അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി

ദോ​ഹ: പ​തി​ന​ഞ്ചു​മാ​സം നീ​ണ്ട ഇ​സ്രാ​യേ​ലി​​ന്റെ മ​നു​ഷ്യ​ക്കു​രു​തി​ക്ക് അ​വ​സാ​ന​മാ​യി ഞാ​യ​റാ​ഴ്ച മു​ത​ൽ ഗ​സ്സ​യി​ൽ പു​തി​യ പ്ര​ഭാ​തം പി​റ​ക്കു​ക​യാ​ണ്. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 8.30 മു​ത​ൽ വെ​ടി​യൊ​ച്ച​ക​ൾ​ക്ക് വി​രാ​മ​മാ​വു​ന്ന ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മ്പോ​ൾ ഖ​ത്ത​റി​ന്റെ സു​ദീ​ർ​ഘ​മാ​യ ഒ​രു സ​മാ​ധാ​ന ദൗ​ത്യം കൂ​ടി വി​ജ​യം കാ​ണു​ക​യാ​യി. ദോ​ഹ സ​മാ​ധാ​ന ക​രാ​ർ എ​ന്ന അ​ർ​ഥ​ത്തി​ൽ ‘സ​ലാം ദോ​ഹ’ എ​ന്നാ​ണ് ഖ​ത്ത​ർ, ഈ​ജി​പ്ത്, അ​മേ​രി​ക്ക രാ​ജ്യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ അ​റ​ബ് വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ൾ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ വെ​ടി​യൊ​ച്ച​ക​ളും യു​ദ്ധ​വും അ​വ​സാ​നി​പ്പി​ച്ചും പ​ട്ടി​ണി​യും ത​ർ​ക്ക​ങ്ങ​ളും സ​ഘ​ർ​ഷ​വും നി​ർ​ത്തി​യും മു​റി​വു​ക​ളു​ണ​ക്കി​യും സ​മാ​ധാ​നം തു​ട​രു​ന്ന ഖ​ത്ത​റി​ന്റെ മ​റ്റൊ​രു വി​ജ​യം കൂ​ടി​യാ​യി ‘സ​ലാം ദോ​ഹ’ മാ​റു​ന്നു. പ്ര​തി​സ​ന്ധി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ലും യു​ദ്ധ​ങ്ങ​ൾ, സ്വേ​ച്ഛാ​ധി​പ​ത്യം, ശ​ത്രു​ത എ​ന്നി​വ​ക്കു പ​ക​രം നീ​തി​യും സു​ര​ക്ഷ​യും സ​മാ​ധാ​ന​വും പ​ര​സ്പ​ര സ​ഹ​വ​ർ​ത്തി​ത്വ​വും നി​റ​ഞ്ഞ ഒ​രു ലോ​ക​ത്തെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും ഖ​ത്ത​ർ ലോ​ക​ത്തി​ന് മാ​തൃ​ക​യാ​വു​ക​യാ​ണ്. ഗ​സ്സ​യി​ൽ​ വെ​ടി​​മു​ഴ​ങ്ങു​മ്പോ​ഴെ​ല്ലാം ഖ​ത്ത​ർ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​റു​ണ്ട്.

2011ലെ ​ദ​ർ​ഫ​ർ സ​മാ​ധാ​ന രേ​ഖ ദോ​ഹ​യി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

2009, 2012, 2014, 2021 വ​ർ​ഷ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത് ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ​ത​യാ​യി​രു​ന്നു. 2021 മേ​യ് 10 നും 20 ​നു​മി​ട​യി​ൽ ഗ​സ്സ മു​ന​മ്പി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ 11 ദി​വ​സ​ത്തെ ആ​ക്ര​മ​ണ​ത്തി​ന് അ​ന്ത്യം​കു​റി​ച്ച് വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​തും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ​ത​ത ത​ന്നെ​യാ​യി​രു​ന്നു. അ​ങ്ങ​നെ ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ ലോ​കം ക​ണ്ട​ത് ഒ​ട്ട​ന​വ​ധി രാ​ഷ്​​ട്രീ​യ, ന​യ​ത​ന്ത്ര പ​ദ്ധ​തി​ക​ൾ. ലി​ബി​യ മു​ത​ൽ ഗ​സ്സ​വ​രെ തു​ട​രു​ന്ന ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ, ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളു​ടെ വി​ജ​യ​ഗാ​ഥ​യി​ലൂ​ടെ.

