ദോഹ: പുതിയ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി സ്കൂൾ പരിസരങ്ങളിൽ ട്രാഫിക് സുരക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 674 സ്കൂളുകളുടെ പരിസരങ്ങളിലാണ് ട്രാഫിക് സുരക്ഷാ നടപടികൾ പൂർത്തിയാക്കിയത്. ഖത്തർ നാഷണൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സുരക്ഷിതവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്കൂൾ മേഖലകളിൽ വാഹനങ്ങളുടെ വേഗ പരിധി മണിക്കൂറിൽ 30 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ടെന്ന് അഷ്ഗാൽ അധികൃതർ ഓർമപ്പെടുത്തി.
സുരക്ഷാ നടപടികളുടെ ഭാഗമായി സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി സ്പീഡ് ഹമ്പുകൾ സ്ഥാപിച്ചു. കാൽനടയാത്രക്കാർക്കുള്ള ക്രോസിങ്ങുകൾ, മറ്റ് റോഡ് മാർക്കിങ്ങുകൾ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനായി പ്രത്യേക റാമ്പുകൾ നിർമിക്കുകയും നടപ്പാതകൾ വികസിപ്പിക്കുകയും സംരക്ഷണ ബാരിയറുകൾ സ്ഥാപിക്കുകയും ചെയ്തു.
2013-ൽ ആരംഭിച്ച 'സ്കൂൾ സോൺ ട്രാഫിക് സേഫ്റ്റി പ്രോഗ്രാം' വഴി ഇതുവരെ 675 ഓളം സ്കൂളുകളിൽ സുരക്ഷാ വിലയിരുത്തലുകൾ പുർത്തിയാക്കി അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ചതായി അഷ്ഗാൽ റോഡ്സ് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ഡിപ്പാർട്ട്മെന്റിലെ റോഡ് സേഫ്റ്റി എൻജിനീയർ അബ്ദുല്ല അൽ മറാഗി വ്യക്തമാക്കി. വാഹന യാത്രക്കാർ, സ്കൂൾ പ്രവർത്തന സമയങ്ങളിൽ (വിദ്യാർഥികൾ സ്കൂളുകളിൽ എത്തുന്ന സമയങ്ങളിലും തിരികെ പോകുന്ന സമയങ്ങളിലും) വേഗത കുറക്കണമെന്നും സുരക്ഷിതമായി വാഹനം ഓടിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.