ലുലു ഹൈപർ മാർക്കറ്റുകളിലെ ‘ആസ്ട്രേലിയൻ വീക് 2022’ ഫെസ്റ്റിന് തുടക്കംകുറിച്ച് അംബാസഡർ ജൊനാഥൻ മിർ കേക്ക് മുറിക്കുന്നു. ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് സമീപം
ദോഹ: ആസ്ട്രേലിയൻ ഉൽപന്നങ്ങളുടെ വിപുല ശേഖരവുമായി ലുലു ഹൈപർ മാർക്കറ്റിൽ 'ആസ്ട്രേലിയൻ വീക് 2022'ന് തുടക്കം. ആസ്ട്രേലിയൻ എംബസിയുടെ വാണിജ്യവിഭാഗമായ 'ഓസ്ട്രേഡുമായി സഹകരിച്ചാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപണനോത്സവത്തിന് തുടക്കമായത്. അബു സിദ്രയിലെ ലുലു ഹൈപർ മാർക്കറ്റിൽ ഖത്തറിലെ ആസ്ട്രേലിയൻ അംബാസഡർ ജൊനാഥൻ മിർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, ഓസ്ട്രേഡ് ഉദ്യോഗസ്ഥർ, ഖത്തറിലെ ആസ്ട്രേലിയൻ ബിസിനസ് ഗ്രൂപ് മേധാവികൾ എന്നിവർ പങ്കെടുത്തു. 2018 മുതൽ നടക്കുന്ന ആസ്ട്രേലിയൻ ഫെസ്റ്റിവലിന്റെ തുടർച്ചയായാണ് ഒരാഴ്ചത്തെ വിപണനമേളക്ക് തുടക്കംകുറിച്ചത്.
ആസ്ട്രേലിയൻ ഉൽപന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനും പരിചയപ്പെടാനുമുള്ള വേദിയായി ലുലുവിലെ 'ആസ്ട്രേലിയൻ വീക് 2022' മാറുമെന്ന് അംബാസഡർ പറഞ്ഞു. വിവിധ തേൻ ഉൽപന്നങ്ങൾ, മാങ്ങ, ആസ്ട്രേലിയൻ ഇറച്ചി, ഫ്രഷ് ജ്യൂസ്, പഴം, പച്ചക്കറി ഉൽപന്നങ്ങൾ തുടങ്ങിയ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. ആസ്ട്രേലിയൻ ഉൽപന്നങ്ങൾ ഖത്തറിലെ വിപുലമായ വിപണിയിലെത്തിക്കാൻ ലുലു ഗ്രൂപ് മികച്ച പ്ലാറ്റ്ഫോമാണ് ഒരുക്കുന്നതെന്നും അംബാസഡർ മിർ പറഞ്ഞു.
ചൈനയും അമേരിക്കയും കഴിഞ്ഞാൽ ആസ്ട്രേലിയൻ ലാംബിന്റെ ഏറ്റവും വലിയ വിപണിയാണ് ഖത്തറെന്നും എറ്റവും മികച്ച വിതരണ ശൃംഖല അതിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും മികച്ച ആരോഗ്യകരമായ ഉൽപന്നങ്ങളുടെ കേന്ദ്രമാണ് ആസ്ട്രേലിയയെന്ന് ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ആസ്ട്രേലിയയിൽനിന്ന് നിരവധി ഉൽപന്നങ്ങളാണ് ലുലു ഇറക്കുമതി ചെയ്യുന്നത്. ഇത് പരിഗണിച്ച് ലുലുവിന്റെ പ്രത്യേക കയറ്റുമതി കേന്ദ്രം ആസ്ട്രേലിയയിൽ ആരംഭിക്കാൻ ലുലു ആസൂത്രണം ചെയ്യുന്നതായും കർഷകർ, ഫാം, ഉൽപാദകർ എന്നിവരിൽനിന്ന് നേരിട്ട് ഉൽപന്നങ്ങൾ വാങ്ങാൻ ഇതുവഴി കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.