സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനായി നവീകരിച്ച ബു സിദ്റ റൗണ്ട് എബൗട്ട്
ദോഹ: ബു സിദ്റ റൗണ്ട് എബൗട്ട് സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനാക്കുന്നതുൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. േഗ്രറ്റർ ദോഹ ഫേസ് എട്ട് പദ്ധതിയുടെ ഭാഗമായാണ് മേഖലയിലെ റോഡ്, അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ. ബു സിദ്റ ഇൻറർസെക്ഷനിലെ 80 ശതമാനം നിർമാണപ്രവർത്തനവും പൂർത്തിയായിട്ടുണ്ട്. ഇതോടെ ഗതാഗതത്തിന് തുറന്നുകൊടുത്തു.
അൽ വഅബ് സ്ട്രീറ്റ്, അൽ സിദൈറ സ്ട്രീറ്റ്, റാസ് ലഫാൻ സ്ട്രീറ്റ് എന്നീ സ്ട്രീറ്റുകളെയാണ് പ്രധാനമായും ഇൻറർസെക്ഷൻ ബന്ധിപ്പിക്കുന്നത്. അതോടൊപ്പം അൽ ഫുറൂസിയ സ്ട്രീറ്റ്, അൽ സൈലിയ റോഡ് എന്നീ പ്രധാന നിരത്തുകളിലെ ഗതാഗതം സുഗമമാക്കുന്നതിലും പുതിയ ഇൻറർസെക്ഷൻ മുഖ്യപങ്ക് വഹിക്കുമെന്ന് വെസ്റ്റ് ഏരിയ സെക്ഷൻ അശ്ഗാൽ റോഡ് പ്രോജക്ട് ഡിപ്പാർട്മെൻറ് പ്രോജക്ട് എൻജിനീയർ റാഷിദ് അൽ മർരി പറഞ്ഞു.
മൈദർ സ്പോർട്സ് ക്ലബ്, ബർവ അൽ സൈലിയ കോമ്പൗണ്ട്, ആസ്പയർ കോംപ്ലക്സ്, വില്ലേജിയോ മാൾ, അൽ ഹയാത് പ്ലാസ എന്നിവിടങ്ങളിലേക്കും സമീപ പ്രദേശങ്ങളിലെ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിലും നിർണായക പങ്കുവഹിക്കും. ഫരീജ് അൽ മനാസീർ, ബു സിദ്റ, മൈദർ, ബഅയ, അൽ അസീസിയ എന്നിങ്ങനെ പരിസര പ്രദേശങ്ങൾക്കും പുതിയ ഇൻറർസെക്ഷെൻറ പ്രയോജനം ലഭിക്കും.
അൽ സൈലിയ റോഡിലെ പാതകളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാക്കി ഉയർത്തിയതും പദ്ധതിയിലുൾപ്പെടും. വിപുലീകരണപ്രവർത്തനം പൂർണമായും അവസാനിക്കുന്നതോടെ പാതകളുടെ എണ്ണം ഏഴാക്കി ഉയർത്താനാണ് അധികൃതരുടെ പദ്ധതി. അൽ സിദൈറ സ്ട്രീറ്റിലും റാസ് ലഫാൻ സ്ട്രീറ്റിലും ഇരുവശത്തേക്കും പാതകളുടെ എണ്ണം മൂന്നിൽനിന്ന് നാലാക്കി ഉയർത്തിയിട്ടുമുണ്ട്.
രണ്ടു കിലോമീറ്റർ നീളത്തിൽ റോഡ് വികസന പ്രവർത്തനങ്ങൾ, സർവിസ് റോഡുകളുടെ നിർമാണം, പുതിയ സ്ട്രീറ്റ് ലൈറ്റ് സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.