ദോഹ: പ്രതിദിനം കൂടുതൽ കോവിഡ്-19 പരിശോധനകൾ നടത്താൻ ഹമദ് മെഡിക്കൽ കോർപറേഷൻ ലബോറട്ടറി പര്യാപ്തമാണെന്നും പരിശോധന ഫലം പ്രഖ്യാപിക്കാൻ വളരെ കുറച്ച് സമയം മാത്രമേ ആവശ്യമായി വരുന്നുള്ളൂവെന്നും എച്ച്.എം.സി ലബോറട്ടറി പാത്തോളജി വകുപ്പ് അധ്യക്ഷ ഡോ. ഇനാസ് അൽ കുവാരി പറഞ്ഞു.പരിശോധനക്കായി പ്രധാനമായും പി.സി.ആർ മോളിക്കുലാർ ടെസ്റ്റ്, സെറോളജിക്കൽ ടെസ്റ്റ് എന്നിങ്ങനെ രണ്ടു തരം പരിശോധനകളാണ് നിലവിലുള്ളത്. കോവിഡ്-19 പോസിറ്റിവ് ആണെന്ന് സ്ഥിരീകരിക്കുന്നതിനുള്ള പി.സി.ആർ മോളിക്കുലാർ ടെസ്റ്റിൽ രോഗികളുടെ വായിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവമെടുത്താണ് പരിശോധിക്കുന്നത്. കോവിഡ്-19 സ്ഥിരീകരിക്കുന്നതിൽ ഗോൾഡ് സ്റ്റാൻഡേർഡ് ടെസ്റ്റായാണ് ഇത് അറിയപ്പെടുന്നത്.
എന്നാൽ, കൈവിരലിൽ ചെറിയ മുറിവുണ്ടാക്കി രക്തം ശേഖരിച്ച് നടത്തുന്ന പരിശോധനയാണ് സെറോളജിക്കൽ ടെസ്റ്റ്. ഇതിെൻറ ഫലം പെട്ടെന്നുതന്നെ അറിയാൻ കഴിയും. നേരത്തേ കോവിഡ്-19 പോസിറ്റിവ് ആയിരുന്നോ എന്നതടക്കമുള്ള വിവരങ്ങളും ഇത് വഴി ലഭിക്കും.
അതേസമയം, രാജ്യത്തെ കോവിഡ്-19 പരിശോധനകൾക്കായി പ്രധാനമായും മൂന്നു തരം മാർഗങ്ങളാണ് പൊതുജനാരോഗ്യ മന്ത്രാലയം അവലംബിക്കുന്നതെന്നും ഡോ. ഇനാസ് അൽ കുവാരി പറഞ്ഞു. ഒന്ന് ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള പരിശോധനാ മാർഗമാണ്. കോവിഡ്-19 രോഗലക്ഷണങ്ങളുള്ള വ്യക്തി ആശുപത്രിയിലെത്തുകയും അവരെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്.മറ്റൊന്ന് പൊതു ജനാരോഗ്യ പരിശോധനയാണ്. ഇത് രണ്ടു രീതിയിലാണ് നടത്തുന്നത്. ഒന്ന്, കോവിഡ്-19 സ്ഥിരീകരിച്ച രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെ പരിശോധനക്ക് വിധേയമാക്കുന്ന രീതി. രണ്ട്, റാൻഡം ടെസ്റ്റ്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന പ്രത്യേക സ്ഥലത്തുനിന്നും വിവിധ ഇടങ്ങളിലായി സാമ്പിളുകൾ ശേഖരിച്ച് വൈറസ് ബാധയുടെ തോത് മനസ്സിലാക്കാൻ സഹായിക്കുന്ന പരിശോധനയാണിത്.
വിദേശത്തുനിന്നും ഖത്തറിലേക്ക് മടങ്ങിയെത്തിയവരെ കണ്ടെത്തി പരിശോധിക്കുന്നതാണ് മൂന്നാമത്തെ മാർഗം. ഈ മൂന്നു മാർഗങ്ങളും അവലംബിച്ച് പരിശോധനകൾ ഊർജിതമാക്കിയതിനാൽ രാജ്യത്തെ രോഗികളുടെ എണ്ണം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും എച്ച്.എം.സി ലാബുകളിൽ പരിശോധനകളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും ഡോ. ഇനാസ് അൽ കുവാരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.