ദോഹ: ഖത്തറിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റേഷനുകളിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ അവസരം. തെരഞ്ഞെടുത്ത 12 സ്റ്റേഷനുകളിലും 25 ലുസൈൽ ട്രാം സ്റ്റേഷനുകളിലും വ്യാപാരസ്ഥാപനങ്ങൾ ആരംഭിക്കാൻ താൽപര്യമുള്ളവരിൽനിന്ന് ഖത്തർ റെയിൽ അപേക്ഷകൾ ക്ഷണിച്ചു. മെട്രോ, ട്രാം യാത്രക്കാർക്കും, പ്രദേശങ്ങളിലെ താമസക്കാർക്കും ഷോപ്പിങ്ങിന് സാധ്യമാവുന്ന രീതിയിൽ വിവിധ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനാണ് സൗകര്യമൊരുക്കുന്നത്.
അൽ വക്റ, ലുസൈൽ ക്യു.എൻ.ബി, റാസ് അബു അബൂദ്, സ്പോർട്സ് സിറ്റി, മാൾ ഓഫ് ഖത്തർ, എജുക്കേഷൻ സിറ്റി, ഫ്രീ സോൺ, ഹമദ് ഹോസ്പിറ്റൽ, ഖത്തർ നാഷനൽ മ്യൂസിയം, ഖത്തർ നാഷനൽ ലൈബ്രറി, അൽ വാബ്, ബിൻ മഹ്മൂദ് എന്നീ സ്റ്റേഷനുകളിലാണ് വ്യാപാര സ്ഥാപനങ്ങൾക്ക് സൗകര്യമുള്ളത്. പ്രവർത്തനമാരംഭിക്കാനിരിക്കുന്ന ലൈൻ ഉൾപ്പെടെ നാല് ലൈനുകളാണ് ലുസൈൽ ട്രാമിലുള്ളത്.
ബാങ്ക്, എക്സ്ചേഞ്ച് ഓഫിസ്, ഫാർമസി, ട്രാവൽ ഏജൻസി, പി.ആർ.ഒ സർവിസ്, ട്രാൻസ് ലേഷൻ സർവിസ്, ഫാഷൻ സ്റ്റോർ, ഇലക്ട്രോണിക്, മൊബൈൽ അക്സസറീസ്, ഗിഫ്റ്റ് ഷോപ്, സ്പോർട്സ് സ്റ്റേഷനറി, കഫേ, ചെറു റസ്റ്റാറന്റുകൾ, ജ്യൂസ് ബാർ തുടങ്ങിയ സർവിസ് -ജനറൽ റീട്ടെയിൽ സ്ഥാപനങ്ങൾ ആരംഭിക്കാം.
യാത്രക്കാർക്കും താമസക്കാർക്കും എല്ലാ അവശ്യവസ്തുക്കളും ലഭ്യമാവുന്ന രീതിയിൽ മെട്രോ സ്റ്റേഷനുകളെ പ്രധാന ഷോപ്പിങ് സെന്ററുകൾകൂടിയാക്കി മാറ്റുകയും ലക്ഷ്യമാണ്. ഒരു വർഷം വരെ ലൈസൻസ് ഫീസില്ലാതെ ഷോപ് ആരംഭിക്കാം. മൂന്നോ അഞ്ചോ വർഷത്തേക്കുള്ള കരാറുകളിൽ ഏർപ്പെടാം.
വെള്ളം, വൈദ്യുതി ഉൾപ്പെടെ യൂട്ടിലിറ്റി ചെലവുകൾ ലൈസൻസ് ഫീ ഇനത്തിൽ ഉൾപ്പെടും. +974 3329 2877 എന്ന നമ്പറിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെ ഖത്തർ റെയിലുമായി ബന്ധപ്പെടാം. retail@qr.com.qa എന്ന ഇ-മെയിൽ വഴിയും വിശദാംശങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.