ദോഹ എക്സ്പോയിലെ മികച്ച പവിലിയനുകൾക്കുള്ള പുരസ്കാരം മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ വിതരണം ചെയ്തപ്പോൾ
ദോഹ: ആറു മാസം നീണ്ടുനിന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചർ എക്സ്പോയെ മികവുറ്റ പവിലിയനുകൾകൊണ്ട് മനോഹരമാക്കിയ പങ്കാളികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. വിവിധ വിഭാഗങ്ങളിലായി പ്രകടനം വിലയിരുത്തിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രാത്രിയോടെ കൊടിയിറങ്ങിയ എക്സ്പോയുടെ സമാപനത്തോടനുബന്ധിച്ച് ബുധനാഴ്ച രാത്രിയിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രിയും എക്സ്പോ ദോഹ സംഘാടക സമിതി ചെയർമാനുമായ അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ വിവിധ വിഭാഗങ്ങളിൽ വിജയികളായ പവിലിനുകൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. സ്വയംനിർമിത പവിലിയൻ വിഭാഗത്തിൽ യു.എ.ഇ ഒന്നാമതെത്തിയപ്പോൾ ഏറ്റവും വലിയ പവലിയൻ അവാർഡ് ദക്ഷിണ കൊറിയക്കും ഇടത്തരം പവിലിയൻ വിഭാഗത്തിൽ സെനഗലും പുരസ്കാരങ്ങൾ സ്വന്തമാക്കി.
ഇന്റീരിയർ ഡിസൈനിലുള്ള സ്വർണ മെഡൽ ജപ്പാൻ പവിലിയനാണ്. പ്രോഗ്രാമിങ് വിഭാഗത്തിൽ സ്വയം നിർമിച്ചത് ഏറ്റവും വലുത്, ഇടത്തരം എന്നീ കാറ്റഗറികളിൽ യഥാക്രമം ഇറ്റലി, അംഗോള, മെക്സികോ എന്നീ പവിലിയനുകളാണ് ജേതാക്കളായത്. വിദ്യാഭ്യാസ മേഖലയിൽ പ്രത്യേക പരാമർശം നേടി കുവൈത്ത്, അറബ് ലീഗ്, ക്യൂബ എന്നീ പവിലിയനുകൾ മുന്നിലെത്തിയപ്പോൾ, മികച്ച ആതിഥേയത്വത്തിന് ജി.സി.സി, യമൻ, അൽജീരിയ എന്നിവർ മെഡലുകൾ വാരിക്കൂട്ടി. എ.ഐ.പി.എച്ച് വിഭാഗത്തിൽ തുർക്കിക്കാണ് പുരസ്കാരം ലഭിച്ചത്. അതേസമയം, മികച്ച ഉൽപന്ന വിഭാഗത്തിൽ ജപ്പാനും ജേതാവായി. ദോഹ എക്സ്പോ 2023ന്റെ പ്രമേയത്തെ ഏറ്റെടുത്ത് പവലിയൻ വിഭാഗത്തിൽ കേപ് വെർഡെ, സുഡാൻ, ഒമാൻ എന്നീ രാജ്യങ്ങളാണ് ബഹുമതിക്ക് അർഹരായത്. ബ്യൂറോ ഓഫ് ഇന്റർനാഷനൽ ഡെസ് എക്സ്പോ (ബി.ഐ.ഇ), ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾചർ പ്രൊഡ്യൂസേഴ്സ് (എ.ഐ.പി.എച്ച്) എന്നിവിടങ്ങളിൽ നിന്നുള്ള പത്തോളം വിദഗ്ധരടങ്ങുന്ന ജൂറിയാണ് വിജയികളായ പവിലിയനുകളെ തിരഞ്ഞെടുത്തത്. അവാർഡുദാന ചടങ്ങിൽ മന്ത്രി അൽ അതിയ്യക്ക് പുറമേ, ബി.ഐ.ഇ പ്രസിഡന്റ് അലൈൻ ബെർഗർ, എ.ഐ.പി.എച്ച് പ്രസിഡന്റ് ലിയനാഡോ ക്യാപിറ്റാനോ, ഉന്നത ഉദ്യോഗസ്ഥർ, ഖത്തറിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, പവിലിയൻ കമീഷണർമാർ എന്നിവരും പങ്കെടുത്തു.
ദോഹ എക്സ്പോയിലെ മികച്ച പവിലിയനുകൾക്കുള്ള പുരസ്കാരം മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ വിതരണം ചെയ്തപ്പോൾ
ദോഹ എക്സ്പോയിൽ ആറ് മാസമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ ശ്രമങ്ങളുടെ ആഘോഷമാണിതെന്നും എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികളെ കാണാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ദോഹ എക്സ്പോ കമ്മീഷണർ ജനറൽ ബദർ ബിൻ ഒമർ അൽ ദഫ പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ നേടുകയും മുന്നിലെത്തുകയും ചെയ്ത പവിലിയനുകളെ അഭിനന്ദിക്കുകയാണെന്നും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കാനും ലോകത്തിന് സവിശേഷമായ ഒരു സ്പർശം നൽകാനും സംഘാടകരെ സഹായിച്ച എല്ലാ രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ആത്മാർഥമായ നന്ദി അറിയിക്കുന്നുവെന്നും അൽ ദഫാ പറഞ്ഞു. പങ്കാളിത്തം, സന്ദർശകരുടെ എണ്ണം, ശിൽപശാലകൾ, വിനോദ പരിപാടികൾ, നൂതന സംരംഭങ്ങൾ, ഗിന്നസ് വേൾഡ് റെക്കോഡ് നേട്ടങ്ങൾ എന്നിവയിൽ ദോഹ എക്സ്പോ 2023 നേടിയ വിജയം യാദൃച്ഛികമല്ലെന്നും മികച്ച ഒരു സംഘം ഇതിനു പിന്നിൽ അഹോരാത്രം പരിശ്രമിക്കുന്നുണ്ടെന്നും സംഘാടക സമിതി സെക്രട്ടറി ജനറൽ ഡോ. ഫാഇഖ അഷ്കനാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.