ദോഹ: വൈദ്യുതി ഉപഭോഗം 40 ശതമാനത്തോളം കുറക്കാൻ സഹായിക്കുന്ന പരിസ്ഥിതി സൗഹൃദവും ഈർജ്ജ ക്ഷമതയുമുള്ള എയർകണ്ടീഷനിംഗ് സംവിധാനമായ ഡിസ്ട്രിക് കൂളിംഗ് സിസ്റ്റം(ഡി.സി.എസ്)നടപ്പിൽ വരുത്തുന്നതിന് ഉടൻ നിയമം കൊണ്ടുവരുമെന്ന് കഹ്റമ പ്രസിഡൻറ് ഈസ ബിൻ ഹിലാൽ അൽ കുവാരി പറഞ്ഞു. വൈദ്യുതി ഉപഭോഗം കുറക്കുന്നതോടൊപ്പം വാണിജ്യപദ്ധതികളിലെ നിക്ഷേപക ചാർജ്ജ് 10 ശതമാനം കുറക്കാനും ഇത് വഴിയാകുമെന്നും അൽ കുവാരി വ്യക്തമാക്കി. ഡി.സി.എസ് റെഗുലേറ്റിംഗ് നിയമം അതിെൻറ അവസാന ഘട്ടത്തിലാണെന്നും മന്ത്രിസഭയുടെ അംഗീകാരത്തിനായി ഉടൻ തന്നെ അയക്കുമെന്നും കഹ്റമ മേധാവി സൂചിപ്പിച്ചു.
മേഖലയിൽ ഇത്തരത്തിലുള്ള നിയമം ആദ്യമായാണ് കൊണ്ട് വരുന്നതെന്നും പാരമ്പര്യ ശീതീകരണ സംവിധാനത്തിൽ നിന്നും ഉപഭോക്താക്കൾക്ക് പുതിയ സംവിധാനത്തിലേക്ക് ലളിതമായി മാറാൻ സാധിക്കുന്നതോടൊപ്പം പ്രസ്തുത സാങ്കേതികവിദ്യയിൽ നിക്ഷേപമിറക്കാൻ വ്യാപാരികളെ േപ്രരിപ്പിക്കുമെന്നും അൽ കുവാരി പറഞ്ഞു. റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ നടന്ന ദ്വിദിന ഡിസ്ട്രിക് കൂളിംഗ് ആൻഡ് ഹീറ്റിംഗ് കോൺഫെറൻസിനോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അൽ കുവാരി. സേവനദാതാക്കൾക്കും ഉപഭോക്തക്കൾക്കുമിടയിലുള്ള കരാറുകൾക്കാവശ്യമായ നിർദേശങ്ങളും മാനദണ്ഡങ്ങളും നിയമത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈർജ്ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിൻ സാലിഹ് അൽ സാദയുടെ സാന്നിദ്ധ്യത്തിൽ രണ്ട് ദിവസം നീണ്ടുനിന്ന കോൺഫെറൻസ് ഇതാദ്യമായാണ് യൂറോപ്പിന് പുറത്ത് സംഘടിപ്പിക്കപ്പെടുന്നത്.
വലിയ കെട്ടിടങ്ങളും പദ്ധതികളും പൂർണമായും സമശീതോഷ്ണമാക്കുന്ന സാങ്കേതികവിദ്യയാണ് ഡിസ്ട്രിക് കൂളിംഗ് ആൻഡ് ഹീറ്റിംഗ് സിസ്റ്റം. ഈർജ്ജ,വ്യവസായ മന്ത്രാലയം, ഖത്തർ ടൂറിസം അതോറിറ്റി, യൂറോ ആൻഡ് പവർ, കഹ്റമ എന്നിവയുടെ സഹകരണത്തോടെ മറാഫിഖ് ഖത്തറാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ശുദ്ധീകരിച്ചെടുത്ത മലിനജലം ഡി.സി.എസിൽ ഉപയോഗിക്കാമെന്നിരിക്കെ ശുദ്ധജല ദൗർബല്യം നേരിടുന്ന ഗൾഫ് മേഖലയിൽ ഈ സാങ്കേതികവിദ്യ ഏറെ അനുയോജ്യമായിരിക്കുമെന്ന് കോൺഫെറൻസ് ഉദ്ഘാടനത്തിൽ അൽ കുവാരി സൂചിപ്പിച്ചിരുന്നു. അതേസമയം, വളരെ ചെലവ് കുറഞ്ഞ ഡി.സി.എസ് 2022ലെ ലോകകപ്പ് മത്സരവേദികളിൽ ഉപയോഗപ്പെടുത്താമെന്നും തണുപ്പുകാലത്ത് ചൂടും ചൂടുകാലത്ത് തണുപ്പും നൽകുന്ന സംവിധാനമില്ലാതെ ഗൾഫ് മേഖലക്ക് മുന്നോട്ട് പോകാൻ സാധിക്കുകയില്ലെന്നും മറാഫിഖ് ഖത്തർ സി.ഇ.ഒ അഹ്മദ് അബ്ദുൽ ഖാദിർ അൽ അമ്മാരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.