അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽനിന്ന്
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ സൈനികർ സ്വീകരിച്ച ജാഗ്രതയും മുൻകരുതൽ നടപടികളും അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ വിജയകരമായി തടയാൻ സാധിച്ചുവെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി.ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച രാവിലെ അമീരി ദിവാനിൽ മന്ത്രിസഭ യോഗത്തിൽ ഖത്തർ സായുധസേനയുടെ നേതൃത്വത്തിന് അഭിനന്ദനം അറിയിച്ചു.
ആക്രമണത്തിൽ മരണമോ പരിക്കോ ഉണ്ടായില്ല. ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച മന്ത്രിസഭ ആകാശപരിധിയും പരമാധികാരവും ലംഘിച്ചതായും ഇത് അന്താരാഷ്ട്ര നിയമത്തെയും യു.എൻ ചട്ടത്തെയും ലംഘിക്കുന്നുവെന്നും പറഞ്ഞു. ആക്രമണത്തെതുടർന്ന് ഖത്തറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്ക് മന്ത്രിസഭ നന്ദി അറിയിച്ചു.ഇറാനും ഇസ്രായേലും തമ്മിലുള്ള താൽക്കാലിക യുദ്ധവിരാമ കരാറിനെ സ്വാഗതം ചെയ്ത മന്ത്രിസഭ ഇരുവരും ഈ കരാർ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു. പ്രശ്നങ്ങൾക്ക് നയതന്ത്രപരമായും സംഭാഷണത്തിലൂടെയും പരിഹാരങ്ങൾ തേടേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ മന്ത്രിസഭ, മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഖത്തർ നടത്തുന്ന ഇടപെടലുകളും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.