മനാമ: വാഹനങ്ങളിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളും മറ്റ് അപകടസാധ്യതകളും ലഘൂകരിക്കുന്നതിന്റെയും, വാഹനമോടിക്കുന്നവർക്കിടയിൽ മുൻകരുതൽ സംസ്കാരം വളർത്തുന്നതിന്റെയും ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ പുതിയ ബോധവൽക്കരണ കാമ്പെയ്‌ന് തുടക്കമായി. വാഹനങ്ങളുടെ കൃത്യമായ പരിശോധനയും അറ്റകുറ്റപ്പണികളും നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ടയറുകളുടെയും മറ്റ് പ്രധാന സിസ്റ്റങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടതിനെക്കുറിച്ചും കാമ്പെയ്‌നിലൂടെ നിർദ്ദേശങ്ങൾ നൽകിയതായി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അലി അൽ ഖുബൈസി വ്യക്തമാക്കി.
അടിയന്തിര ഘട്ടങ്ങളിൽ ഫയർ എക്സ്റ്റിംഗുഷർ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതെങ്ങനെയെന്നും കാമ്പെയ്ൻ വിശദീകരിക്കുന്നു. വാഹനങ്ങളിൽ പുക കാണപ്പെടുകയോ തീപിടുത്തം ഉണ്ടാകുകയോ ചെയ്യുന്ന അടിയന്തിര സാഹചര്യങ്ങളെ എങ്ങനെ നേരിടണം എന്നതിനാണ് കാമ്പെയ്ൻ പ്രധാനമായും ഊന്നൽ നൽകുന്നത്. സുരക്ഷിതമായ സ്ഥലത്ത് വാഹനം ഒതുക്കി നിർത്തുക, എൻജിൻ ഓഫ് ചെയ്യുക, ഉടൻതന്നെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുക, 999 എന്ന നമ്പറിൽ എമർജൻസി സർവീസുകളിൽ ബന്ധപ്പെടുക തുടങ്ങിയ കാര്യങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തീ ചെറുതാണെങ്കിൽ സുരക്ഷിതമായി തീ അണയ്ക്കുന്നതിനുള്ള ഉപകരണം ഉപയോഗിക്കാമെന്നും ബ്രിഗേഡിയർ അലി അൽ ഖുബൈസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.