ദോഹ: ജൂലൈ അഞ്ചിന് അർധരാത്രി 12:30ന് ദോഹയിൽനിന്ന് പുറപ്പെട്ട് രാവിലെ 7:30 ന് കരിപ്പൂരിൽ എത്തേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് അപലപനീയമാണെന്ന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
അവധിക്കാലം ചെലവഴിക്കാനായി വളരെ നേരത്തേ ടിക്കറ്റ് എടുത്തവരും അത്യാവശ്യമായി യാത്ര ചെയ്യുന്നതിന് ഉയർന്ന നിരക്കിൽ ടിക്കറ്റ് എടുത്തവരുമാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിലൂടെ ദുരിതത്തിലാക്കിയത്. കമ്പനിയുടെ നിരുത്തരവാദപരമായ സമീപനം ഇതാദ്യമല്ല. യാത്രക്കൊരുങ്ങി വിമാനത്താവളത്തിൽ നിൽക്കുമ്പോൾ പൊടുന്നനെ വിമാനം റദ്ദ് ചെയ്യുമ്പോൾ യാത്രക്കാർക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ വലുതാണ്.
ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ ഉത്തരവാദപ്പെട്ടവർ സത്വര നടപടി സ്വീകരിക്കണമെന്നും ഇസ്ലാഹി സെന്റർ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷമീർ വലിയവീട്ടിൽ, ആക്ടിങ് ജനറൽ സെക്രട്ടറി മുജീബ് മദനി, ട്രഷറർ അഷ്റഫ് മടിയാരി, വൈസ് പ്രസിഡന്റുമാരായ സിറാജ് ഇരിട്ടി, ഡോ. അസീസ് പാലോൽ, ഓർഗനൈസിങ് സെക്രട്ടറി ഹമദ് തിക്കോടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.