കാർബൺ ബഹിർഗമനം കുറക്കുന്നത് സംബന്ധിച്ച സർവേയിൽ ഭാഗമാകുന്നവർക്ക് പരിശീലനം നൽകുന്നു
ദോഹ: വീടുകളിലും താമസസ്ഥലങ്ങളിൽനിന്നുമായി പുറന്തള്ളപ്പെടുന്ന കാർബൺ അളവ് തിട്ടപ്പെടുത്താനും ഊർജസ്രോതസ്സുകളുടെ ഉപഭോഗം മനസ്സിലാക്കാനുമായി നടത്തുന്ന സർവേക്കായുള്ള പരിശീലനം പൂർത്തിയാക്കിയത് 700 അധ്യാപകരും 20 സ്കൂളുകളും.
അറബ് യൂത്ത് ക്ലൈമറ്റ് മൂവ്മെൻറ് ഖത്തറാണ് (എ.വൈ.സി.എം.ക്യു) 'ഹൗസ്ഹോൾഡ് കാർബൺ ഫൂട്പ്രിൻറ് ഇനിഷിയേറ്റിവു'മായി രംഗത്തുള്ളത്. വിദേശകാര്യ മന്ത്രാലയം കാലാവസ്ഥാ വകുപ്പ്, സുസ്ഥിരത വിഭാഗം പ്രത്യേക പ്രതിനിധി ബദെർ അൽ ദഫാ, യുനെസ്കോ ജി.സി.സി ആൻഡ് യമൻ ഡയറക്ടർ ഡോ. അന്ന പൗലിന എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞവർഷമാണ് സർവേ ആരംഭിച്ചത്.
പൊതുജനാരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, യുനെസ്കോ ജി.സി.സി എന്നിവരുമായി സഹകരിച്ച് ഖത്തറിലെ അമേരിക്കൻ എംബസിയുടെ സാമ്പത്തിക സഹകരണത്തോടെയാണ് സർവേ നടത്തുന്നത്.
കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ വ്യക്തികൾക്ക് എങ്ങനെ ഭാഗമാകാമെന്നും സർവേയിലൂടെ അധികാരികൾക്ക് കൃത്യമായ വിവരങ്ങൾ നൽകാനും ഈ സംരംഭം ഏറെ സഹായകമാകുമെന്ന് എ.വൈ.സി.എം.ക്യൂ എക്സിക്യൂട്ടിവ് ഡയറക്ടർ നീഷാദ് ഷാഫി പ്രാദേശിക പത്രത്തോട് പറഞ്ഞു.
സർവേയുടെ ഭാഗമായി 700 അധ്യാപകർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. സ്കൂളുകളിൽ സർവേ നടത്തുന്നതിൽ വിദ്യാർഥികളെ സഹായിക്കാൻ ഇവർക്ക് കഴിയും. കൂടാതെ, 20 അറബിക്, അന്താരാഷ്ട്ര സ്കൂളുകളെയും സർവേയുടെ ഭാഗമാക്കാൻ സാധിച്ചതായും സാധ്യമാകുന്ന അത്ര സ്കൂളുകളെ സമീപിക്കുമെന്നും നീഷാദ് ഷാഫി വിശദീകരിച്ചു.
സർവേ സംഘടിപ്പിക്കാൻ അനുമതി നൽകിയ വിദ്യാഭ്യാസ മന്ത്രാലയത്തിന് അദ്ദേഹം നന്ദി അറിയിച്ചു. പരിശീലനം ലഭിച്ച അഞ്ഞൂറോളം അധ്യാപകർ അറബി സ്കൂളുകളിൽ നിന്നുള്ളവരാണ്. പദ്ധതിയുമായി സഹകരിക്കാനും മനസ്സിലാക്കാനുമായി നിരവധി സ്കൂളുകളിൽനിന്നുമാണ് ക്ഷണം ലഭിക്കുന്നതെന്നും വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 50 സ്കൂളുകളെയെങ്കിലും സർവേയിൽ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം.
വിവരശേഖരമുൾപ്പെടെ മൂന്ന് ഘട്ടമായാണ് സർവേ നടത്തുക. രണ്ടായിരത്തോളം വീടുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളും സർവേയുടെ ഭാഗമാകും. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുകൂടി സർവേ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണെന്ന് നീഷാദ് ഷാഫി സൂചിപ്പിച്ചു. 2030ഓടെ 25 ശതമാനം കാർബൺ ഫൂട്പ്രിൻറ് കുറക്കുകയെന്ന ലക്ഷ്യം മുൻനിർത്തി കഴിഞ്ഞവർഷം ഒക്ടോബറിൽ ഖത്തർ ദേശീയ കാലാവസ്ഥാ വ്യതിയാന കർമപദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.