റ​ഷ്യ വി​ട്ട​യ​ച്ച യു​ക്രെ​യ്ൻ കു​ട്ടി​ക​ൾ​ക്കൊ​പ്പം മു​ൻ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ മ​ന്ത്രി​യും നി​ല​വി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യ ലു​ൽ​വ ബി​ൻ​ത് റാ​ഷി​ദ് അ​ൽ ഖാ​തി​ർ

2007: ബ​ൾ​ഗേ​റി​യ​ൻ ന​ഴ്‌​സു​മാ​രു​ടെ മോ​ച​നം

​സ​ഹ​സ്രാ​ബ്ദ​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ലോ​കം ഏ​റെ ച​ർ​ച്ച ചെ​യ്ത ഒ​ന്നാ​യി​രു​ന്നു ലി​ബി​യ​യി​ൽ ത​ട​ങ്ക​ലി​ലാ​യ ഫ​ല​സ്തീ​ൻ ഡോ​ക്ട​റു​ടെ​യും ബ​ൾ​ഗേ​റി​യ​ൻ ന​ഴ്‌​സു​മാ​രു​ടെ​യും കേ​സ്. വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട ഇ​വി​ടെ എ​ട്ട് വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സ​ത്തി​നു​ശേ​ഷം മോ​ചി​പ്പി​ക്കാ​ൻ ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ ശ്ര​മം വ​ഴി സാ​ധ്യ​മാ​യി.

450 കു​ട്ടി​ക​ൾ​ക്ക് എ​യ്ഡ്‌​സി​ന് കാ​ര​ണ​മാ​കു​ന്ന വൈ​റ​സ് കു​ത്തി​വെ​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് ലി​ബി​യ ഇ​വ​രെ പി​ടി​കൂ​ടി​യ​തും വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ച​തും. അ​ത് പി​ന്നീ​ട് ജീ​വ​പ​ര്യ​ന്തം ത​ട​വാ​യി കു​റ​ച്ചു. ഖ​ത്ത​റി​ന്റെ തു​ട​ർ മ​ധ്യ​സ്ഥ​ത​യി​ൽ അ​വ​രെ വി​ട്ട​യ​ക്കു​ക​യും ചെ​യ്തു.

2008: യ​മ​ൻ സ​ർ​ക്കാ​ർ-​ഹൂ​തി മ​ധ്യ​സ്ഥം

യ​മ​ൻ സ​ർ​ക്കാ​റും ഹൂ​തി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കി​യ​ത് ദോ​ഹ​യാ​യി​രു​ന്നു.

യ​മ​ൻ സ​ർ​ക്കാ​റി​നു​വേ​ണ്ടി അ​ന്ന​ത്തെ പ്ര​സി​ഡ​ന്റാ​യി​രു​ന്ന അ​ലി അ​ബ്ദു​ല്ല സാ​ലി​ഹി​ന്റെ പ്ര​തി​നി​ധി അ​ബ്ദു​ൽ ക​രീം അ​ൽ ഇ​ർ​യാ​നി​യും ഹൂ​തി​ക​ൾ​ക്കു​വേ​ണ്ടി അ​ബ്ദു​ൽ മ​ലി​ക് അ​ൽ ഹൂ​തി​യു​ടെ പ്ര​തി​നി​ധി​യാ​യി സാ​ലി​ഹ് അ​ഹ്‌​മ​ദ് അ​ലി ഹ​ബ്ര​യും ദോ​ഹ​യി​ലെ​ത്തി സ​മാ​ധാ​ന ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പു​വെ​ച്ചു.

