ലുലു ഹൈപ്പർമാർക്കറ്റിലെ ബ്രിട്ടീഷ് ഭക്ഷ്യ വാരം എംബസി ഡെപ്യൂട്ടി ഹെഡ് മിഷൻ ഡങ്കൻ ഹിൽ ഉദ്ഘാനം ചെയ്യുന്നു. ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് സമീപം.
ദോഹ: ബ്രിട്ടീഷ് ഭക്ഷ്യ ഉൽപന്നങ്ങളും രുചികളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ഒരാഴ്ച നീളുന്ന ഭക്ഷ്യവാരത്തിന് തുടക്കമായി. മേയ് 21 വരെ തുടരുന്ന മേളയിൽ പ്രീമിയം ഭക്ഷ്യ ഉൽപന്നങ്ങളുടെയും രുചിവൈവിധ്യങ്ങളുടെയും നിറഞ്ഞ സാന്നിധ്യമാണ് ഒരുക്കിയത്.
പേൾ ഖത്തർ ലുലു മാളിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ബ്രിട്ടീഷ് എംബസി ഡെപ്യൂട്ടീ ഹെഡ് മിഷൻ ഡങ്കൻ ഹിൽ ഉദ്ഘാടനം ചെയ്തു. ബ്രിട്ടനിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് ലോക വിപണിയിൽ സ്വീകാര്യത സൃഷ്ടിക്കുന്നതിലും വ്യാപാര സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്നതിലുമുള്ള ലുലു ഗ്രൂപ്പിന്റെ പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു.
ലുലു ഹൈപ്പർമാർക്കറ്റിലെ ബ്രിട്ടീഷ് ഫുഡ് വീക്കിൽനിന്ന്
ബ്രിട്ടീഷ് സാമ്പത്തിക മേഖലയിൽ ഖത്തറിന്റെ സ്വാധീനത്തെ പരാമർശിച്ച അദ്ദേഹം ആറു ലക്ഷത്തോളം തൊഴിലവസരങ്ങൾ നൽകുന്നെന്നും വ്യക്തമാക്കി. ബ്രിട്ടനിലെ 44 തൊഴിലിൽ ഒന്ന് എന്നനിലയിലാണ് ഈ സാന്നിധ്യം. ഖത്തറിൽ വളർന്നുവരുന്ന ബ്രിട്ടീഷ് പ്രവാസി സമൂഹത്തിന്റെ കരുത്തും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലുലു ഗ്രൂപ്പും ബ്രിട്ടനും ഖത്തറും തമ്മിലെ ദീർഘകാലത്തെ കരുത്തുറ്റ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗംകൂടിയാണ് ഈ ഫെസ്റ്റിവലെന്ന് ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു.
12 വർഷം മുമ്പ് ബെർമിങ്ഹാമിൽ വാടകക്കെട്ടിടത്തിൽനിന്നും ആരംഭിച്ച പ്രയാണം, ഇന്ന് 1.70 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്മാർട് മാനുഫാക്ചറിങ് സോൺ ആയി യൂറോപ്പിലെ ഏറ്റവും വലിയ വിതരണ കേന്ദ്രമായി വിപുലീകരിച്ചത് അദ്ദേഹം ഓർമിച്ചു.
ഏറ്റവും മികച്ച ഗുണമേന്മയുള്ള ഇറക്കുമതി ചെയ്ത ബ്രിട്ടീഷ് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് മേളയുടെ ഭാഗമായി ഒരുക്കിയത്. ചീസുകൾ, ഫ്രീസ് പാക്ക്ഡ് ബെറികൾ, ചായ, പാൽ, തൈര്, സ്പെഷാലിറ്റി ബ്രെഡുകൾ എന്നിവ ഖത്തറിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റിലും ലഭ്യമാണ്.
പടിഞ്ഞാർ ലോകത്തിന്റെ ഭക്ഷ്യരീതികളും സംസ്കാരങ്ങളും ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കുമെല്ലാം പരിചയപ്പെടാനുള്ള അവസരം കൂടിയാണ് ലുലു ഹൈപ്പർമാർക്കറ്റിലെ ബ്രിട്ടീഷ് ഫുഡ് മേള. ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികൾ, പാൽ, ബേക്കറി, മത്സ്യം, ഭക്ഷണ പദാർഥങ്ങൾ, സൗന്ദര്യ-ആരോഗ്യ ഉൽപന്നങ്ങൾ തുടങ്ങിയവയെല്ലം ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.