ദോഹ: ദുഖാൻ, അൽകറാന, അൽ സുബാറ ഉൾപ്പെടെ ഖത്തറിന്റെ വിദൂര മേഖലകളിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന താമസക്കാരുടെ മക്കൾക്കും സർക്കാർ സ്കൂളുകളിൽ പ്രവേശനം സാധ്യമാക്കിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ്.
നോർത്ത് സിറ്റി, ദുഖാൻ സിറ്റി, അൽ കറാന, അൽ ഗുവൈരിയ, അൽ സുബാറ, അൽ കർസാ, അൽ കഅ്ബാൻ, അൽ ജമിലി, റൗദത് റാശിദ് (പെൺകുട്ടികൾ മാത്രം) എന്നിവടങ്ങളിലായി തെരഞ്ഞെടുത്ത 18 സർക്കാർ സ്കൂളുകളിലാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന താമസക്കാരുടെ മക്കൾക്കും പ്രവേശനത്തിന് അനുമതി നൽകിയത്. 2025-26 അധ്യയന വർഷത്തിലായിരിക്കും ഇവർക്ക് പ്രവേശനം അനുവദിക്കുന്നത്.
രക്ഷിതാക്കൾ ഈ സ്കൂൾ പരിധിയിൽ തന്നെ താമസിക്കുന്നവരായിരിക്കണമെന്ന നിബന്ധയുമുണ്ട്. ഇത് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. ഇതോടൊപ്പം സ്കൂൾ രജിസ്ട്രേഷൻ നയത്തിന് അനുസൃതമായിരിക്കും പ്രവേശനം.
സ്കൂളുകളുടെ പട്ടികയും മന്ത്രാലയം പ്രസിദ്ധീകരിച്ചു. 2025-26 അധ്യയന വർഷത്തെ സർക്കാർ സ്കൂളുകളിലെ വിദ്യാർഥി രജിസ്ട്രേഷൻ സംബന്ധിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വിശദീകരിച്ചത്.
സർക്കാർ സ്കൂളുകളിലെ വിദ്യാർഥി രജിസ്ട്രേഷൻ, ട്രാൻസ്ഫർ, പ്രവേശനം, പ്രായപരിധി തുടങ്ങിയ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. മആരിഫ് പ്ലാറ്റ്ഫോം വഴിയാവും വിദ്യാർഥികളുടെ ട്രാൻസ്ഫർ നടപടികൾ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇതിനായി ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും വ്യക്തമാക്കി. മന്ത്രാലയത്തിനു കീഴിലെ അഡ്മിഷൻ ആൻഡ് രജിസ്ട്രേഷൻ വിഭാഗത്തിന്റെ അംഗീകാരത്തോടെയാവും ഓട്ടോമേറ്റഡ് ട്രാൻസ്ഫർ പ്രക്രിയ പൂർത്തിയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.