2008: ല​ബ​നാ​നു​വേ​ണ്ടി ദോ​ഹ ക​രാ​ർ

2008ൽ ​ല​ബ​നാ​നെ പി​ടി​ച്ചു​ല​ച്ച 18 മാ​സ​ത്തെ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക്ക് അ​ന്ത്യം​കു​റി​ച്ച​ത് ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ​ത​യി​ൽ ഒ​പ്പു​വെ​ച്ച ക​രാ​റി​ലൂ​ടെ​യാ​യി​രു​ന്നു. ക​രാ​ർ പ്ര​കാ​രം അ​ന്ന​ത്തെ ല​ബ​നാ​ൻ സൈ​നി​ക ക​മാ​ൻ​ഡ​ർ മൈ​ക്ക​ൽ സു​ലൈ​മാ​നെ പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലേ​ക്കാ​ണ് അ​ത് ന​യി​ച്ച​ത്. ദേ​ശീ​യ ഐ​ക്യ​സ​ർ​ക്കാ​റി​ന്റെ രൂ​പ​വ​ത്ക​ര​ണ​ത്തി​നു​പു​റ​മേ ത​ല​സ്ഥാ​ന​മാ​യ ബൈ​റൂ​ത്തി​നെ മൂ​ന്ന് മേ​ഖ​ല​ക​ളാ​ക്കി​ക്കൊ​ണ്ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​ത്തി​ന്റെ അം​ഗീ​കാ​ര​വും ദോ​ഹ ക​രാ​റി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​യി.

2011: ദ​ർ​ഫ​ർ സ​മാ​ധാ​ന രേ​ഖ

2011 ജൂ​ലൈ 14ന് ​സു​ഡാ​ൻ സ​ർ​ക്കാ​റി​ന്റെ​യും ലി​ബ​റേ​ഷ​ൻ ആ​ൻ​ഡ് ജ​സ്റ്റി​സ് മൂ​വ്‌​മെ​ന്റി​ന്റെ​യും പ്ര​തി​നി​ധി​ക​ൾ ദ​ർ​ഫ​റി​ലെ സ​മാ​ധാ​ന ക​രാ​ർ ഒ​പ്പു​വെ​ച്ച​ത് ദോ​ഹ​യി​ൽ വെ​ച്ചാ​യി​രു​ന്നു.

ര​ണ്ട​ര വ​ർ​ഷ​മാ​യി​ത്തു​ട​ർ​ന്ന ച​ർ​ച്ച​ക​ളാ​ണ് ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ​ത​ക്കൊ​ടു​വി​ൽ സ​മാ​ധാ​ന ഉ​ട​മ്പ​ടി​യി​ലേ​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്.

2011: ജി​ബൂ​തി-​എ​രി​ത്രി​യ അ​നു​ര​ഞ്ജ​നം

ദീ​ർ​ഘ​കാ​ല​മാ​യി തു​ട​ർ​ന്നി​രു​ന്ന അ​തി​ർ​ത്തി ത​ർ​ക്കം അ​വ​സാ​നി​പ്പി​ച്ച് ജി​ബൂ​തി​യും എ​രി​ത്രി​യ​യും ത​മ്മി​ലു​ള്ള സ​മാ​ധാ​ന ക​രാ​ർ സാ​ധ്യ​മാ​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ മ​ധ്യ​സ്ഥ​ത വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ക​യും ഇ​രു​രാ​ഷ്ട്ര​ങ്ങ​ളും ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്തു.

2012: ഫ​ത​ഹും ഹ​മാ​സും ത​മ്മി​ലെ അ​നു​ര​ഞ്ജ​നം

ഇ​സ്‍ലാ​മി​ക് റെ​സി​സ്റ്റ​ന്റ് മൂ​വ്‌​മെ​ന്റും (ഹ​മാ​സ്) ഫ​ല​സ്തീ​ൻ ലി​ബ​റേ​ഷ​ൻ മൂ​വ്‌​മെ​ന്റും (ഫ​ത​ഹ്) ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് ഫ​ല​സ്തീ​ൻ മേ​ഖ​ല​യെ ഒ​റ്റ​ക്കെ​ട്ടാ​ക്കി മാ​റ്റാ​ൻ ഖ​ത്ത​റി​നാ​യി. ദീ​ർ​ഘ​കാ​ല​ത്തെ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ 2012 ഫെ​ബ്രു​വ​രി ആ​റി​ന് ദോ​ഹ​യി​ൽ വെ​ച്ച് ഫ​ത​ഹി​നു​വേ​ണ്ടി മ​ഹ്‌​മൂ​ദ് അ​ബ്ബാ​സും ഹ​മാ​സി​നു​വേ​ണ്ടി ഖാ​ലി​ദ് മി​ഷ്അ​ലും സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച് ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ത്തി​നൊ​പ്പം നി​ല​കൊ​ണ്ടു.

