ദോഹ: ഖത്തർ ഫൗണ്ടേഷനിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം രാജ്യത്തെ വനിത കായിക വിനോദ കേന്ദ്രമായി മാറുന്നു. വനിത കായിക വിനോദങ്ങളുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും പരിശീലനവും ഇവിടെ സംഘടിപ്പിക്കും. കായികമേഖലയെ എല്ലാവർക്കും പ്രാപ്യമാക്കാനും എല്ലാവരെയും ഉൾക്കൊള്ളാനുമായി രാജ്യം നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണിത്. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ, ക്ഷേമ പ്രവർത്തനങ്ങൾക്കായി എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും കായിക കേന്ദ്രമാക്കി മാറ്റുമെന്ന് ഖത്തർ ഫൗണ്ടേഷൻ ലോകകപ്പ് ലെഗസി ഡയറക്ടർ അലക്സാന്ദ്ര ഷാലറ്റ് പ്രാദേശിക അറബി ദിനപത്രത്തോട് പറഞ്ഞു. അതോടൊപ്പം തന്നെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും സ്റ്റേഡിയം വേദിയാകും.
എജ്യുക്കേഷൻ സിറ്റിക്കുള്ളിൽ സ്ത്രീകൾക്ക് അവസരം നൽകുന്നതിൽ ഖത്തർ ഫൗണ്ടേഷൻ എപ്പോഴും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും വിദ്യാഭ്യാസ, മാനസികക്ഷേമ മേഖലകളിൽ. നിലവിൽ 72 ശതമാനം അധ്യാപകരും ജീവനക്കാരും സ്ത്രീകളാണെന്നും പ്രീ യൂനിവേഴ്സിറ്റി വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഭൂരിഭാഗം അധ്യാപകരും ഉന്നത വിദ്യാഭ്യാസ വിദ്യാർഥികളും സ്ത്രീകളാണെന്നും അലക്സാന്ദ്ര ഷാലെറ്റ് കൂട്ടിച്ചേർത്തു. പെൺകുട്ടികളെയും സ്ത്രീകളെയും കായിക രംഗത്ത് ശാക്തീകരിക്കാനുള്ള ശ്രമങ്ങളിലാണ് ഖത്തർ ഫൗണ്ടേഷനെന്നും ഷാലറ്റ് പറഞ്ഞു. സ്ത്രീകളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും അഭിനന്ദിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. മികവുറ്റ രീതിയിൽ കായിക ക്ഷമത കൈവരിക്കാൻ സ്ത്രീകൾക്ക് സൗകര്യമൊരുക്കുകയും അവർക്ക് പ്രചോദനമേകുകയും വേണമെന്നും അവർ സൂചിപ്പിച്ചു.
ലോകകപ്പ് സമാപിച്ചതോടെ, സ്റ്റേഡിയം അതിന്റെ പുനർരൂപകൽപനക്ക് ശേഷം എല്ലാ മേഖലകളിൽ നിന്നുമുള്ള വനിത കായിക താരങ്ങളെ ആകർഷിക്കാനുള്ള പദ്ധതികൾ രൂപപ്പെടുത്തും. അതേസമയം, ഒരു സ്പോർട്സ് സ്കൂൾ അക്കാദമിയും സ്ത്രീകളുടെ കായിക പ്രകടനം വികസിപ്പിക്കുന്നതിന് പ്രത്യേക പരിശീലന കേന്ദ്രവും സ്ഥാപിക്കാനും പദ്ധതിയുണ്ട്. രാജ്യെത്ത കായിക സംവിധാനത്തെ പിന്തുണക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചേർന്ന് ഖത്തർ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നുണ്ട്.
ദേശീയ ടീമുകൾക്ക് പരിശീലന മൈതാനം നൽകുന്നതിൽ തുടങ്ങി പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകൾക്കും ചാമ്പ്യൻഷിപ്പുകൾക്കും ആതിഥ്യം വഹിക്കുന്നതിലൂടെയും പരിശീലനവും മധ്യസ്ഥത അവസരങ്ങളും നൽകുന്നതിലൂടെയും സ്ത്രീകൾക്ക് നിരവധി പരിഗണന നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ തങ്ങൾ ശ്രമിക്കുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.