അബു ടി മമ്മാദുട്ടി

ഖത്തറിലെ കെട്ടിട ദുരന്തം: മരിച്ച മലയാളികളുടെ എണ്ണം നാലായി

ദോഹ: ഖത്തറിലെ അൽ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. ശനിയാഴ്ച രാത്രി വൈകി ​മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദുട്ടിയുടെ (45) മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മലയാളികളുടെ മരണ സംഖ്യ ഉയർന്നത്. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിൽ (44), കാസർകോട് പുളിക്കൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് (38) എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച പകൽ കണ്ടെത്തിയിരുന്നു. മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് ഫൈസലിന്റെ മരണം വെള്ളിയാഴ്ച തന്നെ സ്ഥിരീകരിച്ചിരുന്നു. ജാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സന്‍ (26), ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്‍നബി ശൈഖ് ഹുസൈന്‍ (61) എന്നിവർ ഉൾപ്പെടെ ആറ് ഇന്ത്യക്കാരാണ് ബുധനാഴ്ചയുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞത്.

പൊന്നാനി, പോലീസ് സ്റ്റേഷനരികെ സലഫി മസ്ജിദിനു സമീപം തച്ചാറിന്റെ വീട്ടിൽ മമ്മാദൂട്ടിയുടെയും ആമിനയുടെയും മകനാണ് അബു. ഭാര്യ: രഹ്ന. റിഥാൻ (9), റിനാൻ (7) മക്കളാണ്. ബിൽശിയാണ് പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദിന്റെ ഭാര്യ. മുഹമ്മദ് റസൽ, റൈസ എന്നിവർ മക്കളാണ്.കാസർഗോഡ് പുളിക്കൂർ സ്വദേശിയായ അഷ്‌റഫ് ഒരു മാസം മുമ്പാണ് അഷ്‌റഫ് ഖത്തറിൽ എത്തിയത്. ഭാര്യ ഇർഫാന. ഒരുവയസ്സിൽ താഴെ പ്രായമുള്ള ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്.

ബുധനാഴ്ച രാവിലെ കെട്ടിടം തകർന്നതിനു പിന്നാലെ ഫൈസലിനെയും നൗഷാദിനെയും കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നു. ഒടുവിലാണ്, കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്.

പാറപ്പുറവൻ അബ്ദുസമദാണ് ഫൈസലിന്റെ പിതാവ്. മാതാവ് ഖദീജ. റബീനയാണ് ഭാര്യ. ​വിദ്യാർഥികളായ ​റന , നദ, മുഹമ്മദ് ഫെബിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഹാരിസ്, ഹസീന. ഫൈസലിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

ബുധനാഴ്ച രാവിലെ 8.30ഓടെയാണ് അൽ മൻസൂറയിലെ ബിൻ ദിർഹമിൽ നാലു നില കെട്ടിടം തകർന്നു വീണത്. ഇവിടെ നിന്നും ഏഴു പേരെ രക്ഷാ സംഘം ഉടൻ തന്നെ പുറത്തെത്തിച്ചിരുന്നു. വ്യാഴാഴ്ച​യോടെ രണ്ട് സ്ത്രീകളെയും പുറത്തെടുത്തു. 12 കുടുംബങ്ങളെ അധികൃതർ സുരക്ഷിതമായി മാറ്റിയിരുന്നു.

Tags:    
News Summary - Building disaster in Qatar: Number of dead Malayalees rises to four

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.