2013: ദ​ർ​ഫ​ർ ക​രാ​ർ

സു​ഡാ​നി​ലെ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് അ​റു​തി​വ​രു​ത്തി ര​ക്ത​ചൊ​രി​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ച മ​റ്റൊ​രു ക​രാ​റി​നും ഖ​ത്ത​ർ സാ​ക്ഷി​യാ​യി. സു​ഡാ​ൻ സ​ർ​ക്കാ​റി​നെ​യും മ​റു​വ​ശ​ത്ത് ലി​ബ​റേ​ഷ​ൻ ആ​ൻ​ഡ് ജ​സ്റ്റി​സ് മൂ​വ്‌​മെ​ന്റി​നെ​യും ഒ​രു മേ​ശ​ക്ക് ചു​റ്റു​മി​രു​ത്തി വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ലെ​ത്തി.

2014: ക​ന്യാ​സ്ത്രീ​ക​ളു​ടെ മോ​ച​നം

ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ത​ല​ക്കെ​ട്ടാ​യ സം​ഭ​വ​മാ​യി​രു​ന്നു 13 ക​ന്യാ​സ്ത്രീ​ക​ളെ സി​റി​യ​ൻ വി​മ​ത പോ​രാ​ളി​ക​ൾ ത​ട​വി​ലാ​ക്കി​യ കേ​സ്. സി​റി​യ​യി​ലെ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി​രു​ന്നു ഈ ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ. മൂ​ന്നു മാ​സം വി​മ​ത​രു​ടെ ത​ട​വി​ലാ​യി​രു​ന്ന​വ​രു​ടെ മോ​ച​ന​ത്തി​നാ​യി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം 2013 ഡി​സം​ബ​റി​ൽ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു.

സി​റി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ജ​യി​ലു​ക​ളി​ൽ ത​ട​വി​ലാ​യി​രു​ന്ന 153ല​ധി​കം വ​നി​താ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി 13 ക​ന്യാ​സ്ത്രീ​ക​ളെ വി​മ​ത​ർ വി​ട്ട​യ​ച്ചു.

2014: താ​ലി​ബാ​ൻ-അ​മേ​രി​ക്ക  ത​ട​വു​കാ​രു​ടെ കൈ​മാ​റ്റം

കു​പ്ര​സി​ദ്ധ​മാ​യ ഗ്വാ​ണ്ട​നാ​മോ ത​ട​വ​റ​യി​ലാ​യി​രു​ന്ന അ​ഞ്ച് മു​തി​ർ​ന്ന താ​ലി​ബാ​ൻ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന​തി​നു പ​ക​ര​മാ​യി അ​മേ​രി​ക്ക​ൻ സൈ​നി​ക സ​ർ​ജ​ന്റ് ബോ​വ് ബെ​ർ​ഗ്ദാ​ലി​നെ മോ​ചി​പ്പി​ച്ച് അ​ഫ്ഗാ​നി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് കൈ​മാ​റി​യ​ത് ഖ​ത്ത​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മ​ധ്യ​സ്ഥ​ത ച​ർ​ച്ച​ക​ളെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു. താ​ലി​ബാ​ൻ മൂ​ന്ന് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​ട​വി​ലാ​ക്കി​യി​രു​ന്ന അ​മേ​രി​ക്ക​ൻ പൗ​ര​ൻ കെ​വി​ൻ കി​ങ്ങി​ന്റെ​യും ആ​സ്‌​ട്രേ​ലി​യ​ൻ പൗ​ര​ൻ തി​മോ​ത്തി വീ​ക്‌​സി​ന്റെ​യും മോ​ച​ന​ത്തി​നും ഖ​ത്ത​ർ വ​ഴി​യൊ​രു​ക്കി.

2015: ല​ബ​നാ​ൻ സൈ​നി​ക​രു​ടെ മോ​ച​നം

2014ൽ ​തീ​വ്ര​വാ​ദി സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ 16 ല​ബ​നാ​ൻ സൈ​നി​ക​രെ മോ​ചി​പ്പി​ച്ച​ത് ഖ​ത്ത​ർ നേ​തൃ​ത്വം ന​ൽ​കി​യ മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ളു​ടെ ഫ​ല​മാ​യി​രു​ന്നു. സൈ​നി​ക​ർ​ക്ക് പ​ക​ര​മാ​യി ല​ബ​നാ​ൻ ത​ട​വി​ലാ​ക്കി​യ 17 സ്ത്രീ​ക​ള​ട​ക്ക​മു​ള്ള 25 ത​ട​വു​കാ​രും അ​ന്ന് മോ​ചി​പ്പി​ക്ക​പ്പെ​ട്ടു.

