ചി​ത്ര​കാ​രി ബു​ഥൈ​ന അ​ൽ മു​ഫ്ത ഖ​ത്ത​ർ മ്യൂ​സി​യം​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ശൈ​ഖ അ​ൽ മ​യാ​സ ബി​ൻ​ത്​ ഹ​മ​ദ്​ ആ​ൽ​ഥാ​നി​ക്കൊ​പ്പം 

ഖത്തറിന്‍റെ ഫുട്ബാൾ പ്രണയം വരച്ചിട്ട ബുഥൈന

ദോഹ: കാൽപന്തിനോടുള്ള ഖത്തറിന്‍റെ അഭിനിവേശത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും പ്രദർശിപ്പിക്കുകയുമായിരുന്നു ലക്ഷ്യമെന്ന് ഖത്തർ ലോകകപ്പിന്‍റെ ഔദ്യോഗിക പോസ്റ്റർ രചയിതാവായ ബുഥൈന അൽ മുഫ്ത. മിഡിലീസ്റ്റിൽ ആദ്യമായെത്തുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് മുമ്പായി എട്ട് പോസ്റ്ററുകളടങ്ങുന്ന പരമ്പരയാണ് ഖത്തരി കലാകാരി തയാറാക്കിയത്.

പോസ്റ്റർ പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ടത് ആഘോഷത്തിന്‍റെ ഭാഗമായി പരമ്പരാഗത തലപ്പാവ് ആകാശത്തേക്ക് ഉയർത്തി സന്തോഷം പങ്കിടുന്ന ദൃശ്യമാണ്. ഫുട്ബാളിൽ ഗോളടിച്ചാൽ അറബികളായ ആരാധകരും ഇത്തരത്തിൽ തങ്ങളുടെ തലപ്പാവുകൾ വായുവിലേക്ക് എറിഞ്ഞ് സന്തോഷം പ്രകടിപ്പിക്കാറുണ്ട്. ഖത്തറിലെ വിർജീനിയ കോമൺവെൽത്ത് യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദമെടുത്ത ബുഥൈന അൽ മുഫ്തയുടെ മറ്റ് ഏഴു പോസ്റ്ററുകളും രാജ്യത്തിന്‍റെ ഫുട്ബാൾ പാരമ്പര്യത്തെയും കുടുംബത്തോടുള്ള പ്രതിബദ്ധതയെയും അടയാളപ്പെടുത്തുന്നതാണ്.

ബു​ഥൈ​ന അ​ൽ മു​ഫ്ത​യു​ടെ ലോ​ക​ക​പ്പ്​ പോ​സ്റ്റ​റു​ക​ൾ 

ബുഥൈനയുടെ മോണോക്രോമാറ്റിക് രീതിയാണ് ഫിഫ പോസ്റ്ററിലുടനീളം പ്രകടമായിരിക്കുന്നത്. പെയിൻറിങ്, ഫോട്ടോഗ്രഫി, പ്രിൻറ്മേക്കിങ്, ടൈപ്പോഗ്രാഫി തുടങ്ങി വിവിധ മേഖലകളിൽ കൈയൊപ്പ് പതിപ്പിച്ച പ്രതിഭ കൂടിയാണ് ബുഥൈന. പോസ്റ്റർ രചനയെ കുറിച്ചും കലയും ഫുട്ബാളുമായുള്ള ബന്ധങ്ങളെ കുറിച്ചും അവർ സംസാരിക്കുന്നു.

കലയിൽ തുടക്കം, പശ്ചാത്തലം

ചെറുപ്പം മുതൽ തന്നെ കലാരംഗത്ത് ഏറെ തൽപരയായിരുന്നു. ഹോബിയായി തുടങ്ങിയ കലാ പ്രവർത്തനം പാഷനായി മാറി. ഹൈസ്കൂളിനുശേഷം വിർജീനിയ കോമൺവെൽത്ത് ഖത്തർ കാമ്പസിൽ ചേർന്നു. സ്വന്തം രാജ്യത്ത് ലോകോത്തര കലാ വിദ്യാഭ്യാസ കാമ്പസ് ഉണ്ടായിരിക്കെ ആ അവസരം നഷ്ടപ്പെടുത്താൻ തയാറല്ലായിരുന്നു. പിന്നീട് പെയിൻറ്, പ്രിൻറ്മേക്കിങ് എന്നിവയിലായി ശ്രദ്ധ.

ഫിഫ ഔദ്യോഗിക പോസ്റ്റർ െപ്രാജക്ടിൽ എങ്ങനെ ഭാഗമായി 

ലോകകപ്പ് പദ്ധതികളിൽ ഭാഗമാകുന്നതിന് പ്രാദേശിക കലാകാരന്മാർക്ക് സുപ്രീംകമ്മിറ്റി അവസരങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. മേഖലയിൽ ആദ്യമായെത്തുന്ന ലോകകപ്പിന്‍റെ ഭാഗമാകുന്നതിലും എന്‍റെ സ്വന്തം അടയാളങ്ങൾ പതിപ്പിക്കുന്നതിലും ഏറെ ആവേശത്തോടെയായിരുന്നു പങ്കെടുത്തത്. പദ്ധതി സംബന്ധിച്ച് മഹാമാരിക്കാലത്താണ് അറിഞ്ഞത്. അതിനിടയിൽ ലഭിച്ച ഒഴിവുസമയങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട രൂപരേഖകൾ തയാറാക്കിയതും മികച്ച കലാസൃഷ്ടിയിലേക്ക് എത്തിപ്പെട്ടതും. ടൂർണമെൻറിന്‍റെ ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്.

