നീരജ് ചോപ്ര, കിഷോർ ജെന
ദോഹ: മേയ് 16ന് നടക്കുന്ന ദോഹ ഡയമണ്ട് ലീഗ് അത്ലറ്റിക് പോരാട്ടത്തിൽ ഇന്ത്യയുടെ ഒളിമ്പിക്സ്, ലോകചാമ്പ്യൻ നീരജ് ചോപ്ര ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ മത്സരിക്കും. ജാവലിൻത്രോയിൽ ഒളിമ്പിക്സിലും ലോകചാമ്പ്യൻഷിപ്പിലും സ്വർണം നേടിയ നീരജ് തുടർച്ചയായി മൂന്നാം തവണയാണ് ദോഹ ഡയമണ്ട് ലീഗിൽ മത്സരിക്കാനെത്തുന്നത്. ഒപ്പം, ജാവലിനെ സഹതാരം കിഷോർ ജെനയും എത്തും. കഴിഞ്ഞ തവണയും ഇരുവരും മത്സരിച്ചിരുന്നു.
ഗുൽവീർ സിങ്, പാരുൾ ചൗധരി
പുരുഷ വിഭാഗം 5000 മീറ്ററിൽ മത്സരിക്കുന്ന ഗുൽവീർ സിങ്, വനിതാ 3000 സ്റ്റീപ്പിൾ ചേസ് താരം പാരുൾ ചൗധരി എന്നിവരാണ് മറ്റ് ഇന്ത്യൻ സാന്നിധ്യങ്ങൾ. നിലവിലെ ദേശീയ റെക്കോഡിന് ഉടമ കൂടിയാണ് പാരുൾ ചൗധരി. 2023 ദോഹ ഡയമണ്ട് ലീഗിൽ 88.67 മീറ്റർ ദൂരം താണ്ടിയ നീരജ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ, 2024ൽ 88.36 മീറ്റർ പ്രകടനത്തിലൂടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഒപ്പം മത്സരിച്ച കിഷോർ ജെന ഒമ്പതാം സ്ഥാനത്തായാണ് മടങ്ങിയത്. ലോകോത്തര താരങ്ങൾക്കൊപ്പമാണ് നീരജും ജെനയും ഇത്തവണയും മാറ്റുരക്കുന്നത്. രണ്ടു തവണ ലോകചാമ്പ്യനും, ഒളിമ്പിക്സ് മെഡൽ ജേതാവുമായ ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സൺ, 2024ലെ ജേതാവ് ചെക്ക് റിപ്പബ്ലിക്കിന്റെ യാകുബ് വാഡ് ലെ, ജർമനിയുടെ ജൂലിയൻ വെബർ, മാക്സ് ഡെനിങ് എന്നിവർ മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.