2016: ജി​ബൂ​തി​യ​ൻ ത​ട​വു​കാ​രു​ടെ മോ​ച​നം

എ​രി​ത്രി​യ​യി​ലെ ജി​ബൂ​തി​യ​ൻ ത​ട​വു​കാ​രു​ടെ മോ​ച​ന​ത്തി​നും ഖ​ത്ത​ർ മ​ധ്യ​സ്ഥ​ത വ​ഹി​ച്ചു. 2015 മാ​ർ​ച്ചി​ൽ സ്വ​കാ​ര്യ വി​മാ​ന​ത്തി​ൽ നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി​യാ​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്‌​മാ​ൻ ആ​ൽ​ഥാ​നി​ക്കൊ​പ്പ​മാ​യി​രു​ന്നു ത​ട​വു​കാ​ർ രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യ​ത്.

2015: അ​ഫ്ഗാ​ൻ-താ​ലി​ബാ​ൻ ച​ർ​ച്ച

അ​ഫ്ഗാ​നി​സ്താ​നി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി താ​ലി​ബാ​നും അ​ഫ്ഗാ​ൻ സ​ർ​ക്കാ​റും ത​മ്മി​ൽ നി​ര​വ​ധി ത​വ​ണ ച​ർ​ച്ച​ക​ൾ​ക്ക്​ ദോ​ഹ സാ​ക്ഷി​യാ​യി.

2017: സു​ഡാ​നി​ലെ സ​മാ​ധാ​ന ക​രാ​ർ

എ​ന്നും ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം കാ​ര​ണം പു​ക​യു​ന്ന സു​ഡാ​നി​ൽ വീ​ണ്ടും ഖ​ത്ത​റി​ന്റെ സ​മാ​ധാ​ന ശ്ര​മം. 2017 ജ​നു​വ​രി 23ന് ​ദ​ർ​ഫ​റി​ൽ സ​മാ​ധാ​ന പ്ര​ക്രി​യ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്റെ ഭാ​ഗ​മാ​യി സു​ഡാ​ൻ സ​ർ​ക്കാ​റും സു​ഡാ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി-​സെ​ക്ക​ൻ​ഡ് റെ​വ​ല്യൂ​ഷ​ൻ മൂ​വ്‌​മെ​ന്റും ത​മ്മി​ലു​ള്ള ക​രാ​ർ ഒ​പ്പു​വെ​ച്ച​ത് ദോ​ഹ​യി​ൽ വെ​ച്ചാ​യി​രു​ന്നു.

2019: അ​ഫ്ഗാ​നി​ലെ അ​മേ​രി​ക്ക​ൻ സേ​നാ പി​ന്മാ​റ്റം

20 വ​ർ​ഷ​ത്തോ​ളം നീ​ണ്ട അ​ഫ്ഗാ​നി​ലെ അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ​ത്തി​ന് അ​ന്ത്യം കു​റി​ച്ചു​കൊ​ണ്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്കും ദോ​ഹ വേ​ദി​യാ​യി. 2019 മേ​യ് മാ​സ​ത്തി​ലാ​യി​രു​ന്നു അ​ഫ്ഗാ​നി​സ്താ​നി​ൽ​നി​ന്ന് അ​മേ​രി​ക്ക​യു​ടെ​യും സ​ഖ്യ​സേ​ന​യു​ടെ​യും പി​ന്മാ​റ്റം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി വാ​ഷി​ങ്ട​ണും താ​ലി​ബാ​നും ത​മ്മി​ൽ ഖ​ത്ത​ർ മ​ധ്യ​സ്ഥ​ത​യി​ൽ ദോ​ഹ​യി​ൽ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ഒ​ടു​വി​ൽ 2020 ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തി​ൽ ദോ​ഹ ക​രാ​റി​ൽ ഇ​രു ക​ക്ഷി​ക​ളും ഒ​പ്പു​വെ​ച്ചു. 20 വ​ർ​ഷം നീ​ണ്ടു​നി​ന്ന അ​ഫ്ഗാ​ൻ യു​ദ്ധം നി​ർ​ത്തി സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കു​ന്ന​തി​ലേ​ക്ക് ക​രാ​ർ ന​യി​ച്ചു.

