽ ഈദ് നമസ്കാരത്തിൽ പങ്കെടുക്കാനെത്തിയവർ ചിത്രം പകർത്തുന്നു, 2) എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെ ഈദ്ഗാഹ് വേദിയിൽ മധുരം വിതരണം ചെയ്യുന്ന കുട്ടികൾ
ബലിപെരുന്നാളിന്റെ സന്ദേശവും, ഇബ്റാഹീം പ്രവാചകന്റെ ജീവിതവും ഉദ്ബോധിപ്പിച്ചായിരുന്നു എല്ലായിടങ്ങളിലും ഇമാമുമാർ പെരുന്നാൾ ഖുതുബ നിർവഹിച്ചത്. ഹജ്ജിന്റെ പ്രധാന്യത്തെക്കുറിച്ചും, ഇബ്റാഹീം നബിയുടെ ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ ഏടുകൾ വിശദീകരിച്ചും പ്രഭാഷണങ്ങൾ നടന്നു. ഒപ്പം, ലോകനന്മക്കും ഗസ്സയിൽ അധിനിവേശ സേനയുടെ നിഷ്ഠുരമായ ആക്രമണങ്ങൾക്കിരയാകുന്ന ഫലസ്തീനികൾക്കും വേണ്ടി പ്രാർഥിച്ചും നന്മകൾക്ക് ആഹ്വാനം ചെയ്തും ഇമാമുമാർ ഉദ്ബോധിപ്പിച്ചു.
ദോഹയിലെ വിവിധ ഈദ്ഗാഹുകൾ, പ്രധാന പള്ളികൾ, ഇമാം ഇബ്നു അബ്ദുൽ വഹാബ് പള്ളി, അലി ബിൻ അലി മസ്ജിദ്, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവടങ്ങളിൽ പതിനായിരങ്ങൾ ഒത്തുചേർന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 710 നമസ്കാര സ്ഥലങ്ങളാണ് സജ്ജീകരിച്ചത്.
ഖത്തറിൽ എട്ട് കേന്ദ്രങ്ങളിൽ ഈദ് ഖുതുബയുടെ മലയാള വിവർത്തനവും നിർവഹിച്ചു. അൽ ഖോർ ലുലു ഈദ്ഗാഹിൽ ജംഷീദ് ഇബ്റാഹീം, മസ്ജിദ് മുനീറ അൽ സുവൈദിയിൽ ഡോ. അബ്ദുൽ വാസിഅ്, അൽ അറബി സ്റ്റേഡിയം ഈദ്ഗാഹിൽ പി.പി അബ്ദുറഹീം, വക്റ സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ കെ.ടി. മുബാറക്, ജാസിം ദർവീഷ് ഈദ്ഗാഹിൽ യാസിർ അറഫാത്ത്, അൽ മെസില ആയിഷ ബിൻത് മുഹമ്മദ് അൽ സുവൈദി മസ്ജിദിൽ കെ.എൻ. സുലൈമാൻ മദനി, വക്റ ആശുപത്രിക്ക് പിന്നിലെ അൽ മീര ഈദ്ഗാഹിൽ സിറാജ് മദനി ഇരിട്ടി, അൽ സദ്ദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ ഉമർ ഫൈസി എന്നിവർ പരിഭാഷ നിർവഹിച്ചു.
നമസ്കാരതതിന് ശേഷം, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂടിച്ചേരലിനും ഓർമ പുതുക്കലിനുമെല്ലാം ഈദ് നമസ്കാര വേദികൾ സാക്ഷിയായി. ബലി അറുക്കാനും മാംസ വിതരണത്തിനും ഖത്തർ ചാരിറ്റി വഴിയും അറവുശാലകൾ വഴിയും സൗകര്യമൊരുക്കിയിരുന്നു.
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിലെ പ്രാർഥന മൈതാനിയിൽ ഈദ് നമസ്കാരം നിർവഹിച്ചു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി, ശൈഖുമാർ, മന്ത്രിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, വിവിധ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ എന്നിവർ അമീറിനൊപ്പം ലുസൈലിൽ രാവിലെ പെരുന്നാൾ നമസ്കാരങ്ങളിൽ പങ്കുചേർന്നു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിൽ ഈദ് നമസ്കാരത്തിൽ പങ്കെടുക്കുന്നു
ഡോ. യഹ്യ ബുതി അൽ നുഐമി ഈദ് നമസ്കാരത്തിന് നേതൃത്വം നൽകി. ദൈവത്തിന് നന്ദിയുള്ള അടിമകളായി ജീവിക്കണമെന്നും, വാക്കിലും കർമങ്ങളിലും ഹൃദയത്തിലും ദൈവത്തോട് നന്ദിയുള്ളവരായി സമർപ്പണത്തോടെ ജീവിക്കണമെന്നതാണ് പ്രവാചകന്മാരുടെ മാതൃകയെന്നും ഈദ് നമസ്കാര ശേഷം നടന്ന ഖുതുബയിൽ ഉദ്ബോധിപ്പിച്ചു.
നമസ്കാര ശേഷം ലുസൈൽ പാലസിൽ അമീർ അതിഥികളെ സ്വീകരിച്ച് ഈദാംശകൾ കൈമാറി. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ, ശൈഖുമാർ, സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ളവർ, സേനാമേധാവികൾ, വിവിധ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ എന്നിവരെ അമീർ ലുസൈൽ പാലസിൽ സ്വീകരിച്ച് ഈദ് ആശംസ നേർന്നു. വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി ഉൾപ്പെടെ പ്രമുഖരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.