കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്.​ ജയ്ശങ്കർ ഖത്തർ ബിസിനസ്​ അസോസിയേഷൻ ചെയർമാൻ ശൈഖ്​ ഖലീഫ ബിൻ ജാസിം ആൽഥാനി അടക്കമുള്ള ബിസിനസ്​ രംഗത്തെ പ്രമുഖ ഖത്തരികളുമായി ചർച്ച നടത്തുന്നു

ഡോ. എസ്.​ ജയ്ശങ്കർ നാളെ ഖത്തർ വിദേശകാര്യ മന്ത്രിയെ കാണും

ദോഹ: കേന്ദ്ര സർക്കാറിന്‍റെ 'ആത്​മനിർഭർ ഭാരത്​' പദ്ധതിയിലൂടെ ഖത്തറിനും ഇന്ത്യക്കും പ്രയോജനകരമാകുന്ന നിരവധി പുതിയ അവസരങ്ങളുണ്ടാകുമെന്ന്​ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്​ ജയ്ശങ്കർ. രണ്ടു​ ദിവസത്തെ ഔദ്യോഗിക ഖത്തർ സന്ദർശനത്തിനെത്തിയ അദ്ദേഹം ദോഹയിൽ ബിസിനസ്​ രംഗത്തെ പ്രമുഖരുമായി സംസാരിക്കുകയായിരുന്നു.

ഞായറാഴ്​ച രാവിലെയാണ്​ അദ്ദേഹം ദോഹയിൽ എത്തിയത്​. ഇന്ത്യ-ഖത്തർ ഉന്നത ബിസിനസ് ചർച്ചയിലാണ്​ അദ്ദേഹം ആദ്യദിവസം പ​ങ്കെടുത്തത്​. ഖത്തർ ബിസിനസ്​ അസോസിയേഷൻ ചെയർമാൻ ശൈഖ്​ ഖലീഫ ബിൻ ജാസിം ആൽഥാനി, ഖത്തരി ബിസിനസ്​ മെൻ അസോസിയേഷൻ ചെയർമാൻ ശൈഖ്​ ഫൈസൽ ബിൻ ഖാസിം ആൽഥാനി എന്നിവരുമായി വിദേശകാര്യമന്ത്രി ചർച്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്​ പങ്കാളിത്തത്തിൽ ഇന്ത്യൻ ബിസിനസുകാരും ഖത്തരി ബിസിനസുകാരും വഹിക്കുന്ന പങ്കിനെ എസ്​. ജയ്​ശങ്കർ അഭിനന്ദിച്ചു. കേന്ദ്ര സർക്കാറിന്‍റെ 'ആത്​മനിർഭർ ഭാരത്​' പദ്ധതി സംബന്ധിച്ച്​ വിശദീകരിച്ച അദ്ദേഹം പദ്ധതി വഴി നിരവധി പുതിയ അവസരങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞു. ഖത്തറിലെ ബിസിനസ്​ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരും ചർച്ചയിൽ പ​ങ്കെടുത്തു.

ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തലും പ​ങ്കെടുത്തു. വിവിധ ഇന്ത്യൻകമ്മ്യൂണിറ്റി നേതാക്കളുമായും പ്രതിനിധികളുമായും മന്ത്രി ഓൺലൈനിൽ ആശയവിനിമയം നടത്തി.

ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായും ഉന്നത ഉദ്യോഗസ്​ഥരുമായും കേന്ദ്രമന്ത്രി ഇന്ന്​ കൂടിക്കാഴ്ച നടത്തുന്നുണ്ട്​. ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും ചർച്ച ചെയ്യും. മേഖലാ, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും സംഭവവികാസങ്ങളും ചർച്ചയാകും.

ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയ വളർച്ചയാണ് ഈയടുത്ത കാലങ്ങളിൽ രൂപപ്പെട്ടിട്ടുള്ളത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഈയടുത്ത് മൂന്ന് തവണയാണ് ഫോണിലൂടെ സംഭാഷണം നടത്തിയത്. കേന്ദ്ര വിദേശകാര്യമന്ത്രിയും മറ്റു കേന്ദ്ര വകുപ്പുമന്ത്രിമാരും ഖത്തറിലെ തങ്ങളുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായും ഉദ്യോഗസ്​ഥരുമായും ഫോൺ സംഭാഷണം നടത്തിയിരുന്നു.

സാമ്പത്തിക, സാംസ്​കാരിക മേഖലകളിൽ ഖത്തറും ഇന്ത്യയും തമ്മിൽ അടിയുറച്ച ബന്ധമാണ് തുടർന്ന് പോരുന്നത്. വിവിധ മേഖലകളിലായി ഏഴ് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഖത്തറിൽ നിലവിലുള്ളത്. 2019–20 കാലയളവിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരബന്ധം 10.95 ബില്യൻ ഡോളർ കടന്നിരുന്നു. ഊർജ, നിക്ഷേപ മേഖലകളിലടക്കം ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുന്നതിന് പ്രതിജ്ഞാബദ്ധരാണ്. കോവിഡ്–19 പ്രതിസന്ധി രൂക്ഷമായ സമയത്ത് ഇന്ത്യയും ഖത്തറും യോജിച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചിരുന്നു. എയർ ബബിൾ കരാറിലൂടെ ഇരുരാജ്യങ്ങളും വിമാന സർവീസുകൾ നടത്തുന്നുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രിയായി സ്​ഥാനമേറ്റെടുത്തതിന് ശേഷം ഡോ. എസ്​ ജയ്ശങ്കറിെൻറ പ്രഥമ ഖത്തർ സന്ദർശനം കൂടിയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്​തമാകാൻ സന്ദർശനം ഉപകരിക്കുമെന്ന്​ ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. 

Tags:    
News Summary - Dr. S. Jaishankar to meet Qatari Foreign Minister tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.