ഡോ. കെ. ശ്രീകർ റെഡ്ഡി ഖത്തറിലെ ഇന്ത്യൻ അംബാസഡർ

ദോഹ: സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസൽ ജനറലായിരുന്ന ഡോ. കെ. ശ്രീകർ റെഡ്ഡിയെ ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിദേശകാര്യ മന്ത്രാലയം നിയമിച്ചു. നിലവിലുണ്ടായിരുന്ന അംബാഡഡർ വിപുൽ സേവനകാലാവധി പൂർത്തിയാക്കി സൗദി അറേബ്യയിലേക്ക് സ്ഥലംമാറിപ്പോയ ഒഴിവിലേക്കാണ് നിയമനം. ഡോ. ശ്രീകർ റെഡ്ഡി ഉടൻ ദോഹയിലെത്തി ചുമതലയേൽക്കും. 2001 ബാച്ച് ഇന്ത്യൻ ഫോറിൻ സർവിസ് (ഐ.എഫ്.എസ്) ഉദ്യാഗസ്ഥനായ ഡോ. ശ്രീകർ റെഡ്ഡി, അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങളിലും വിദേശനയത്തിലും ദീർഘകാലത്തെ പരിചയവുമാണ് ദോഹയിലെത്തുന്നത്.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ ജോയന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കെ, പശ്ചിമേഷ്യൻ രാജ്യങ്ങളുമായും ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യ -മൗറീഷ്യസ് സമഗ്ര സാമ്പത്തിക സഹകരണ കരാർ, ഇന്ത്യ -യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ എന്നിവക്കുവേണ്ടി അദ്ദേഹം മുൻകൈ എടുത്തു.

ജർമ്മനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലും വിദേശകാര്യ മന്ത്രാലയത്തിൽ പാകിസ്താൻ, ഈസ്റ്റ് ആന്റ് സതേൺ ആഫ്രിക്ക (E&SA) ഡെസ്കുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങളിലും വിദേശനയത്തിലും മികച്ച പരിചയസമ്പത്തുള്ള അദ്ദേഹം 2014 ആഗസ്റ്റ് മുതൽ 2017 ഒക്ടോബർ വരെ സ്വിറ്റ്സർലൻഡിലെ ലോക വ്യാപാര സംഘടനയിലെ (ഡബ്ല്യു.ടി.ഒ) ഇന്ത്യൻ മിഷനിൽ കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ട്. 2017 ഒക്ടോബർ മുതൽ 2020 മാർച്ച് വരെ ഹോ ചി മിൻ സിറ്റിയിൽ കോൺസൽ ജനറലായിരുന്നു.

2011 ജൂലൈ മുതൽ 2014 ആഗസ്റ്റ് വരെ ഹൈദരാബാദ് റീജിയണൽ പാസ്‌പോർട്ട് ഓഫിസറായി സേവനമനുഷ്ഠിച്ച കാലയളവിൽ ആന്ധ്രാപ്രദേശിലെ പാസ്‌പോർട്ട് വിതരണ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടുവന്നത്. ഈ മികച്ച സേവനത്തിന് 2013 ജൂണിൽ കേന്ദ്ര സർക്കാറിന്റെ "പാസ്‌പോർട്ട് സേവാ പുരസ്കാരം" അദ്ദേഹത്തെ തേടിയെത്തി.

തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ ജനിച്ച ശ്രീകർ റെഡ്ഡി വാറങ്കലിലെ കാകതിയ മെഡിക്കൽ കോളജിൽ നിന്നാണ് എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കി. തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ജർമ്മൻ എന്നീ ഭാഷകകളിൽ അവഗാഹമുണ്ട്. ഐ.ടി പ്രൊഫഷണലായ പ്രതിമ കൊപ്പുലയാണ് ഭാര്യ. നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലുമുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധത്തിന് പുതിയ കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Dr. K. Srikar Reddy is the Indian Ambassador to Qatar.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.