വിവാദ ആനിമേഷൻ: ചാനലിനെതിരായ കേസിൽ അനുകൂല വിധി നേടി ഖത്തർ എയർവേസ്​

ദോഹ: ഖത്തറിനെതിരായ ഉപരോധത്തെ തുടർന്ന് അൽ അറബിയ ചാനൽ പുറത്തുവിട്ട ആനിമേഷൻ വിഡിയോ സംബന്ധിച്ച കേസിൽ ബ്രിട്ടീഷ് കോടതിയിൽ ഖത്തർ എയർവേസിന് അനുകൂലമായ വിധി. 130 പേജുകളുള്ള വിധിന്യായം നവംബർ ആറിനാണ് ഇംഗ്ലീഷ് ഹൈകോടതി പ്രസിദ്ധീകരിച്ചത്. തങ്ങളുടെ വാദം കേൾക്കുന്നതിനുള്ള ഇംഗ്ലീഷ് കോടതിയുടെ അർഹത സംബന്ധിച്ച അൽ അറബിയ ചാനലി​െൻറ അപ്പീൽ കോടതി തള്ളി.

2017ൽ ഖത്തറിനെതിരായ അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ അന്യായമായ ഉപരോധത്തിന് പിന്നാലെ അതേവർഷം ആഗസ്​റ്റ് മാസത്തിലാണ് ഖത്തറിനെയും ഖത്തർ എയർവേസിനെയും കരിവാരിത്തേക്കുന്ന രീതിയിൽ അൽ അറബിയ ചാനൽ ആനിമേഷൻ വിഡിയോ സംേപ്രഷണം ചെയ്തത്. ഖത്തർ എയർവേസ്​ വിമാനത്തെ മറ്റൊരു യുദ്ധവിമാനം വെടിവെച്ചിടുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്. ഇതിനെതിരായ കേസിലാണ് ഖത്തർ എയർവേസിന് അനുകൂലമായ വിധി വന്നിരിക്കുന്നത്. അൽ അറബിയ ചാനൽ പുറത്തുവിട്ട വിഡിയോ ബ്രിട്ടനിലും ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുമായി നിരവധി പേരാണ് കണ്ടത്. വിഡിയോക്കെതിരെ വലിയ പ്രതിഷേധമാണ് അന്നുണ്ടായത്. ഖത്തറി​െൻറ തൊട്ടടുത്ത അയൽരാജ്യം ഖത്തർ എയർവേസ്​ വിമാനത്തെ യുദ്ധവിമാനമയച്ച് തകർക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പാണ് വിഡിയോ പ്രക്ഷേപണം ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടീഷ് പത്രമായ ഡെയ്​ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. പ്രകോപനത്തിനുമപ്പുറം എന്നാണ് ഇൻഡിപെൻഡൻറ് ദിനപത്രം ഇതിനെ വിശേഷിപ്പിച്ചത്.

ചാനൽ പ്രക്ഷേപണം ചെയ്ത ആനിമേഷൻ വിഡിയോ ദുരുദ്ദേശ്യപരമാണെന്നും തങ്ങളുടെ ഉപഭോക്താക്കളെ തടയുകയാണ് ലക്ഷ്യമിടുന്നതെന്നും ഖത്തർ എയർവേസ്​ വാദിച്ചു. അൽ അറബിയ ചാനലി​െൻറ വാദങ്ങൾ തള്ളി കോടതി, വിചാരണക്കിടെ വിഡിയോ ദൃശ്യങ്ങൾ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഖത്തർ എയർവേസിനെതിരായ നീക്കമാണ് ഇതിന് പിന്നിലെന്നും കണ്ടെത്തിയിരുന്നു.

കേസ്​ ദുബൈ കോടതിയിലേക്ക് മാറ്റണമെന്ന ചാനലി​െൻറ ആവശ്യവും കോടതി നിരസിച്ചു. ഖത്തറിനെതിരായ അയൽരാജ്യത്തി​െൻറ ശത്രുതാപരമായ നിലപാട് തുടരുന്ന സാഹചര്യത്തിൽ അത് സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി.

ഖത്തർ എയർവേസി​െൻറ വ്യാപാരത്തെ ബാധിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ പോരാടാനും ഇത്തരം രാഷ്​ട്രീയ ആക്രമണങ്ങളിൽനിന്നും കമ്പനിയെ സംരക്ഷിക്കാനും ഖത്തർ എയർവേസ്​ തീരുമാനിച്ചിരിക്കുകയാണെന്ന് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.

കേസിൽ ഇംഗ്ലീഷ് ഹൈകോടതിയിൽ നീതി പുലരുമെന്ന് ഉറച്ച ആത്മവിശ്വാസമുണ്ടെന്നും കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായും നീതിക്കായുള്ള ഖത്തർ എയർവേസി​െൻറ പോരാട്ടത്തിലെ നിർണായക ചുവടുവെപ്പാണിതെന്നും അൽ ബാകിർ വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.