1. ഡി.ഇ.സി.സിയിൽ ആരംഭിച്ച ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെ ഖത്തർ മ്യൂസിയം പവിലിയൻ, 2. ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെ ഒമാൻ പവലിയൻ
ദോഹ: ഖത്തറിലെയും മേഖലയിലെയും പുസ്തകപ്രേമികളെ ആകർഷിച്ച് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ദോഹ അന്താരാഷ്ട്ര പുസ്തകമേള ശ്രദ്ധേയമാകുന്നു. വ്യാഴാഴ്ച തുടക്കം കുറിച്ച് മേയ് 18 വരെ നീണ്ടുനിൽക്കുന്ന പുസ്തകമേളയുടെ 33ാമത് പതിപ്പ് പതിവ് പോലെ ബഹുഭാഷകളിൽ വായനാ വൈവിധ്യവുമായാണ് സന്ദർശകരെ വരവേൽക്കുന്നത്. ‘വിജ്ഞാനത്തിലൂടെ നാഗരികതകള്‍ കെട്ടിപ്പടുക്കുന്നു’ എന്ന പ്രമേയത്തിൽ ആരംഭിച്ച പുസ്തകമേള ഇത്തവണ പങ്കാളിത്തം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. 42 രാജ്യങ്ങളിൽനിന്നായി 515 പ്രസാധകർ പങ്കെടുക്കുന്നു. പ്രസാധകരുടെയും രാജ്യങ്ങളുടെയും പങ്കാളിത്തം കൊണ്ട് മേളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര പുസ്തകമേളയാണ് ഇത്തവണത്തേത്. വിജ്ഞാന, ശാസ്ത്രമേഖലകളിൽനിന്നായി 18,000ൽ അധികം പുതിയ വിഷങ്ങളിലുള്ള പുസ്തകങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്. രാജ്യത്തെ നിരവധി എംബസികളുടെ പിന്തുണയും വിശാലമായ സാംസ്കാരിക പങ്കാളിത്തവും കൊണ്ടും മേള പ്രത്യേകം ശ്രദ്ധേയമാണ്. മേളയിലെ അതിഥി രാജ്യം എന്ന നിലയിൽ ഒമാനിന്റെ പ്രത്യേക പ്രദർശനവും ആകർഷിക്കുന്നു. ഒമാനി പൈതൃകവും ബൗദ്ധിക സംഭാവനകളും സാഹിത്യവും ഉയർത്തിക്കാട്ടുന്നതാണ് ഒമാൻ പവലിയൻ.
അറബ്, അന്താരാഷ്ട്ര സംസ്കാരിക ഭൂപടത്തിൽ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന പുസ്തകമേളയെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരുമായ നിരവധിപേർ പ്രശംസിച്ചു. മേളയുടെ പങ്കാളിത്തത്തിലെ വളർച്ച, സംഘാടനം, രൂപകൽപനയിലെ സർഗാത്മകത എന്നിവയിൽ തുടർച്ചയായ മാറ്റങ്ങൾ പുസ്തകങ്ങളുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നുവെന്ന് ഖത്തർ ഗതാഗതമന്ത്രി ജാസിം ബിൻ സൈഫ് അൽസുലൈത്തി ഖത്തർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിനിടെ ചൂണ്ടിക്കാട്ടി. പുസ്തകങ്ങളിലൂടെയുള്ള സംസ്കാരം, സർഗാത്മകത, ബൗദ്ധിക വികാസം എന്നിവയിൽ ഖത്തറിന്റെ പ്രത്യേക ശ്രദ്ധയും താൽപര്യവുമാണ് അന്താരാഷ്ട്ര പുസ്തകമേളയിലൂടെ പ്രതിഫലിക്കുന്നതെന്ന് നീതിന്യായ മന്ത്രിയും കാബിനറ്റ് സഹമന്ത്രിയുമായ ഇബ്റാഹിം ബിൻ അലി അൽ മുഹന്നദി പറഞ്ഞു.
