ദോഹ: വാഷിങ്ടൺ ഡി.സി.യിൽ ഒപ്പുവെച്ച കോംഗോയും റുവാണ്ടയും തമ്മിലുള്ള സമാധാന കരാറിന്റെ തുടർചർച്ചയുടെ ഭാഗമായി ജോയന്റ് ഓവർസൈറ്റ് കമ്മിറ്റിയുടെ യോഗം നടന്നു. ഖത്തർ, യു.എസ്.എ, കോംഗോ, റുവാണ്ട, ആഫ്രിക്കൻ യൂനിയൻ കമീഷൻ എന്നിവർ സംയുക്തമായ ജോയന്റ് ഓവർസൈറ്റ് കമ്മിറ്റിയുടെ നാലാമത്തെ യോഗമാണ് ചേർന്നത്. യു.എസ് രാഷ്ട്രീയ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി അലിസൺ ഹുക്കർ, യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ പ്രസിഡൻഷ്യൽ എൻവോയിയും ആഫ്രിക്കൻ സീനിയർ അഡ്വൈസറുമായ മസ്സാദ് ബൗലോസ് എന്നിവരുടെ മേൽനോട്ടത്തിൽ ഡി.ആർ.സി, റുവാണ്ട പ്രതിനിധികൾ റീജനൽ ഇക്കണോമിക് ഇന്റഗ്രേഷൻ ഫ്രെയിംവർക്കിൽ (ആർ.ഇ.ഐ.എഫ്) ഒപ്പുവെച്ചു.
ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക സഹകരണവും വികസനവും വളർത്തുന്നതിനുള്ള വഴികൾ ആർ.ഇ.ഐ.എഫ് ചട്ടക്കൂടിലൂടെ രൂപപ്പെടുത്തുകയും ഇതുവഴി സമാധാനം ഉറപ്പാക്കുകയും പ്രദേശത്തെ ജനങ്ങൾക്ക് ഗുണകരമാകുന്ന നിക്ഷേപത്തിനും വളർച്ചക്കും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നത്. എഫ്.ഡി.എൽ.ആർ സായുധ സംഘത്തെയും അനുബന്ധ ഗ്രൂപ്പുകളെയും നിരായുധരാക്കുന്നതിനും റുവാണ്ടയുടെ സൈനിക പിന്മാറ്റം, പ്രതിരോധ നടപടികൾ പിൻവലിക്കൽ എന്നിവ മുന്നോട്ടുകൊണ്ടുപോകുന്നത് അടക്കമുള്ള നടപടികൾ കക്ഷികൾ അംഗീകരിച്ചു.
കോംഗോയുടെ കിഴക്കൻ മേഖലയിൽ, കോംഗോ സർക്കാറും എം 23 വിഭാഗവും തമ്മിൽ ദോഹയിൽ നടക്കുന്ന ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് ഖത്തറിന്റെ പ്രതിനിധി വിശദീകരിച്ചു. തടവുകാരെ കൈമാറ്റം ചെയ്യൽ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിലെ പുരോഗതി പങ്കുവെച്ചു. കോംഗോയുടെ കിഴക്കൻ മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിൽ നിർണായകമായി കഴിഞ്ഞ ജൂലൈയിൽ ഖത്തർ മധ്യസ്ഥ ശ്രമങ്ങൾക്ക് തുടക്കമിട്ടിരുന്നു. തുടർന്ന് ഖത്തറിന്റെ മധ്യസ്ഥതയിൽ കോംഗോ സർക്കാറും വിമതപക്ഷമായ കോംഗോ റിവർ അലൈൻസ് എന്ന് അറിയപ്പെടുന്ന എം23 വിഭാഗവും തമ്മിൽ നടന്ന ചർച്ചയിൽ സമാധാന തത്ത്വപ്രഖ്യാപന കരാറിൽ ഒപ്പുവെച്ചിരുന്നു.
ദോഹ വെടിനിർത്തൽ നിരീക്ഷണ സംവിധാനത്തെ സ്വാഗതം ചെയ്ത സമിതി, ശ്രമങ്ങൾക്ക് പിന്തുണ നൽകുകയും സമാധാന കരാർ കൂടുതൽ വിപുലമായി നടപ്പിലാക്കുന്നതിൽ ഖത്തറിന്റെ നിർണായക പങ്ക് എടുത്തുപറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.