ദോഹ: അർബുദ രോഗികളുടെയും അതിജീവിതരുടെയും രോഗപരിചരണവും ജീവിത നിലവാരവും ഉയർത്തുന്നതിൽ പുതിയ കാൽവെപ്പുമായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) പുതിയ ഓങ്കോളജി റിഹാബിലിറ്റേഷൻ ഫ്രെയിംവർക്ക് അവതരിപ്പിച്ചു.രാജ്യത്ത് അർബുദ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, നാഷനൽ സെന്റർ ഫോർ കാൻസർ കെയർ ആൻഡ് റിസർച്ച് എന്നിവയുടെ നേതൃത്വത്തിലാണിത് നടപ്പാക്കുന്നത്.
കാൻസർ രോഗികൾ നേരിടുന്ന ശാരീരിക, മാനസിക, സാമൂഹിക വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ പദ്ധതി ഉൾക്കൊള്ളുന്നു. അന്താരാഷ്ട്ര ഗവേഷണങ്ങളെയും പഠനങ്ങളെയും അടിസ്ഥാനമാക്കി തയാറാക്കിയ ഫ്രെയിംവർക്ക്, ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളെ ഖത്തറിന്റെ ആരോഗ്യ ചുറ്റുപാടിനും സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ രൂപപ്പെടുത്തിയതാണ്.
ഖത്തറിലെ കാൻസർ കെയറിന് പുതിയൊരു വഴിത്തിരിവാണിതെന്ന് എച്ച്.എം.സിയിലെ റിഹാബിലിറ്റേഷൻ തെറപ്പി സേവനങ്ങളുടെ നേതൃത്വം വഹിക്കുന്ന ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു. രോഗികൾ അതിജീവനത്തിനപ്പുറം ആദരവോടെയും അന്തസ്സോടെയും ജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ദേശീയ ആരോഗ്യ നയം 2024-30ന്റെ അടിസ്ഥാനത്തിൽ രോഗികളുടെ റിഹാബിലിറ്റേഷൻ ഇപ്പോൾ ചികിത്സയിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
കാൻസർ രോഗികൾക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു പുതിയ യുഗത്തിലേക്കാണ് നാം കടക്കുന്നതെന്ന് എൻ.സി.സി.സി.ആർ സി.ഇ.ഒയും മെഡിക്കൽ ഡയറക്ടറുമായ ഡോ. മുഹമ്മദ് സാലിം അൽ ഹസൻ പറഞ്ഞു. ഈ ഫ്രെയിംവർക്കിലൂടെ രോഗികൾക്ക് ഓരോ ഘട്ടത്തിലും പിന്തുണ നൽകുന്ന സേവന മാതൃകയാണ് ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.