ദോഹ: തെരുവ് നായകളുമായി സമ്പർക്കമുണ്ടാകുമ്പോൾ പൊതുജനങ്ങൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ പുറത്തുവിട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം. നായകളുടെ ശരീരഭാഷ മനസ്സിലാക്കി അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പറയുന്നു.
കൗതുകം കൊണ്ടോ ഭക്ഷണം തേടിയോ ആണ് നായകൾ സാധാരണയായി മനുഷ്യരെ സമീപിക്കുന്നത്. പേടിയോ ഭീഷണിയോ തോന്നാത്ത സാഹചര്യത്തിൽ അവ ആരെയും ആക്രമിക്കാറില്ല. എന്നാൽ തങ്ങളുടെ പ്രദേശം സംരക്ഷിക്കാനോ കുഞ്ഞുങ്ങളെ രക്ഷിക്കാനോ നായകൾ സ്വാഭാവികമായും ശ്രമിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.
പ്രധാന നിർദ്ദേശങ്ങൾ:
തെരുവ് നായകളെ പെട്ടെന്ന് കണ്ടാൽ നിലവിളിക്കുകയോ പെട്ടന്ന് ഓടുകയോ ചെയ്യാതെ നിശ്ചലമായി നിൽക്കുക.
നായകളെ കണ്ടു ഭയന്നോടുന്നത് അവയുടെ വേട്ടയാടാനുള്ള സഹജവാസനയെ ഉണർത്തും. അതിനാൽ ഓടുന്നത് ഒഴിവാക്കുക.
കൈയിലുള്ള ബാഗ് മുന്നിൽ പിടിച്ചോ, വാഹനത്തിന്റെയോ മരത്തിന്റെയോ പിന്നിൽ ഒളിച്ചോ ഒരു തടസ്സം സൃഷ്ടിക്കുക. തുടർന്ന് സാവധാനം സുരക്ഷിത സ്ഥാനത്തേക്ക് മാറുക.
നായകളുടെ കണ്ണിലേക്ക് നേരിട്ട് നോക്കരുത്. അത് അവയ്ക്കുള്ള വെല്ലുവിളിയായി കണക്കാക്കപ്പെടും
ആക്രമണം ഉണ്ടായാൽ പുറംതിരിഞ്ഞ് ഓടാതെ ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് സ്വയം പ്രതിരോധിക്കുക.
സ്ഥിരമായി ഒരേ സ്ഥലത്തുനിന്ന് തെരുവ് നായകൾക്ക് ഭക്ഷണം നൽകരുത്. ഇത് ആ പ്രദേശം അവയുടെ അധീനതയിലാണെന്ന് നായകൾ കരുതാൻ കാരണമാകും.
നായകൾ കൂട്ടമായി കാണപ്പെടുന്ന സ്ഥലങ്ങളിലൂടെയുള്ള യാത്രകൾ, പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ ഒഴിവാക്കുക. കുഞ്ഞുങ്ങളുള്ള സ്ഥലങ്ങളിൽ നിന്നും അകലം പാലിക്കുക.
നായയുടെ കടിയേറ്റാൽ മുറിവ് ചെറുതാണെങ്കിൽ പോലും അശ്രദ്ധ കാണിക്കരുത്. പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പ് എടുക്കുക. വേഗത്തിലുള്ള ചികിത്സ ജീവൻ രക്ഷിക്കും.
തെരുവ് നായകളെക്കുറിച്ച് പരാതിപ്പെടാനോ വിവരങ്ങൾ അറിയിക്കാനോ ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റിലെ പോലീസ് കാനൈൻ സെക്ഷനുമായി 2346555 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.