ദോഹ: രാജ്യത്ത് കോവിഡ്–19നെതിരായ പോരാട്ടത്തിൽ സ്ത്രീകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി. കോവിഡ്–19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള ആരോഗ്യപ്രവർത്തകരിൽ കൂടുതലും സ്ത്രീകളാണെന്നും കൊറോണ വൈറസിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിലും അവരുടെ പങ്ക് വിസ്മരിക്കാനാകില്ലെന്നും ഡോ. ഹനാൻ അൽ കുവാരി പറഞ്ഞു. കോവിഡ്–19 വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി ഖത്തർ സമഗ്രമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സഹകരണ ശ്രമങ്ങൾ ഇതിൽ പ്രധാനപ്പെട്ടതാണെന്നും സമൂഹത്തെ സംരക്ഷിക്കുന്നതിന് ദേശീയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെന്നും ഡോ. അൽ കുവാരി പറഞ്ഞു. കോവിഡ്–19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ വനിതാനേതാക്കളുടെ സ്വാധീനം എന്ന തലക്കെട്ടിൽ ഖത്തർ സംഘടിപ്പിച്ച വിർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കോസ്റ്ററിക്ക, ഇറ്റലി, കെനിയ, ലബനാൻ, നൈജീരിയ, സ്വീഡൻ, ആഫ്രിക്കൻ യൂനിയൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. സ്ത്രീകളിലും പെൺകുട്ടികളിലും കോവിഡ്–19െൻറ സ്വാധീനവും അടിയന്തര ശ്രദ്ധ നൽകേണ്ട വിവിധ വിഷയങ്ങളും യോഗത്തിൽ പ്രത്യേക ചർച്ചയായി.
അന്താരാഷ്ട്ര സഹകരണവും അനുഭവ കൈമാറ്റവും കോവിഡ്–19 വ്യാപനം തടയുന്നതിനും പ്രതിരോധം ഈർജിതമാക്കുന്നതിനും അനിവാര്യമാണെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശത്തിൽ അന്താരാഷ്ട്ര സഹകരണം ഉയർത്തിക്കൊണ്ടുവരുന്നതിനും കോവിഡ്–19നെതിരായി മാനവിക ഐക്യദാർഢ്യം വളർത്തുന്നതിനും ഖത്തർ പ്രവർത്തിച്ചു വരികയാണെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി. 20ലധികം രാജ്യങ്ങളിലേക്ക് ഖത്തർ ഇതിനകം അടിയന്തര മെഡിക്കൽ സഹയാമെത്തിച്ചതായും 140 മില്യൻ ഡോളറിെൻറ ധനസഹായവും ഖത്തർ എത്തിച്ചതായും ചൂണ്ടിക്കാട്ടിയ അവർ, ലോക വാക്സിൻ ഉച്ചകോടിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി 2 കോടി ഡോളറിെൻറ ധനസഹായം പ്രഖ്യാപിച്ചതും പ്രത്യേകം സൂചിപ്പിച്ചു. ഖത്തർ ആരോഗ്യമേഖലയിലെ 67 ശതമാനം ജീവനക്കാരും സ്ത്രീകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.