ഡിജിറ്റല്‍ ലോകം: കുട്ടികളുടെ സുരക്ഷിതത്വത്തില്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക

ദോഹ: ഡിജിറ്റല്‍ ലോകവുമായുള്ള ബന്ധം വര്‍ധിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷിതത്വത്തിന്‍െറ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ആശങ്കാകുലരാകുന്നതായി വോഡഫോണ്‍ ഖത്തറിന്‍െറ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി മേധാവി ദന ഹൈദന്‍. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷിതത്വത്തില്‍ ഏതു രാജ്യക്കാരായ രക്ഷിതാക്കളും ഒരുപോലെ ഉത്കണ്ഠാകുലരാണെന്ന് വോഡഫോണ്‍ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടതായാണ് ഇവര്‍ പറയുന്നത്.
 വിവിധ രാജ്യക്കാരായ 300ഓളം രക്ഷിതാക്കളിലാണ് ഇവര്‍ പഠനം നടത്തിയത്. എല്ലാവരും ഇക്കാര്യത്തില്‍ തുല്യ ആശങ്കയുള്ളവരാണെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കുട്ടികളുടെ വ്യക്തിത്വത്തില്‍ ഓണ്‍ലൈന്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പല രക്ഷിതാക്കളും ആശങ്കപ്പെടുന്നുണ്ട്.
 ഓണ്‍ലൈന്‍ സുരക്ഷയില്‍ വോഡഫോണ്‍ സജീവ ശ്രദ്ധ പുലര്‍ത്തുന്നതിന്‍്റെ ഭാഗമായാണ് 2014ല്‍ അമാന്‍ ടെക് എന്ന പേരില്‍ ഡിജിറ്റല്‍ പാരന്‍റിങ് പ്രോഗ്രാം ആരംഭിച്ചത്. പല സ്കൂളുകളിലും പുസ്തകങ്ങള്‍ക്കുപകരം ഐപാഡുകള്‍ ഉപയോഗിക്കുന്ന ഇക്കാലത്ത്, മാതാപിതാക്കളുടെ വേവലാതിയും ആശങ്കയും മനസ്സിലാക്കിക്കോണ്ടാണ് ഇത്തരമൊരു പാരന്‍റിങ് പ്രോഗ്രാമിന് വോഡഫോണ്‍ തുടക്കം കുറിച്ചത്. ദന പറഞ്ഞു.  പുസ്തകങ്ങളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത് പല തരം ആപ്ളിക്കേഷനുകളാണ്. ഡിജിറ്റല്‍ ലോകത്തില്‍ ജനിക്കുന്ന കുട്ടികളുടെ വളര്‍ച്ചയില്‍ ഇവക്കുള്ള പ്രാധാന്യം രക്ഷിതാക്കള്‍ മനസ്സിലാക്കുകയും അതിന്‍െറ ഉപയോഗങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും വേണം.
 അമാന്‍ ടെക് ഈ വര്‍ഷം നടത്തുന്ന കണക്റ്റഡ് ഫാമിലി പ്രോഗ്രാമില്‍ 15 സ്കൂളുകളിലെ മുഴുവന്‍ രക്ഷിതാക്കളെയും പങ്കെടുപ്പിക്കാനാണ് വോഡഫോണ്‍ ലക്ഷ്യമിടുന്നത്. അമാന്‍ ടെകിന്‍്റെ പുതിയ സംരംഭമായ, രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ച് സ്വയം വിലയിരുത്താനുള്ള സൗകര്യം ഉടന്‍ ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  
പാരന്‍റിങ് വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയ അമാന്‍ ടെക്കിന്‍്റെ വെബ്സൈറ്റ് ഓണ്‍ലൈനിന്‍്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് അവബോധം നല്‍കുന്നതാണ്. ഇതുപയോഗപ്പെടുത്താന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു.
കൂടുതല്‍ രക്ഷിതാക്കള്‍ക്കും സ്കൂളുകളിലേക്കും ബോധവല്‍ക്കരണങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും ദന പറഞ്ഞു.  

 

Tags:    
News Summary - digital world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.