ദോഹ അന്താരാഷ്ട്ര പുസ്തക മേളയിൽനിന്ന് (ഫയൽ ചിത്രം)
ദോഹ: ഖത്തറിലെ വായനസമൂഹം കാത്തിരിക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ നാളു കുറിച്ചു. ജൂൺ 12 മുതൽ 21 വരെ നീളുന്ന പുസ്തക മേളക്ക് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ വേദിയാകും.
‘വായനയിലൂടെ നമ്മൾ വളരുന്നു’പ്രമേയത്തിലാണ് 32ാമത് ദോഹ രാജ്യാന്തര പുസ്തക മേള നടക്കുകയെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഖത്തറിലെയും അറബ് ലോകത്തെയും വിവിധ വിദേശ രാജ്യങ്ങളിലെയുമായി നിരവധി പുസ്തകശാലകളുടെ വൻ പങ്കാളിത്തത്തോടെയാണ് ഇത്തവണ മേള നടക്കുന്നത്.
സാംസ്കാരിക പരിപാടികൾ, സെമിനാർ, ചർച്ചകൾ, സാഹിത്യ സദസ്സുകൾ, സംഗീത പരിപാടികൾ എന്നിവയും 10 ദിവസം നീളുന്ന പുസ്തക മേളയോടനുബന്ധിച്ച് നടക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ, വിദഗ്ധർ, ശാസ്ത്രകാരന്മാർ എന്നിവരും പങ്കെടുക്കും. ഖത്തറിൽ നിന്നുള്ള എഴുത്തുകാരുടെയും ചിന്തകരുടെയും വലിയൊരു നിര പരിപാടിയിൽ സംബന്ധിക്കും.
ഖത്തരി ജനതയുടെ വായനപ്രിയവും അറിവ് നേടാനുള്ള താൽപര്യവും കണക്കിലെടുത്താണ് ഇത്തവണത്തെ മേളയുടെ പ്രമേയം തിരഞ്ഞെടുത്തതെന്ന് സാംസ്കാരിക മന്ത്രാലയം കുറിപ്പിൽ വ്യക്തമാക്കി.
എഴുത്തുകളും രചനകളുമായും ഖത്തറിൽനിന്ന് വായനലോകത്തിന് വലിയ സംഭാവന നൽകാറുണ്ട്. ശാസ്ത്ര, സാഹിത്യ, ബൗദ്ധിക വിഷയങ്ങളിൽ നിരവധി ഖത്തരികൾ എഴുതിയ പുസ്തകങ്ങൾ അയൽരാജ്യങ്ങളിലും അറബ് ലോകത്തും ശ്രദ്ധേയമായതായി സാംസ്കാരിക മന്ത്രാലയം പറഞ്ഞു.
സൗദി ഉൾപ്പെടെ അയൽ രാജ്യങ്ങളിൽനിന്നുള്ള പ്രസാധകരും മേളയുടെ ഭാഗമാകും. ‘വായനയിലൂടെ നമ്മൾ വളരുന്നു’പ്രമേയത്തിലൂടെ പുസ്തക മേളയെ രാജ്യത്തെ ജനങ്ങളുടെ അറിവ് സമ്പാദനത്തിലേക്ക് വളർത്തുകയെന്ന ലക്ഷ്യവുമുണ്ട്.
2022 ജനുവരിയിലായിരുന്നു കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര പുസ്തക മേള നടന്നത്. 37 രാജ്യങ്ങളിൽ നിന്നായി 430 പ്രസാധകരും 90 ഏജൻസികളും പങ്കെടുത്തിരുന്നു. ഇത്തവണത്തെ കണക്കുകൾ പിന്നീട് പുറത്തുവിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.