ഔദ്യോഗിക പോസ്റ്ററിന് പിന്നിലുള്ള പ്രചോദനം

എല്ലാ സൃഷ്ടികളും മുൻകാല അനുഭവങ്ങളെയും ഓർമകളെയും കേന്ദ്രീകരിച്ചുള്ളതാണ്. അവയെ വർത്തമാനകാലവുമായി ബന്ധിപ്പിച്ചും ഭാവിയിലേക്കുള്ള കരുതിവെപ്പുമായുമാണ് ചിത്രങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഖത്തറിന്‍റെ ഫുട്ബാൾ സംസ്കാരത്തെ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഓരോ പോസ്റ്ററും ആഘോഷത്തെയും ഖത്തറിലെ ഫുട്ബാൾ ആവേശത്തെയും ആരാധനയെയുമാണ് സൂചിപ്പിക്കുന്നത്. പ്രധാന പോസ്റ്ററിലുള്ളത് പരമ്പരാഗത തലപ്പാവായ ഇഗൽ, ഗുത്റ എന്നിവയാണ്. അവ ആഘോഷത്തിന്‍റെ ഭാഗമായി ആകാശത്തിലേക്ക് എറിയുന്നതാണ് പോസ്റ്ററിലുള്ളത്. ഗോളടിച്ചാൽ തലപ്പാവ് ധരിക്കുന്നവർ പ്രത്യേകിച്ചും അറബികൾ സന്തോഷം പ്രകടിപ്പിക്കാൻ അതെടുത്ത് വായുവിലേക്ക് എറിയുക പതിവാണ്.

ഖത്തരി കലാകാരിയെന്ന നിലയിൽ എന്ത് തോന്നുന്നു

വിവരണാതീതം. ഓരോ ഖത്തരിയെയും അല്ലെങ്കിൽ ഓരോ അറബിയെയും പ്രതിനിധാനം ചെയ്യുന്നതിൽ അഭിമാനമുണ്ട്. എന്‍റെ രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും മഹത്തരമായ ഒരേടിന്‍റെ ഭാഗമായി സ്വന്തം അടയാളപ്പെടുത്തലുകൾ സൃഷ്ടിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. സാധ്യമാകുന്ന മേഖലകളിലെല്ലാം രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

പോസ്റ്ററിനോട് ജനങ്ങൾ എങ്ങനെ സമീപിക്കുമെന്നാണ് കരുതുന്നത്

ഖത്തറിലെയും മേഖലയിലെയും ലോകത്തിലെയും ജനങ്ങൾ ഇതേറ്റെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അവരുടെ ജീവിതത്തെ പ്രതിധ്വനിപ്പിക്കുന്നതാണിത്. ഔദ്യോഗിക പോസ്റ്ററിനെ ജനങ്ങൾ അംഗീകരിക്കുമെന്ന വിശ്വാസമുണ്ട്. ടൂർണമെൻറിന്‍റെ വിജയത്തിലേക്ക് ഇത് വലിയ സംഭാവന ചെയ്യും. പദ്ധതിയുടെ ഭാഗമായി രണ്ടു വർഷത്തോളം സമയം ചെലവഴിച്ചിട്ടുണ്ട്. ഇതിന് പിന്നിലെ പരിശ്രമം ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ഞാനെന്താണോ ജനങ്ങളോട്, ലോകത്തോട് പറയാൻ ശ്രമിച്ചത് അത് ജനങ്ങൾ മനസ്സിലാക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

കലയും കായികവും തമ്മിലുള്ള ബന്ധം?

കലയും കായികവും തമ്മിൽ ഏറെ അടുത്ത ബന്ധമാണുള്ളത്. സംഗീതത്തിലൂടെയായാലും ടീമുകളെയും കളിക്കാരെയും ബന്ധപ്പെടുത്തിയുള്ള ഗീതങ്ങളിലൂടെയായാലും പുതിയ പ്രവണതകളിലൂടെ, വസ്ത്രധാരണങ്ങളിലൂടെയെല്ലാം കല കായികമേഖലയുടെ വ്യത്യസ്ത ഭാഗങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. കായികതാരത്തിെൻറ ചലനങ്ങൾ കലയുടെ മറ്റൊരു രൂപമാണ്. ഇതു തന്നെയാണ് പോസ്റ്ററിലൂടെ പറയാൻ ശ്രമിച്ചതും.

Tags:    
News Summary - Buthina, who painted Qatar's love of football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.