ഖത്തറും ഒമാനും തമ്മിലുള്ള സാംസ്കാരിക സഹകരണം ഏറെ മുന്നോട്ട് പോയിരിക്കുന്നുവെന്നും പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, സൗഹൃദ ബന്ധം ആഴത്തിലുള്ളതാണെന്നും ഒമാൻ സാംസ്കാരിക, യുവജനകാര്യ, കായിക മന്ത്രാലയം അണ്ടർ സെക്രട്ടറി സെയ്ദ് ബിൻ സുൽത്താൻ അൽ ബുസൈദി പറഞ്ഞു. 33ാമത് പുസ്തകമേളയിൽ ഖത്തറിൽനിന്ന് നിരവധി പ്രസാധകരാണ് പങ്കെടുക്കുന്നത്. റോസ പബ്ലിഷിങ് ഹൗസ്, ദാർ അൽ വതാദ്, ഖത്തർ സർവകലാശാല പ്രസ്, കതാറ പബ്ലിഷിങ് ഹൗസ്, എച്ച്.ബി.കെ.യു പ്രസ്, ദാർ അൽ ഷർഖ് ഫോർ പ്രിന്റിങ്, ദാർ അൽ ഥഖാഫ, ലുസൈൽ സർവകലാശാല, അറബ് സെന്റർ പോളിസി ആൻഡ് റിസർച്ച് സ്റ്റഡീസ് തുടങ്ങി പ്രമുഖ പ്രസാധകരെല്ലാം ഇത്തവണയുണ്ട്.
കുവൈത്ത് സ്റ്റേറ്റ് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ്, ഒമാൻ പൈതൃക സാംസ്കാരിക മന്ത്രാലയം, ഷാർജ ബുക്ക് അതോറിറ്റി, അബൂദബി അറബിക് ലാംഗ്വേജ് സെന്റർ, സൗദി അറേബ്യയിൽനിന്നുള്ള തൈബ സർവകലാശാല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവരുൾപ്പെടുന്ന ജി.സി.സി പങ്കാളിത്തം ശ്രദ്ധേയമാണ്. മൊറോക്കോ, അൾജീരിയ, യമൻ, ഈജിപ്ത്, ചൈന, അസർബൈജാൻ, അമേരിക്ക, ബ്രിട്ടൻ, തുർക്കി, മൗറിത്താനിയ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളും മേളയിലുണ്ട്. മേളയുടെ പ്രധാന വേദിയിൽ നാടകങ്ങൾക്ക് പുറമേ സെമിനാറുകൾ, പ്രഭാഷണങ്ങൾ, കവിതാ സദസ്സുകൾ എന്നിവയും നടക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് മേളയുടെ പ്രവർത്തന സമയം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 10 വരെയും മേള പ്രവർത്തിക്കും.
ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ മലയാള സാന്നിധ്യമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് സ്റ്റാൾ വൊഡാഫോൺ കോർപറേറ്റ് കമ്യൂണിക്കേഷൻ മേധാവി അലി അതീഖ് അല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രദർശന നഗരിയിൽ എച്ച് വൺ-09 നമ്പറിലാണ് ഐ.പി.എച്ച് പ്രവർത്തിക്കുന്നത്. സന്ദർശകർക്കായി നിരവധി ആനുകൂല്യങ്ങളാണ് ഒരുക്കിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെ ഐ.പി.എച്ച് സ്റ്റാൾ അലി അതീഖ് അൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു
ഐ.പി.എച്ചിന്റെ ഏറ്റവും പുതിയ പ്രസിദ്ധീകരണമായ യഹിയ സിന്‍വാറിന്റെ മുൾചെടിയും കരയാമ്പൂവും, ഖറദാവിയുടെ ആത്മകഥ ‘തഫ്ഹീമുല്‍ ഖുര്‍ആന്‍’ മുഴുവന്‍ വാള്യങ്ങളും എന്നിവ ഇവിടെ ലഭ്യമാണ്. നാട്ടിലേക്കു അയക്കുവാനും ഖത്തറിൽ വാങ്ങുവാനായി നിരവധി പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. സ്റ്റാളിൽ ലഭ്യമായ മുഴുവൻ പുസ്തകങ്ങൾക്കും 10 മുതൽ 25 ശതമാനംവരെ ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ നാട്ടിലും ഖത്തറിലുമുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിവിധ സന്ദർഭങ്ങളിൽ നൽകുവാനുള്ള ഗിഫ്റ്റ് പാക്കേജുകളും ലഭ്യമാണ്. ദിവസവും രാവിലെ എട്ട് മുതൽ രാത്രി 11 വരെയാണ് സ്റ്റാൾ പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.