ദോഹ: അഴിമതി, കൈക്കൂലി കേസിൽ ഒരു ഖത്തരി ജീവനക്കാരിക്കും 4 അറബ് പൗരന്മാർക്കും നാല് വർഷം തടവും പിഴയും. വാണിജ്യ -വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥക്കും നാല് വിദേശികളും ഉൾപ്പെട്ട അഴിമതിക്കേസിൽ ഖത്തർ ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കൈക്കൂലി വാങ്ങിയ ഖത്തരി ഉദ്യോഗസ്ഥക്കും കൈക്കൂലി നൽകിയ പ്രവാസികൾക്കും തടവുശിക്ഷയും ലക്ഷക്കണക്കിന് റിയാൽ പിഴയുമാണ് കോടതി വിധിച്ചത്. ഒരാളെ കോടതി കുറ്റ വിമുക്തനാക്കി.
വാണിജ്യ -വ്യവസായ മന്ത്രാലയം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചത്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ നിയമവിരുദ്ധമായി ഇടപാടുകൾ നടത്തിയെന്നായിരുന്നു പരാതി. ഷീഷാ കഫേകൾ, മസാജ് സെന്ററുകൾ എന്നിവക്കുള്ള ലൈസൻസുകൾ നിയമങ്ങൾ ലംഘിച്ച് നൽകുന്നതിനായി പ്രതി കൂട്ടുനിന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ആകെ 201,140 ഖത്തർ റിയാലാണ് പ്രതികൾ കൈക്കൂലിയായി നൽകിയിരുന്നത്. കൈക്കൂലി വാങ്ങിയതിനും പദവി ദുരുപയോഗം ചെയ്തതിനും ഉദ്യോഗസ്ഥക്ക് 4 വർഷം തടവും, കള്ളപ്പണം വെളുപ്പിച്ചതിന് ഒരു വർഷം അധിക തടവും വിധിച്ചു.
കൂടാതെ കൈക്കൂലി തുകക്ക് തുല്യമായ പിഴയും കള്ളപ്പണം വെളുപ്പിച്ചതിന് അധിക പിഴയും ചുമത്തിയിട്ടുണ്ട്. കൈക്കൂലി വാഗ്ദാനം ചെയ്ത ഈജിപ്ഷ്യൻ പൗരനായ പ്രധാന പ്രതിക്ക് 4 വർഷം തടവും പണം വെളുപ്പിച്ചതിന് ഒരു വർഷം അധിക തടവിനും കോടതി ഉത്തരവിട്ടു. കൂടാതെ, കൈക്കൂലി തുകക്ക് തുല്യമായ പിഴയും ചുമത്തും. ശിക്ഷക്ക് ശേഷം പ്രതിയെ നാടുകടത്തും. കൈക്കൂലി നൽകാൻ സഹായിച്ചതിന് മറ്റ് മൂന്ന് പ്രതികൾക്കും 4 വർഷം വീതം തടവും പിഴയും ചുമത്തിയിട്ടുണ്ട്. പ്രതികളുടെ കുറ്റസമ്മത മൊഴികളുടെയും പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി കടുത്ത ശിക്ഷാ നടപടികളിലേക്ക് നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.