2022: ഇ​റാ​ൻ ആ​ണ​വ ച​ർ​ച്ച

ആ​ണ​വ വി​ഷ​യ​ത്തി​ൽ ഇ​റാ​നും അ​മേ​രി​ക്ക​ക്കും ഇ​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് യൂ​റോ​പ് മു​ൻ​കൈ​യെ​ടു​ത്ത പ​രോ​ക്ഷ ച​ർ​ച്ച​ക​ൾ​ക്ക് വേ​ദി​യാ​യ​ത് ഖ​ത്ത​റാ​യി​രു​ന്നു. വി​യ​ന്ന​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദോ​ഹ​യി​ലേ​ക്ക് ച​ർ​ച്ച മാ​റ്റി​യ​ത്.

2023: അ​മേ​രി​ക്ക -ഇ​റാ​ൻ ത​ട​വു​കാ​രു​ടെ കൈ​മാ​റ്റം

ആ​ഗ​സ്റ്റി​ൽ അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ ക​രാ​റി​ൽ ഖ​ത്ത​ർ മ​ധ്യ​സ്ഥ​ത വ​ഹി​ച്ചു. ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ അ​മേ​രി​ക്ക ത​ട​വി​ലാ​ക്കി​യ അ​ഞ്ച് ഇ​റാ​നി​ക​ളെ​യും തെ​ഹ്‌​റാ​നി​ലെ ആ​റ് ബി​ല്യ​ൻ ഡോ​ള​ർ ആ​സ്തി​ക​ൾ​ക്ക് മേ​ലു​ള്ള ഉ​പ​രോ​ധം നീ​ക്കു​ക​യും ചെ​യ്തു. പ​ക​ര​മാ​യി ദോ​ഹ​യി​ലെ​ത്തി​ച്ച അ​ഞ്ച് അ​മേ​രി​ക്ക​ൻ ത​ട​വു​കാ​രെ​യും മോ​ചി​പ്പി​ച്ചു. ക​രാ​ർ പ്ര​കാ​രം ദ​ക്ഷി​ണ കൊ​റി​യ​യി​ൽ മ​ര​വി​പ്പി​ച്ച ഇ​റാ​നി​യ​ൻ ഫ​ണ്ടു​ക​ൾ ഖ​ത്ത​രി ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.

2024: യു​ക്രെ​യ്ൻ കു​ട്ടി​ക​ളു​ടെ മോ​ച​നം

2022ൽ ​ആ​രം​ഭി​ച്ച റ​ഷ്യ-​യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​ത്തി​ന്റെ ബാ​ക്കി പ​ത്ര​മാ​യി​രു​ന്നു യു​ദ്ധം വേ​ർ​പെ​ടു​ത്തി​യ കു​ട്ടി​ക​ൾ. കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും വേ​ർ​പെ​ട്ട് ഇ​രു രാ​ജ്യ​ങ്ങ​ളി​ലാ​യി ആ​യി​ര​​ത്തി​ലേ​റെ കു​ട്ടി​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

ഈ ​സ​ങ്കീ​ർ​ണ​ത​യി​ലും ഖ​ത്ത​ർ ഇ​ട​പെ​ട്ടു. തു​ട​ർ​ച്ച​യാ​യ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളി​ലൂ​ടെ ഘ​ട്ടം ഘ​ട്ട​മാ​യി കു​ട്ടി​ക​ളു​ടെ മോ​ച​നം സാ​ധ്യ​മാ​വു​ന്നു.

ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ 37 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 20 റ​ഷ്യ​ൻ, യു​ക്രെ​യ്ൻ കു​ടും​ബ​ങ്ങ​ൾ ഖ​ത്ത​റി​ലെ​ത്തു​ക​യും കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്നെ ചാ​ഡ് സ​ർ​ക്കാ​റും സൈ​ന്യ​വും ത​മ്മി​ലെ സ​മാ​ധാ​ന ക​രാ​ർ ഒ​പ്പി​ടു​ന്ന​തി​നും ദോ​ഹ സാ​ക്ഷ്യം വ​ഹി​ച്ചു.

Tags:    
News Summary - Doha World Peace Address

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.