ദോഹ: ഇനി വാഹനങ്ങളുമായി റോഡിലിറങ്ങുന്നവർ ശ്രദ്ധിച്ചാൽ നല്ലത്. ഡ്രൈവിങ് സീറ്റിലിരിക്കുന്നവർ റോഡിലെ റഡാർ കണ്ണുകളുടെ നിരീക്ഷണത്തിലാണ്. സീറ്റ് ബെൽറ്റ് ധരിക്കാതെയും മൊബൈൽ ഫോണിൽ സംസാരിച്ചും വാഹനമോടിച്ചാൽ പിഴയും തക്കതായ ശിക്ഷയും നിങ്ങളെ തേടിയെത്തും. വാഹനമോടിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള റഡാർ നിരീക്ഷണ സംവിധാനങ്ങൾ എല്ലായിടങ്ങളിലും സ്ഥാപിച്ചതായും സെപ്റ്റംബർ മൂന്നു മുതൽ ഇവ പ്രവർത്തനക്ഷമമാവുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. രാത്രിയിലും പകൽവെളിച്ചത്തിലും ഒരുപോലെ റോഡ് നിരീക്ഷണത്തിന് ശേഷിയുള്ള കാമറകളോടെയാണ് ഓട്ടോമേറ്റഡ് റഡാറുകൾ സ്ഥാപിച്ചത്. വാഹനങ്ങൾക്കുള്ളിൽ ഡ്രൈവർമാരുടെ ചെറിയ നിയമലംഘനങ്ങൾപോലും തിരിച്ചറിയാനും കണ്ടെത്താനും കഴിയുന്ന തരത്തിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ട്രാഫിക് വിഭാഗം നിരന്തര മുന്നറിയിപ്പുകൾ നൽകാറുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയും റോഡുകളിലെ ബോർഡുകളിൽ സന്ദേശങ്ങൾ നൽകിയും ഇക്കാര്യം എപ്പോഴും ബോധവത്കരിക്കുകയും ചെയ്യുന്നു. എങ്കിലും, മൊബൈൽ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നത് പതിവു കാഴ്ചയാണ്. ഇനി ഇത്തരം നിയമലംഘനങ്ങൾ റോഡുകളിലെ റഡാറുകൾ കൃത്യമായി ഒപ്പിയെടുക്കുകയും അധികൃതർക്ക് കൈമാറുകയും ചെയ്യും. അതുപോലെയാണ് സീറ്റ് ബെൽറ്റുകളുടെ കാര്യത്തിലുമുള്ളത്. റോഡ് സുരക്ഷയുടെ ഏറ്റവും പ്രധാന ഘടകമായ സീറ്റ് ബെൽറ്റ് ഡ്രൈവർമാരും യാത്രക്കാരും ഉൾപ്പെടെ മുഴുവൻ പേരും ധരിക്കണം.
എക്സ്പ്രസ് ഹൈവേകളും പ്രധാന റിങ് റോഡുകളും ഉൾപ്പെടെ അതിവേഗത്തിൽ പായുന്ന റോഡുകളിൽ അപകട സാധ്യത കുറക്കുന്നതിൽ സീറ്റ് ബെൽറ്റ് അണിയുന്നത് നിർണായകമാണ്. ഇത്തരം അപകടങ്ങൾ കുറക്കുന്നതിന്റെ കൂടി ഭാഗമാണ് മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കുന്നതും നിരീക്ഷിക്കാൻ ഓട്ടോമേറ്റഡ് റഡാർ, കാമറ തുടങ്ങിയ സംവിധാനങ്ങൾ സജ്ജമാക്കുന്നത്.കഴിഞ്ഞ വർഷംതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ റഡാറുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാക്കിയിരുന്നു. മൊബൈൽ, സീറ്റ് ബെൽറ്റ് എന്നിവക്ക് പുറമെ അമിതവേഗവും ഇവ കണ്ടെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.